സമരം ചെയ്തതിന് ജയിലിൽ പോകേണ്ടി വന്നാൽ പോകുംകോടതിയലക്ഷ്യ കേസിൽ ഹാജരാകുമെന്ന് എം.വി ജയരാജൻ
കണ്ണൂർ :കണ്ണൂരിൽ ദേശീയപാത കൈയ്യേറി ഗതാഗതം തടസപ്പെടുത്തിയെന്ന് ആരോപിച്ചുള്ള കോടതിയലക്ഷ്യ കേസിൽ ഒക്ടോബർ ആറിന് ഹൈക്കോടതിയിൽ ഹാജരാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി ജയരാജൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം സമരം ചെയ്തതതിന് ജയിലിൽ പോകേണ്ടി വന്നാൽ പോകുമെന്നും അതിൽ ഭയമില്ലെന്നും ജയരാജൻ പ്രതികരിച്ചു. അന്നേ ദിവസം ഹാജരാകണമെന്ന് ആവശ്യപ്പെട്ടു അന്നത്തെ കണ്ണൂർ ജില്ലാ സെക്രട്ടറിയായഎം.വി ജയരാജന് പുറമേ സമരം ഉദ്ഘാടനം ചെയ്ത സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ തുടങ്ങിയ നേതാക്കൾക്കെതിരെയാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. എർണാകുളം മരട് സ്വദേശി എൻ പ്രകാശ് സമർപ്പിച്ച കോടതിയലക്ഷ്യ ഹരജിയിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളികൃഷ്ണ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരി 25ന് കണ്ണൂരിലെ കാർഗി ൽ യുദ്ധസ്മാരക - യോഗശാല റോഡിൽ ഹെഡ് പോസ്റ്റ് ഓഫിസിന് സമീപം വാഹനഗതാഗതവും കാൽനടയാത്രയും തടസപ്പെടുത്തുന്ന വിധത്തിൽ ദേശീയപാത കൈയ്യേറി പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്ന വിധത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചുവെന്നാണ് പ്രകാശ് കോടതിയിൽ സമർപിച്ച ഹരജി. റോഡുകളിലും നടപ്പാതകളിലും പൊതുയോഗങ്ങൾ പ്രതിഷേധ ധർണകൾ എന്നിവ നിരോധിച്ച സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും മുൻവിധികളുടെ ലംഘനമാണിതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സി.പി.എം പ്രതിഷേധ ഉപരോധ സമരത്തിൻ്റെ രേഖകളും ചാനലുകളിൽ വന്ന വീഡിയോ ദൃശ്യങ്ങളും പരിശോധിച്ച ഹൈക്കോടതി ഇപി ജയരാജൻ, പി. ജയരാജൻ,എം. വി ജയരാജൻ, കെ.വി സുമേഷ് എം.എൽ.എ, കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ പി. നിധിൻ രാജ് അന്നത്തെ കണ്ണൂർ ടൗൺ സ്റ്റേഷൻ എസ്.എച്ച്.ഒബിനുമോഹൻ എന്നിവർക്ക് ഒക്ടോബർ ആറിന് ഉച്ചയ്ക്ക് കോടതിയിൽ ഹാജരാകാൻ നിർദ്ദേശിച്ചു കൊണ്ടുനോട്ടീസ് അയക്കുകയായിരുന്നു. അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന ശാരദ മുരളിധരൻ, അന്നത്തെ സംസ്ഥാന പൊലിസ് മേധാവിയായിരുന്ന ഷെയ്ഖ് ദർവേഷ് സാഹിബ് എന്നിവർക്ക് നോട്ടിസ് അയച്ചുവെങ്കിലും നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കി. 2024 ഡിസംബറിൽ തിരുവനന്തപുരം വഞ്ചിയൂരിൽ പാർട്ടി സമ്മേളന പരിപാടിക്കായി റോഡിന് കുറുകെ പൊതുസമ്മേളന വേദി നിർമ്മിച്ചതിന് ഇതേ ഹരജിക്കാരൻ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നേരിട്ട് കോടതിയിൽ ഹാജരായിരുന്നു. ഈ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.

Comments
Post a Comment