അഞ്ചരക്കണ്ടി സ്കൂളിൽ ഫ്രീ ഫാലസ്തീൻ ജഴ്സി അണിഞ്ഞുള്ള കോൽക്കളി തടഞ്ഞ സംഭവം സോഷ്യൽ മീഡിയയിൽ വിവാദങ്ങൾക്ക് ചൂടുപിടിക്കുന്നു
അഞ്ചരക്കണ്ടി : അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ ഫ്രീ ഫാലസ്തിനെന്ന ടീ ഷർട്ടുധരിച്ചു കൊണ്ടു വിദ്യാർത്ഥികൾ കോൽക്കളി അവതരിപ്പിക്കുന്നത് അധ്യാപകർ തടഞ്ഞത് വിവാദമാകുന്നു. മത്സരം ആരംഭിക്കുന്നതിന് മുൻപ് അണിയറയിൽ വിദ്യാർത്ഥികളെത്തിപ്പോഴാണ് അധ്യാപകർ തടഞ്ഞത്. സ്കൂൾ കലോത്സവ മാന്വലിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. വിദ്യാർത്ഥികൾക്ക് അവസരം നിഷേധിച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.യു എം.എസ്.എഫ് സംഘടനകൾ സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. അധ്യാപകരുടെ ഇത്തരം നടപടികൾ ജനാധിപത്യവിരുദ്ധമാണെന്ന് എസ്.എഫ്.ഐ അഞ്ചരക്കണ്ടി ഏരിയാ ഭാരവാഹികൾ ആരോപിച്ചു. സി.പി.എം നിയന്ത്രിക്കുന്ന സ്കൂൾ മാനേജ്മെൻ്റിനെതിരെയാണ് പ്രതിഷേധവുമായി എസ്.എഫ്.ഐ രംഗത്തുവന്നത്. ഇത് സി.പി.എം അനുകൂല അധ്യാപക സംഘടനയിൽ വിയോജിപ്പുണ്ടാക്കിയിട്ടുണ്ട്. സംഭവം സോഷ്യൽ മീഡിയയിലും ചൂടേറിയ ചർച്ചയ്ക്കിടയാക്കിയിട്ടുണ്ട്. എന്നാൽ സ്കൂൾ കലോത്സവ മാന്വലിന് വിരുദ്ധമായതുകൊണ്ടാണ് കോൽക്കളി തടഞ്ഞതെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. കോൽക്കളി പോലുള്ള കലകൾ പരമ്പരാഗതമായ വേഷം ധരിച്ചു വേണം അവതരിപ്പിക്കാൻ. ഒരു ടീം ഫലസ്തീൻടീഷർട്ടും മറ്റു ടീമുകൾ ചെ ഗുവേരയുടെയും ഭാരതാംബയുടെയും ടീഷർട്ടുകൾ ധരിച്ചു അവതരിപ്പിക്കാൻ അനുവദിക്കാൻ കഴിയില്ല. നാടകത്തിൽ രാഷ്ട്രീയം പറയാമെങ്കിലും തിരുവാതിര ചുവപ്പ് സാരി ധരിച്ചു അവതരിപ്പിക്കാൻ അനുവദിക്കാൻ കഴിയില്ലെന്നുമാണ് സ്കൂൾ മാനേജ്മെൻ്റിനെ അനുകൂലിക്കുന്നവരുടെ വാദമുഖങ്ങൾ. സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയാകുമ്പോഴും മുഖ്യധാരാ പാർട്ടികളും അധ്യാപക സംഘടനകളും ഇതുവരെ പ്രതികരിച്ചിട്ടില്ല.

Comments
Post a Comment