ലഹരിക്കെതിരെ രമേശ് ചെന്നിത്തലയുടെനേതൃത്വത്തിൽ കണ്ണൂരിൽ 19ന്സമൂഹ നടത്തം
കണ്ണൂർ: കേരളത്തിൽ പടരുന്ന മാരകമായ രാസലഹരിക്കെതിരേ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കണ്ണൂർ നഗരത്തിൽ സമൂഹ നടത്തം സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡൻ്റ് മാർട്ടിൻ ജോർജ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാന വ്യാപകമായി 'പ്രൗഡ് കേരള' എന്ന സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സമൂഹ നടത്തം - വാക്ക് എഗെ ന്സ്റ്റ് ഡ്രഗ്സെന്ന പേരിൽ സംഘടിപ്പിക്കുന്നത്..
ഈ മാസം 19 ന് രാവിലെ 6.15 മണിക്ക് കണ്ണൂർ വിളക്കുംതറ പ്രഭാത് ജംഗ്ഷന് സമീപത്തു നിന്നും ആരംഭിച്ച്, കലക്ട്രേറ്റിനടുത്ത് ഗാന്ധിപാർക്കിലെത്തി ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്യും വാക്കത്തോണിൽ ജനപ്രതിനിധികൾ,വിദ്യാർഥികൾ, യുവജനങ്ങൾ, സന്നദ്ധ സംഘടനകൾ, മദ്യവിരുദ്ധ- ലഹരിവിരുദ്ധ സംഘടനകളുടെ പ്രതിനിധികൾ, സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖർ, ആത്മീയ നേതാക്കൾ, കായിക താരങ്ങൾ, തുടങ്ങിയവർ പങ്കെടുക്കുമെന്ന് മാർട്ടിൻ ജോർജ് അറിയിച്ചു.
സമൂഹത്തിന്റെ നാനാതുറയിൽ പെട്ടവർ ഈ രാസലഹരിയുടെ വലയത്തിൽ പെട്ടു നശിക്കുകയാണ്. ഈ മഹാവിപത്തിനെ ചെറുക്കാൻ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവിഭാഗത്തിൽപ്പെട്ട ജനങ്ങളെയും അണിനിരത്തി ശക്തമായ ഒരു ജനകീയ പ്രതിരോധം തീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഈ ജനകീയ മുന്നേറ്റം സംഘടിപ്പിയ്ക്കുന്നത്.
പ്രൗഡ് കേരളയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,പത്തനംതിട്ട, കാസർകോട്, മലപ്പുറം, തൃശൂർ ജില്ലാ ആസ്ഥാനങ്ങളിൽ രമേശ് ചെന്നിത്തല നയിച്ച സമൂഹ നടത്തത്തിന്റെ തുടർച്ചയാണിത്. സാമൂഹിക തിന്മകൾക്കും വെല്ലുവിളികൾക്കുമെതിരെ ബോധവൽക്കരണത്തിനായി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ രൂപം കൊണ്ട രാഷ്ട്രീയ രഹിത ജനമുന്നേറ്റമാണ് പ്രൗഡ് കേരള മൂവ്‌മെന്റ്.
കഴിഞ്ഞ മാർച്ചിൽ നിയമസഭയിൽ വെളിപ്പെടുത്തപ്പെട്ട കണക്കനുസരിച്ച് 18 വയസിൽ താഴെ പ്രായമുള്ള 588 കുട്ടികളെയാണ് സംസ്ഥാന ഡി അഡിക്ഷൻ സെന്ററിൽ ലഹരിമുക്തി ചികിത്സയ്ക്കു വിധേയരാക്കിയത്. 2024ൽ 2,880 കുട്ടികൾ സർക്കാർ കേന്ദ്രങ്ങളിൽ മാത്രം ലഹരിവിമുക്ത ചികിത്സയ്ക്കു വിധേയരായി. ഇത് 2023നെക്കാൾ 45 ശതമാനം അധികമാണ്. കുട്ടികൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗത്തിന്റെ പേടിപ്പിക്കുന്ന കണക്കാണിത്.ഇന്നത്തെ യുവജന സമൂഹത്തെ ലഹരിക്ക് അടിമകളാക്കി നമ്മുടെ നാടിനെ തകർക്കുകയാണ് ലഹരിമാഫിയയുടെ ലക്ഷ്യം. നേരത്തേ മുംബൈയിലും ഗോവയിലും വേരുറപ്പിച്ചിരുന്ന സംഘമാണ് ഇപ്പോൾ കേരളത്തിലേക്ക് ചുവടു മാറ്റുന്നത്. ഇതിനെതിരേ ശക്തമായ ജനമുന്നേറ്റം നടത്തേണ്ടതിലേക്കു വിരൽ ചൂണ്ടുകയാണ് പ്രൗഡ് കേരള മൂവ്‌മെന്റ് നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ പോരാട്ടങ്ങൾ. രാഷ്ട്രീയത്തിനതീതമായി മുഴുവൻ ജനവിഭാഗങ്ങളുടെയും പിന്തുണയും പ്രോത്സാഹനവും ഈ സദുദ്യമത്തിനുണ്ടാകണമെന്നും മയക്കുമരുന്ന് വ്യാപനത്തിനെതിരെ എല്ലാ പ്രസ്ഥാനങ്ങളും സംഘടനകളും കൈകോർക്കണമെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് നേതാക്കളായ സുരേഷ് ബാബു എളയാവൂർ, കെ. പ്രമോദ്, സി.ജയകൃഷ്ണൻ,രാഹുൽ കായക്കൂൽ, എം.പി മോഹനൻ ' എന്നിവരും പങ്കെടുത്തു.

Comments
Post a Comment