വിജയ് യുടെ റാലിയിൽ തിക്കും തിരക്കും : 31 പേർ മരിച്ചു

 


ചെന്നൈ: തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം കൂടുന്നു. ഇതുവരെ 31 പേർ മരിച്ചതായി കരൂർ മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു. മരിച്ചവരിൽ 6 കുട്ടികളും 10 സ്ത്രീകളും 9 പുരുഷന്മാരും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്. 40 പേർ അതീവ ഗുരുതരാവസ്ഥയിലാണ്. കുഴഞ്ഞുവീണ മൂന്ന് കുട്ടികളെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ. തിക്കിലും തിരക്കിലും പെട്ട് ആളുകൾ കുഴഞ്ഞുവീഴുകയായിരുന്നു. വിജയ്‌യുടെ കരൂർ റാലിയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. സംഭവത്തെ തുടർന്ന് വി‍ജയ് പ്രസം​ഗം പൂർത്തിയാക്കാതെ കാരവാനിലേക്ക് മടങ്ങി. സംഭവത്തിൽ വിജയ്ക്കെതിരെ കേസെടുക്കാനാണ് സാധ്യത. സെന്തിൽ ബാലാജി കരൂർ ആശുപത്രിയിലെത്തിയിട്ടുണ്ട്. ആരോഗ്യ മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ക്രമസമാധന ചുമതലയുള്ള എഡിജിപിയും കരൂരിലെത്തി. തിക്കിലും തിരക്കിലും പെട്ട് പലരും കുഴഞ്ഞുവീഴുന്നതിനാൽ പ്രസം​ഗത്തിനിടെ വിജയ് ടിവികെ നേതാക്കളോട് ആംബുലൻസ് വിളിക്കാൻ ആവശ്യപ്പെട്ടിരുന്നു. വിജയ് ഇടയ്ക്ക് ആൾക്കൂട്ടത്തിലേക്ക് വെള്ളക്കുപ്പികളും എറിഞ്ഞു കൊടുത്തിരുന്നു. ജനക്കൂട്ടം നിയന്ത്രണാതീതം ആയതോടെ പൊലീസിന്റെ സഹായം ആവശ്യപ്പെട്ട വിജയ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ് നടത്തുന്ന സംസ്ഥാനതല പ്രചാരണത്തിന്റെ ഭാഗമായിരുന്നു കരൂരിലെ റാലി. കനത്ത തിരക്കിനെ തുടർന്ന് നിരവധി പേർ ബോധരഹിതരായതോടെ വിജയ്ക്ക് താൽക്കാലികമായി പ്രസംഗം നിർത്തേണ്ടി വന്നു. ജനാവലി വർധിക്കുകയും തിക്കും തിരക്കും കൂടുകയും ചെയ്തതോടെയാണ് പാർട്ടി പ്രവർത്തകരും കുട്ടികളും ബോധക്ഷയം വന്ന് കുഴഞ്ഞുവീണത്. ഇതോടെ വിജയ് പ്രസംഗം നിർത്തിവെച്ച്, ആളുകളോട് ശാന്തരാകാൻ ആവശ്യപ്പെടുകയും, ആവശ്യപ്പെട്ടവർക്ക് സഹായം എത്തിക്കാൻ ആംബുലൻസുകൾക്ക് വഴി നൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ഈ ആശയക്കുഴപ്പങ്ങൾക്കിടയിൽ, ഒമ്പത് വയസ്സുകാരിയായ ഒരു പെൺകുട്ടിയെ കാണാതായതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തുടർന്ന്, കുട്ടിയെ കണ്ടെത്താൻ സഹായം നൽകണമെന്ന് പൊലീസിനോടും പ്രവർത്തകരോടും വിജയ് പരസ്യമായി അഭ്യർത്ഥിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം