കൊച്ചി മുസിരിസ് ബിനാലെയുടെ വേദിയെ ജൈവികമായ ആവാസ വ്യവസ്ഥയായി മാറ്റും:നിഖിൽ ചോപ്ര

 


കണ്ണൂർ: കാഴ്ചക്കാരെ കേവലം കാണികളാക്കാതെ അവരെ കൂടി പ്രദർശനത്തിന്റെ ഭാഗമാക്കുകയും, അങ്ങിനെ വളരെ ജൈവികമായ ഒരു ആവാസവ്യവസ്ഥയായി കൊച്ചി മുസിരിസ് ബിനാലെയുടെ വേദിയെ മാറ്റുകയും ചെയ്യുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന്  ബിനാലെയുടെ ക്യൂറേറ്ററും അന്താരാഷ്ട്ര പ്രശസ്തനായ മൾട്ടി ഡിസിപ്ലിനറി ആർട്ടിസ്റ്റുമായ നിഖിൽ ചോപ്ര പറഞ്ഞു. ബിനാലെയുടെ ആറാം പതിപ്പിന്റെ ഭാഗമായി കണ്ണൂരിലെ ഗാലറി ഏകാമിയുടെ ആഭിമുഖ്യത്തിൽ  മഹാത്മാ മന്ദിരത്തിൽ വെച്ച് നടന്ന സംവാദ പാരമ്പരയായ 'ലെറ്റ് അസ് ടോക്ക്' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകം വളരെ പ്രക്ഷുബ്ധമായ ഒരു ഘട്ടത്തിലൂടെ കടന്നുപോവുകയും, ചരിത്രവസ്തുതകൾ മാറ്റിയെഴുതപ്പെടുകയും ചെയ്യുന്ന ഈ ഘട്ടത്തിൽ ഓർമ്മകളെ തിരിച്ചുപിടിക്കുക എന്നൊരു ദൗത്യംകൂടി ഇതിനുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തവണത്തെ ബിനാലെയുടെ തീമായ 'ഫോർ ദി ടൈം ബീയിങ്' എന്നത് കേവലമായ താൽക്കാലികതയെ കുറിച്ചല്ല, മറിച്ച് അത് ഭൂതകാലത്തെയും ഭാവിയെയും ബന്ധിപ്പിക്കുന്ന ഒന്നാണെന്ന കാഴ്ചപ്പാടിൽ നിന്നാണ് അത് ഉരുത്തിരിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി എന്നത് പൗരാണിക കാലം മുതൽ തന്നെ ആഗോളതലത്തിൽ പല സംസ്കാരങ്ങളുടെയും കടന്നുവരവിന് സാക്ഷ്യം വഹിച്ച ഇടമാണെന്നും അതുകൊണ്ട് കൂടിയാണ് ഈ നഗരം ബിനാലെയുടെ വേദിയാകുന്നത് ഏറെ പ്രസക്തമാവുന്നതെന്നും നിഖിൽ ചോപ്ര പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരരും കലാകാര കൂട്ടായ്മകളും ഇത്തവണത്തെ ബിനാലെയിൽ പങ്കെടുക്കുന്നുണ്ട്.

എഴുത്തുകാരനും കലാനിരൂപകനുമായ പി. സുധാകരൻ ചർച്ചയും സംവാദവും മോഡറേറ്റ് ചെയ്തു.

ബിനാലെയുടെ ഭാഗമായി എല്ലാ ജില്ലകളിലും നടക്കുന്ന ഈ സംവാദ പരിപാടിയ്ക്ക് പുറമെ വിവിധ സ്ഥലങ്ങളിൽ മറ്റ് പല പരിപാടികളും സംഘടിപ്പിക്കാൻ പരിപാടിയുണ്ടെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ പ്രോഗ്രാം ഡയറക്ടറും ക്യൂറേറ്ററും എഴുത്തുകാരനുമായ മാരിയോ ഡിസൂസ പറഞ്ഞു.

ഇത്തവണ നിഖിലും മാരിയോയും കൂടി ഉൾപ്പെടുന്ന എച്ച് എച്ച് ആർട്ട് സ്പേസ് എന്ന കലാകാരക്കൂട്ടായ്മയുടെ കൂടി സഹകരണത്തോടെയാണ് ബിനാലെ ക്യൂറേറ്റ് ചെയ്യുന്നതെന്നും, അത് വിവിധ ആശയങ്ങളെ ഒരുമിച്ച് കൊണ്ടുവരുമെന്നും സംഘാടകർ പറഞ്ഞു. 2025 ഡിസംബർ 12 മുതൽ 2026 മാർച്ച് 31 വരെ കൊച്ചിയിൽ വെച്ചാണ് ആറാമത് കൊച്ചി-മുസിരിസ് ബിനാലെ നടക്കുക.

കൊച്ചി-മുസിരിസ് ബിനാലെയുടെ പ്രോഗ്രാം മാനേജരായ അനന്തൻ സുരേഷ്,  ഗാലറി ഏകാമി മാനേജിങ് പാർട്ണർ മഹേഷ് ഒറ്റച്ചാലിൽ, എന്നിവർക്ക് പുറമെ കണ്ണൂരിലെ പ്രമുഖ കലാകാരരും കലാസ്വാദകരും ചർച്ചയിൽ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം