സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ സംസ്ഥാന സമ്മേളനം 23 ന് കണ്ണൂരിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കണ്ണൂർ: സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ സംസ്ഥാന സമ്മേളനം 22,23 തീയതികളിൽ കണ്ണൂർ ചേംബർ ഹാളിൽ നടക്കും. 23ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.22 ന് തിങ്കളാഴ്ച വൈകിട്ട് ജനാധിപത്യം: പ്രതീക്ഷയും ആശങ്കയും എന്ന വിഷയത്തിൽ സെമിനാർ നടക്കും. മാധ്യമ വിദഗ്‌ധൻ ആർ. രാജഗോപാൽ വിഷയം അവതരിപ്പിക്കും. ന്യൂ ഇന്ത്യൻ എക്സ്പ്രസ് മുൻ റസിഡന്റ് എഡിറ്റർ എൻ. മാധവൻ കുട്ടി, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സെക്രട്ടറി സുരേഷ് എടപ്പാൾ, ബി.ജെ.പി ദേശീയ സമിതിയംഗം സി.കെ. പത്മനാഭൻ, മാധ്യമ പ്രവർത്തകൻ എംവി നികേഷ് കുമാർ എന്നിവർ പ്രഭാഷണം നടത്തും. എഴുത്തുകാരനും മാതൃഭൂമി മുൻ ന്യൂസ് എഡിറ്ററുമായ കെ.ജി. ജ്യോതിർഘോഷ് മോഡറേറ്ററാകും. 23 ന് രാവിലെ പയ്യാമ്പലത്ത് സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ളയുടെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തും. പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് എസ്.ആർ. ശക്തിധരൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ പ്രമുഖ വ്യക്‌തികളെയും നീറ്റ് പിജി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ഡോ. ഗ്രീഷ്‌മ ഗൗതമിനെയും ആദരിക്കും. ഇ.എം. രഞ്ചിത്ത് ബാബുവിന്റെ 'വാർത്താ പരിക്രമണം' പുസ്‌തക പ്രകാശനവും മുഖ്യമന്ത്രി നിർവഹിക്കും.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കണ്ണൂർ മേയർ മുസ്ലീഹ് മഠത്തിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ. രത്നകുമാരി എന്നിവർ മുഖ്യാതിഥി കളാകും. സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം അഡ്വ.പി. അജയകുമാർ, ജനതാദൾ എസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ദിവാകരൻ, സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരള സംസ്ഥാന വർക്കിങ് പ്രസിഡന്റ് കെ. ജനാർദനൻ നായർ എന്നിവർ സംസാരിക്കും.
വൈകിട്ട് നാലിന് സമാപന സമ്മേളനം കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യരക്ഷാധികാരിയും കെ.വി. സുമേഷ് എം.എൽ.എ ചെയർമാനുമായ സംഘാടക സമിതിയുടെ നേതൃത്വത്തിൽ നടത്തിവന്ന സമ്മേളന ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്.
പെൻഷൻ കുടിശ്ശിക, ഫെസ്റ്റിവൽ അല വൻസ്, മുതിർന്ന പത്രപ്രവർത്തകരുടെ ആരോഗ്യ സംരക്ഷണം തുടങ്ങിയ വിഷയങ്ങൾ സംഘടന ഉന്നയിക്കുന്നുണ്ട്.
വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി വർക്കിങ് ചെയർമാൻ ടി.പി. വിജയൻ, സംഘടക സമിതി വൈസ് ചെയർമാൻ ഡോ. ടി. പി. നാരായണൻ, ജനറൽ കൺവീനർ സി.പി. സുരേന്ദ്രൻ, കോഓഡിനേറ്റർ ഇ.എം. രഞ്ചിത്ത് ബാബു, ട്രഷറർ മുഹമ്മദ് മുണ്ടേരി, ഫുഡ് ആൻഡ് അക്കമൊഡേഷൻ കൺവീനർ ഹനീഫ കുരിക്കളകത്ത് എന്നിവർ സംബന്ധിച്ചു.

Comments
Post a Comment