കണ്ണൂരിലെ പി.എസ്.സി പരീക്ഷയിലെ ഹൈടെക് കോപ്പിയടി: സഹദിനെ സഹായിച്ചവർക്കായി പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി
കണ്ണൂർ : കണ്ണൂരിലെ പയ്യാമ്പലത്തെ പരീക്ഷാ സെൻ്ററിൽ നിന്നും ചെറിയ ക്യാമറ ഉപയോഗിച്ചു യുവാവ് പി. എസ്. സി പരീക്ഷയിൽ ഹൈടെക് സംവിധാനങ്ങളോടെ കോപ്പിയടിച്ച സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. പരീക്ഷാ സെൻ്ററിന് പുറത്തു നിന്നും മൊബൈൽ ഫോൺ വഴി യുവാവിന് ഉത്തരങ്ങൾ പറഞ്ഞു കൊടുത്തയാൾക്കു വേണ്ടിയാണ് പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയത്. കണ്ണൂർ പയ്യാമ്പലം ഗേൾ സ് ഹയർ സെക്കൻഡറി സ്കൂളിൽ ശനിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം. കണ്ണൂർ പെരളശേരി സ്വദേശി പി. മുഹമ്മദ് സഹദാ (27) ണ് പി.എസ്.സി വിജിലൻസ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ കുടുങ്ങിയത്. ഷർട്ടിൻ്റെ കോളറിന് സമീപം വളരെ ചെറിയ ക്യാമറ ഉപയോഗിച്ചു ചോദ്യ പേപ്പറിലെ ചോദ്യങ്ങൾ മറ്റൊരാൾക്ക് അയച്ചു കൊടുത്തു ചെവിയിൽ തിരുകി വെച്ച ഇയർഫോൺ വഴിയാണ് ഉത്തരങ്ങൾ കേട്ട് ഇയാൾ എഴുതിയിരുന്നത്. നേരത്തെ സഹദിനെ കുറിച്ചു പി. എസ്. സി വിജിലൻസ് സ് ക്വാഡിന് സംശയങ്ങളുണ്ടായിരുന്നു. രഹസ്യ വിവരമനുസരിച്ചാണ് റെയ്ഡ് നടത്തിയത്. സ്ക്വാഡ് പിടികൂടാൻ ശ്രമിച്ചപ്പോൾ പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ കണ്ണൂർ ടൗൺ പൊലിസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടെരിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊബൈൽ ഫോൺ,ക്യാമറ, ഇയർഫോൺ എന്നിവ പൊലിസ് പിടികൂടിയിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും ബാഹ്യ സഹായം ലഭിച്ചിട്ടുണ്ടെന്ന് പൊലിസിന് വ്യക്തമായിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമം നടത്തിവരികയാണെന്ന് പൊലിസ് അറിയിച്ചു.സഹദ്നേരത്തെ എഴുതിയ പരീക്ഷകളെ കുറിച്ചു പി. എസ്. സി അന്വേഷണമാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 30 ന് എഴുതിയ പരീക്ഷകൾ ഉൾപ്പെടെ മുഴുവൻ പരിശോധിക്കും. സഹദിനെ ഡീബാർ ചെയ്യാനാണ് തീരുമാനം. പ്രതിയെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം കണ്ണൂർ കോടതിയിൽ ഹാജരാക്കും.

Comments
Post a Comment