മട്ടന്നൂരിൽ മൈ ഗോൾഡ് ജ്വല്ലറി ഉടമകൾ തട്ടിയത് 20 കോടിയിലേറെനിക്ഷേപകരുടെ പരാതി പ്രവാഹം തുടരുന്നു
മട്ടന്നൂർ : മട്ടന്നൂരിൽ കോടികളുടെ തട്ടിപ്പ് നടത്തി ജ്വല്ലറി ഉടമകൾ മുങ്ങിയ കേസിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. ജ്വല്ലറി ഉടമകൾ ഉൾപെടെ ആറു പേരാണ് കേസിലെ പ്രതികൾ.പഴയ സ്വർണം നിക്ഷേപിച്ചാൽ പണം ഈടാക്കാതെ അതേ തൂക്കത്തിന് പുതിയ സ്വർണം നൽകുമെന്നും ആഴ്ചയിലും മാസത്തിലുമായി നിശ്ചിത തുക നിക്ഷേപിച്ചാൽ മുൻകൂറായി സ്വർണാഭരണങ്ങൾ നൽകുമെന്നും വാഗ്ദാനം ചെയ്താണ് വ്യാപക തട്ടിപ്പ് നടത്തിയത്. മട്ടന്നൂർ-തലശേരി റോഡിലെ മൈ ഗോൾഡ് ജ്വല്ലറി പാർട്ണർമാരായ മുഴക്കുന്ന് സ്വദേശി തഫ്‌സീർ ഉൾപ്പടെ ആറു പേർക്കെതിരെയാണ് മട്ടന്നൂർ പൊലീസ് കേസെടുത്തത്.
രണ്ടു ദിവസത്തിനുള്ളിൽ മട്ടന്നൂർ സ്‌റ്റേഷനിൽ 56 പരാതികളാണ് ലഭിച്ചത്. ഇതുവരെ ആറുകേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജ്വല്ലറി ഉടമകളായ പ്രതികൾ ഒളിവിലാണെന്നും ഇവർക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഉൾപ്പടെ പുറപ്പെടുവിച്ച് അന്വേഷണം ഊർജിതമാക്കുമെന്നും മട്ടന്നൂർ സിഐ എം അനിൽ പറഞ്ഞു.
സ്ഥാപനം ഏതാനും ദിവസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജ്വല്ലറിയിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. സിസിടിവി ക്യാമറകൾ അടക്കം പ്രതികൾ സ്ഥാപനത്തിൽ നിന്ന് മാറ്റിയെന്നും സി ഐ പറഞ്ഞു.
20 കോടി രൂപയുടെയെങ്കിലും തട്ടിപ്പ് നടന്നതായാണ് പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. മട്ടന്നൂരിലും തൃശ്ശൂരിലുമുള്ള ജ്വല്ലറികളിൽ നിന്ന് സ്വർണം വാങ്ങി പണം നൽകാതെ വഞ്ചിച്ചെന്നും പരാതിയുണ്ട്. 98 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവർ പരാതിയുമായി എത്തിയിട്ടുണ്ട്. കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കാനും പ്രതികളെ കണ്ടെത്താനുമുള്ള ശ്രമത്തിലാണ് പൊലീസ്.
20 കോടിയോളം രൂപയുടെ തട്ടിപ്പ് ജ്വല്ലറി ഉടമകൾ നടത്തിയത് ആസൂത്രിതമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. നിക്ഷേപം സ്വീകരിക്കൽ, പഴയ സ്വർണം വാങ്ങി പണംനൽകാതിരിക്കൽ, സമീപത്തെ ജ്വല്ലറികളിൽനിന്ന് സ്വർണം വാങ്ങിയിട്ട് പണമോ സ്വർണമോ തിരിച്ചു നൽകാതിരിക്കൽ, ഹോൾ സെയിൽ വിതരണക്കാർ എന്നിങ്ങനെ വിവിധങ്ങളായ വഴികളിലൂടെയാണ് മൈഗോൾഡ് ജ്വല്ലറി ഉടമകൾ തട്ടിപ്പ് നടത്തിയത്. പഴയ സ്വർണം നൽകി വഞ്ചിക്കപ്പെട്ടതിൽ ഭൂരിഭാഗവും സ്ത്രീകളാണ്. തൃശൂരിലെ ഒരു സ്ഥാപനത്തിൽനിന്ന് മൂന്നര കിലോ സ്വർണാഭരണങ്ങൾ വാങ്ങിയും വഞ്ചിച്ചു. ഓണത്തിനു മുമ്പ് കടയിലെ സ്വർണവും സിസിടിവി ക്യാമറയും അടക്കം ഉടമകൾ കൊണ്ടു പോയതാണ് തട്ടിപ്പ് ആസൂത്രിതമാണെന്ന് പൊലീസ് കരുതുന്നത്. കൂടുതൽ പരാതിക്കാർ വരും ദിവസങ്ങളിൽ പരാതികളുമായി മുന്നോട്ടുവരുമെന്ന കണക്ക് കൂട്ടലിലാണ് പൊലീസ്. മുഴുവൻ പരാതികളിലും ഒരുമാസത്തിനകം കേസെടുക്കുകയും എത്രയും വേഗം പ്രതികളെ കണ്ടെത്തുന്നതിനും അന്വേഷണം ഊർജിതമാക്കാനുമാണ് ശ്രമം നടത്തുന്നത്.

Comments
Post a Comment