മട്ടന്നൂരിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ മയക്കു വെടിവെച്ചു പിടികൂടിയ കാട്ടുപോത്തിനെ ആറളം വന്യജീവി സങ്കേതത്തിലേക്ക് വിട്ടയക്കും




കണ്ണൂർ :മട്ടന്നൂർ നഗരസഭാ മേഖലയെ വിറപ്പിച്ച കാട്ടുപോത്തിനെ ഒടുവിൽ കീഴടക്കി. ജനവാസ മേഖലയിലിറങ്ങിയ അക്രമകാരിയാവ കാട്ടുപോത്തിനെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ മയക്കുവെടി വച്ച്‌ പിടികൂടിയത്. മട്ടന്നൂർ ചിത്രാരിയിലെ റോഡരികില്‍ വെച്ചാണ് കാട്ടുപോത്തിനെ മയക്കുവെടി വെച്ചത്. ശനിയാഴ്ചഉച്ചയ്ക്ക് 12 മണിയോടെയാണ് കാട്ടുപോത്തിനെ മയക്കുവെടി വെച്ചു കീഴ്പ്പെടുത്തി പിടികൂടിയത്. ഈ മേഖലയിൽ കാട്ടുപോത്തിനെ കണ്ടുവെന്ന് പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന്കഴിഞ്ഞ ദിവസം തന്നെ വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയിരുന്നു. സമീപത്ത് വനപ്രദേശങ്ങളില്ലാത്തതിനാല്‍ പോത്തിനെ തുരത്താന്‍ കഴിഞ്ഞില്ല. ഇതെത്തുടര്‍ന്നാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതിയോടെ മയക്കുവെടിവച്ച്‌ പിടികൂടാന്‍ തീരുമാനിച്ചത്.വ്യാഴാഴ്ച രാത്രി മുതലാണ് മട്ടന്നൂര്‍ കിളിയങ്ങാട്, മേറ്റടി മേഖലകളില്‍ കാട്ടുപോത്തിനെ ആദ്യം കണ്ടത്. കിളിയങ്ങാട്, മേറ്റടി റോഡിലൂടെ നീങ്ങിയ കാട്ടുപോത്ത് വെള്ളിയാംപറമ്പില്‍ കിന്‍ഫ്ര പാര്‍ക്കിനായി ഏറ്റെടുത്ത സ്ഥലത്ത് നിലയുറപ്പിക്കുകയായിരുന്നു. കാട്ടുപോത്ത് ജനവാസ മേഖലയില്‍ ചുറ്റിത്തിരിഞ്ഞ സാഹചര്യത്തില്‍ കീഴല്ലൂര്‍ പഞ്ചായത്തിലെ 6,7 വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ മയക്കുവെടി വയ്ക്കാന്‍ ഉത്തരവ് വന്നതിനു പിന്നാലെ വൈകിട്ട് തന്നെ മയക്കുവെടി വെക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നുവെങ്കിലും രാത്രിയായതോടെ സാധിച്ചില്ല. ക്രെയിന്‍ ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയെങ്കിലും നേരം ഇരുട്ടിയതിനാല്‍ വെള്ളിയാഴ്ച്ചനിര്‍ത്തി വയ്ക്കുകയായിരുന്നു. കിളിയങ്ങാട് നിരമ്മലിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് കാട്ടുപോത്ത് വെള്ളിയാഴ്ച രാവിലെ ഉണ്ടായിരുന്നത്. ശനിയാഴ്ച രാവിലെ കാട്ടുപോത്ത് ചിത്രാരിയിലെത്തി. ഇവിടെ വെച്ചാണ് കാട്ടുപോത്തിനെ മയക്കുവെടി വച്ചത്.വെറ്ററിനറി ഡോക്ടര്‍ ഇല്യാസിന്റെയും വനം വകുപ്പ് അധികൃതരുടെയും സംഘമാണ് കാട്ടുപോത്തിനെ മയക്കുവെടി വച്ച്‌ പിടികൂടിയത്. പിടികൂടിയ കാട്ടുപോത്തിനെ ആരോഗ്യ സ്ഥിതി വിലയിരുത്തിയ ശേഷം ആറളം വന്യജീവി സങ്കേതത്തില്‍ വിടാനാണ് വനം വകുപ്പിന്റെ നീക്കം നടത്തുന്നത്. കോളയാട് കണ്ണവം വനമേഖലയിൽ നിന്നാണ് കാട്ടുപോത്ത് ഇറങ്ങിയതെന്നാണ് വിവരം. കണ്ണൂർ ജില്ലയുടെ വനപ്രദേശമായ കോളയാട് വനമേഖലയിൽ നിന്നും കാട്ടുപോത്തുകൾ കൂട്ടത്തോടെ ഇറങ്ങുന്നത് പതിവാണ്. ഇതു കാരണം പ്രദേശവാസികൾ ഭീതിയിലാണ്. കൂട്ടത്തോടെ ഇറങ്ങുന്ന കാട്ടുപോത്തുകളിൽ അക്രമകാരികളുമുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം