ഗോഡ്സേയുടെ പിന്മുറക്കാരെന്ന് ബി ജെ പി തെളിയിക്കുന്നു: അഡ്വ. മാർട്ടിൻ ജോർജ്
കണ്ണൂർ: രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്ന് പരസ്യമായി ടെലിവിഷൻ ചാനലിൽ വന്നിരുന്ന് പറഞ്ഞ ബി ജെ പി വക്താവ് തങ്ങൾ ഗോഡ്സെയുടെ യഥാർത്ഥ പിൻ മുറക്കാരാണെന്ന് ബോധ്യപ്പെടുത്തുകയാണെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്. രാജ്യത്തിന്റെ പ്രതിപക്ഷ നേതാവിനെതിരെ വധഭീഷണി മുഴക്കിയ ബിജെപി സംസ്ഥാന വക്താവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പരിപാടിയുടെ ജില്ലാതല ഉദ്‌ഘാടനം കണ്ണുരിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഭരണഘടനയ്ക്ക് നേരെയുള്ള വെല്ലുവിളിയാണ് ബി ജെ പി നടത്തുന്നത്. അത്യന്തം ഗുരുതരമായ ഒരു ക്രിമിനൽ കുറ്റകൃത്യത്തെ ലാഘവത്തോടെയാണ് പിണറായി വിജയൻ കൈകാര്യം ചെയ്യുന്ന കേരളത്തിലെ ആഭ്യന്തരവകുപ്പ് കണ്ടത്.രാഹുൽ ഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുണ്ട പായിക്കാനായി കാത്തിരിക്കുന്ന സംഘപരിവാറിന്റെ ഭീകര മുഖമാണ് ഒരിക്കൽക്കൂടി ഇവിടെ വെളിവാകുന്നത്. കൊലവിളി നടത്തിയിരിക്കുന്നത് ബിജെപിയുടെ സംസ്ഥാന വക്താവാണ്. മഹാത്മാവിന്റെ നെഞ്ചിലേക്ക് വെടിയുണ്ട പായിച്ച നാഥുറാം ഗോഡ്സെയുടെ മാനസിക നിലയിൽ നിന്ന് ഇന്നേവരെ കരകയറിയിട്ടില്ലാത്ത സംഘപരിവാറിന്റെ നാവാണ് ഇയാളെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു. രാഹുൽ ഗാന്ധിയെന്ന പ്രതിപക്ഷ നേതാവിനെ സംഘപരിവാർ വല്ലാതെ ഭയപ്പെടുകയാണ്. ആ ഭയത്തിൽ നിന്നാണ് ഇത്തരം ഭീഷണികൾ മുഴങ്ങുന്നത്. ഭരണഘടനയെ വെല്ലുവിളിച്ചുകൊണ്ട്, രാജ്യത്തിന്റെ നിയമ നിർവഹണ സംവിധാനത്തെ പരിഹസിച്ചുകൊണ്ട് ബിജെപി നേതാവ് നടത്തിയ കൊലവിളിയിൽ അടിയന്തരമായി കേസെടുക്കുന്നതിനു പകരം ആ കൊലവിളിക്ക് തുടർന്നും അനുവാദവും അംഗീകാരവും നൽകുക കൂടിയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്ന് മാർട്ടിൻ ജോർജ് ചൂണ്ടിക്കാട്ടി. സ്വമേധയാ കേസെടുക്കാൻ തയ്യാറാകാതിരുന്ന പൊലീസ്, പരാതി ലഭിച്ചിട്ടും നടപടികൾ വൈകിപ്പിച്ചത് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണോയെന്നും മാർട്ടിൻ ജോർജ് ചോദിച്ചു.കണ്ണൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കായക്കൽ രാഹുൽ അധ്യക്ഷത വഹിച്ചു നേതാക്കളായ അഡ്വ ടി ഒ മോഹനൻ ,വിവി പുരുഷോത്തമൻ ,രാജീവൻ എളയാവൂർ ,അമൃത രാമകൃഷ്ണൻ സി ടി ഗിരിജ ,നൗഷാദ് ബ്ലാത്തൂർ ,മണ്ഡലം പ്രസിഡന്റ് മാരായ വിനോദ് പുതുക്കുടി ,കെ. വി ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഷിബു ഫാർണാഡസ്, രാജേഷ് ആയിക്കര, ഗിരീശൻ നാമത്ത്, ബിജു രാമകൃഷ്ണൻ, എം പി ജോർജ് എന്നിവർ നേതൃത്വം നൽകി.പ്രതിഷേധ പരിപാടി ജില്ലയിലെ മുഴുവൻ ബ്ലോക്കുകളിലും നടന്നു.

Comments
Post a Comment