പാപ്പിനിശ്ശേരി, താവം മേൽപ്പാലങ്ങൾ വിദഗ്ധ സംഘം സന്ദർശിച്ചു; അപാകതകൾ അടിയന്തിരമായി പരിഹരിക്കും

 



പഴയങ്ങാടി :പാപ്പിനിശ്ശേരി-പിലാത്തറ കെഎസ്ടിപി റോഡിലെ പാപ്പിനിശ്ശേരി, താവം റെയിൽവേ മേൽപ്പാലങ്ങളിലെ അപാകതകൾ അടിയന്തിരമായി പരിഹരിക്കും. കെഎസ്ടിപി പ്രൊജക്റ്റ് ഡയറക്ടർ എം. അഞ്ജനയുടെ നേതൃത്വത്തിലുള്ള സംഘം രണ്ടു പാലങ്ങളിലും പരിശോധന നടത്തിയ ശേഷമാണ് തീരുമാനം.ജനങ്ങളുടെ ആശങ്ക പരിഹരിക്കാനുള്ള നടപടിയായിരിക്കും അടിയന്തിരമായി സ്വീകരിക്കുക. ഇത് സംബന്ധിച്ച റിപ്പോർട്ട് ഉടൻ സർക്കാരിന് സമർപ്പിക്കും. പാലക്കാട് ഐഐടി സംഘത്തിന്റെ പരിശോധന കൂടി നടത്തിയ ശേഷമേ ദീർഘകാല അടിസ്ഥാനത്തിലുള്ള നടപടികളിലേക്ക് കടക്കാനാകൂവെന്ന്  ഉദ്യോഗസ്ഥ സംഘത്തിനൊപ്പം പാലങ്ങൾ സന്ദർശിച്ച എംഎൽഎമാരായ കെ. വി. സുമേഷ്, എം. വിജിൻ എന്നിവർ പറഞ്ഞു.ശനിയാഴ്ച രാവിലെ 10 നാണ് ഉദ്യോഗസ്ഥർ പാപ്പിനിശ്ശേരി മേൽപ്പാലത്തിൽ പരിശോധന തുടങ്ങിയത്. പാലത്തിലെ കോൺക്രീറ്റ് ഇളകി ഗർത്തങ്ങളായ ഭാഗങ്ങളും രണ്ട് സ്ലാബുകൾക്കിടയിൽ കോൺക്രീറ്റ് പൊട്ടി എക്‌സ്പാൻഷൻ ജോയിൻറുകളിൽ കമ്പിപുറത്തേക്ക് തള്ളിനിൽക്കുന്ന ഭാഗങ്ങളും വിശദമായി പരിശോധിച്ചു. പാലത്തിന്റെ അടിഭാഗത്തും പരിശോധന നടത്തി. മേൽപ്പാലത്തിന്റെ സ്ഥിതി സംബന്ധിച്ച ആശങ്കകൾ പ്രദേശവാസികളും വ്യാപാരികളും ഉദ്യോഗസ്ഥരുമായി പങ്കുവെച്ചു. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് അടിയന്തിരമായി ചെയ്യാവുന്ന നടപടികളായിരിക്കും ഉണ്ടാവുകയെന്ന് എംഎൽഎമാർ ജനങ്ങൾക്ക് ഉറപ്പ് നൽകി. തുടർന്ന് താവം മേൽപ്പാലത്തിലും പരിശോധന നടന്നു.

പാപ്പിനിശ്ശേരി-പിലാത്തറ കെഎസ്ടിപി റോഡിലെ രണ്ട് റെയിൽവേ മേൽപ്പാലങ്ങളിലും തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന തകരാറുകൾ പരിശോധിക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.2013 ൽ ഭരണാനുമതി ലഭിച്ച പാപ്പിനിശ്ശേരി, പിലാത്തറ കെഎസ്ടിപി റോഡിന്റെ നവീകരണ പ്രവൃത്തിയുടെ ഭാഗമായാണ് പാപ്പിനിശ്ശേരിയിലും പഴയങ്ങാടി താവത്തും റെയിൽവേ മേൽപ്പാലങ്ങൾ പണിതത്. 2018 ലാണ് പ്രവൃത്തി പൂർത്തിയാകുന്നത്. മേൽപ്പാലങ്ങളിൽ തുടർച്ചയായി തകരാറുകൾ സംഭവിച്ചുകൊണ്ടിരിക്കുന്ന വിഷയം എംഎൽഎമാരായ കെ വി സുമേഷ്, എം വിജിൻ എന്നിവർ മന്ത്രിയുടെ ശ്രദ്ധയിൽക്കൊണ്ടുവരികയും തിരുവനന്തപുരത്ത് ഉന്നതതല  യോഗം ചേരുകയുമായിരുന്നു. പാലക്കാട് ഐഐടി സംഘം പരിശോധന നടത്തണമെന്ന് മന്ത്രി നിർദേശിച്ചിരുന്നു എന്നാൽ അടുത്ത ഘട്ടത്തിലായിരിക്കും ഐഐടി പരിശോധന.പൊതുമരാമത്ത് ചീഫ് എഞ്ചിനീയർ ഐസക് വർഗീസ്, കെഎച്ച്ആർഐ ഡെപ്യൂട്ടി ഡയറക്ടർ സോണി, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എസ്. ഷെമി, പി ഡബ്ല്യു ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കെ. ജിഷ, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എം.സജിത്ത്, എ ഇ സച്ചിൻ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ വി സുശീല, ചെറുകുന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി സജീവൻ എന്നിവരും എം എൽ എ മാർക്കൊപ്പമുണ്ടായിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം