രാപകൽ മെയ്യുരുക്കി ജീവിതം പടുത്തുയർത്തിയവർ; സാർവദേശീയ തൊഴിലാളി ദിനം ഓർമ്മിപ്പിക്കുന്നത് വരാനിരിക്കുന്ന ഇന്ത്യയിലെ തൊഴിലാളി വർഗത്തിൻ്റെ പോരാട്ടങ്ങളെ
കണ്ണൂർ:സർവരാജ്യ തൊഴിലാളികളെ സംഘടിക്കുവിനെ മുദ്രാവാക്യവുമായി ഷിക്കാഗോയിലെ തൊഴിലാളി സമരത്തിന് 140 വർഷം തികയുമ്പോൾ ഇന്ത്യയിലെ അധ്വാന വർഗം വലിയ ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിലാണ്. ലോകം ഇന്ന് തൊഴിലാളി ദിനം ആഘോഷിക്കുമ്പോൾ സമരമുഖത്താണ് ഇന്ത്യൻ തൊഴിലാളി വർഗം. കോർപറേറ്റുകൾക്ക് പൂർണമായും കീഴടങ്ങിയുള്ള നാല് തൊഴിൽ കോഡുകൾ കേന്ദ്രസർക്കാർ അടിച്ചേൽപ്പിച്ച ശേഷമുള്ള ആദ്യ മെയ്ദിനമാണ് കടന്നുപോകുന്നത്. ഉറച്ച പോരാട്ട വീര്യത്തോടെ മിനിമം വേതന വർധനവിന് വേണ്ടിയുള്ള സമരമുഖങ്ങൾ പ്രക്ഷുബ്ധമാവുകയാണ്. വർഗ സമരം കൂടുതൽ പടർന്നാൽ ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെ ഏറ്റവും വലിയ ഉയർത്തെഴുന്നേൽപ്പിനാവും ലോകം സാക്ഷിയാവുക. മിനിമം വേതനം അടക്കമുള്ള ന്യായമായ അവകാശങ്ങൾക്ക് വേണ്ടി തൊഴിലിടങ്ങളിൽ നിന്ന് തെരുവുകളിലേക്ക് ഇറങ്ങിയിരിക്കുകയാണ്. അവർ ഏപ്രിൽ 9 നു രാജ്യതലസ്ഥാനത്ത്, നോയിഡയിൽ വർഗീയ, കോർപറേറ്റ് ഭരണകൂടത്തിന്റെ മൂക്കിൻ തുമ്പത്ത് പ്രതിഷേധം അലയടിച്ചു. ഫാക്ടറികളും റോഡുകളും ഉപരോധിച്ചു തൊഴിലാളികൾ മുന്നേറി. തീവ്രവാദി ചാപ്പ കുത്തി ഉത്തർപ്രദേശ് പോലീസ്സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചു. അതൊരു തുടർച്ചയായിരുന്നു . രാജ്യത്തെ അസംതൃപ്തരായ തൊഴി...