തെരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടുകൾ വെട്ടിനിരത്തുന്നു ഗുരുതര ആരോപണവുമായി വീണ്ടും രാഹുൽ ഗാന്ധി
ഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ വാര്‍ത്താസമ്മേളനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. താന്‍ പറഞ്ഞ ഹൈഡ്രജന്‍ ബോംബ് അല്ല ഇതെന്ന് പറഞ്ഞായിരുന്നു രാഹുലിന്റെ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. വോട്ടര്‍ പട്ടികയില്‍ നിന്ന് ചില വിഭാഗങ്ങളുടെ പേര് വെട്ടുന്നതിനായി ദശലക്ഷകണക്കിന് ആളുകളെ വ്യവസ്ഥാപിതമായി ലക്ഷ്യം വെയ്ക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വോട്ട് കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
ചില വിഭാഗങ്ങളെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കെതിരെ തെളിവുകളുണ്ട്. 100 ശതമാനം ഉറപ്പ് ഉള്ളത് മാത്രമാണ് പറയുന്നത്. കര്‍ണാടകയില്‍ നിന്നുള്ള കൂടുതല്‍ തെളിവുകള്‍ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് എതിരായി താന്‍ ഒന്നും പറയുന്നില്ലെന്നും തെളിവുകളാണ് മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2023ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ അലന്ത് നിയമസഭാ മണ്ഡലത്തില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് വെട്ടാന്‍ നടത്തിയ നീക്കങ്ങളും രാഹുല്‍ ഗാന്ധി ഇതിന്റെ ഭാഗമായി ചൂണ്ടിക്കാണിച്ചു. അലന്തിൽ ആരോ 6018 വോട്ടുകള്‍ വെട്ടാന്‍ ശ്രമിച്ചുവെന്നാണ് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്. 'അലന്തിൽ എത്രവോട്ട് വെട്ടിയെന്നതില്‍ വ്യക്തതയില്ല. പക്ഷെ 6018 വോട്ടുകള്‍ വെട്ടിയത് പിടികൂടി. എല്ലാ കുറ്റകൃത്യങ്ങളും കണ്ടെത്തുന്നത് പോലെ യാദൃശ്ചികമായിട്ടായിരുന്നു ഇതും പിടികൂടിയത്. അമ്മാവന്റെ വോട്ട് വെട്ടിയതായി ബൂത്ത് ലെവല്‍ ഓഫീസര്‍ ശ്രദ്ധിച്ചു. ആരാണ് അമ്മാവന്റെ വോട്ട് വെട്ടിയതെന്ന് അവര്‍ പരിശോധിച്ചു. അയല്‍ക്കാരനാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് അമ്മാവന്റെ പേര് വെട്ടാന്‍ അപേക്ഷ നല്‍കിയതെന്ന് അവര്‍ മനസിലാക്കി. അയല്‍ക്കാരനോട് എന്തിനാണ് അമ്മാവന്റെ പേര് വെട്ടാന്‍ ശ്രമിച്ചതെന്ന് ചോദിച്ചപ്പോള്‍ അയാള്‍ക്ക് അതിനെക്കുറിച്ച് അറിയില്ലെന്നാണ് പറഞ്ഞത്. പേര് വെട്ടപ്പെട്ട ആളോ പേര് വെട്ടണമെന്ന് അപേക്ഷ നല്‍കിയ ആളോ അറിയാതെയാണ് പേര് വെട്ടപ്പെട്ടത്. ഈ നിലയില്‍ വോട്ടര്‍ പട്ടികയില്‍ പേര് വെട്ടുന്ന പ്രക്രിയ മറ്റാരോ ഹൈജാക്ക് ചെയ്തു', രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചു.
ആരോ കേന്ദ്രീകൃതമായ ഒരു ക്രിമിനല്‍ ഓപ്പറേഷന്‍ വോട്ട് കട്ടെടുക്കുന്നതിനായി ഉണ്ടാക്കിയിരുന്നുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇത്തരത്തിലുള്ള ഓപ്പറേഷനിലൂടെ അലന്ത് മണ്ഡലത്തില്‍ വോട്ടര്‍മാരുടെ പേരില്‍ ആള്‍മാറാട്ടം നടത്തി. 6018 വോട്ടുകള്‍ വെട്ടുന്നതിനായി അപേക്ഷ നല്‍കിയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. വോട്ട് വെട്ടുന്നതിനായി അപേക്ഷ നല്‍കിയ ആളുകളാരും ഈ നിലയില്‍ ഒരു അപേക്ഷ നല്‍കിയിരുന്നില്ലെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓണ്‍ലൈന്‍ ഫോമുകള്‍ ഉപയോഗിച്ച് സോഫ്റ്റ് വെയ റിന്റെ സഹായത്തോടെ അപേക്ഷകള്‍ ഓട്ടോമേറ്റഡായി ഫില്‍ ചെയ്യുകയായിരുന്നു. ഇതിനായി കര്‍ണാടകയ്ക്ക് വെളിയില്‍ നിന്ന് വ്യത്യസ്ത സംസ്ഥാനങ്ങളിലെ മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ചെന്നും കോണ്‍ഗ്രസിന് മേധാവിത്വമുള്ള ബൂത്തുകളിലെ വോട്ടുകളെ ലക്ഷ്യം വെച്ചാണ് ഇത് ചെയ്തതെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചു.
വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ടെന്നും വോട്ട് കൊളള നടത്തുന്നവരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംരക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോണ്‍ഗ്രസ് പാര്‍ട്ടി ജയിക്കുന്ന ബൂത്തുകളെ ലക്ഷ്യം വയ്ക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. 'കോണ്‍ഗ്രസ് വിജയിക്കാന്‍ സാധിക്കുന്ന മണ്ഡലത്തിലെ വോട്ട് വെട്ടാന്‍ ശ്രമിച്ചു. കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നവരെ ആസൂത്രിതമായി വെട്ടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇതിനായി ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ചു. ആരുടെ നമ്പറുകളാണ് ഇത്?' രാഹുല്‍ ഗാന്ധി പറഞ്ഞു. നീക്കിയ വോട്ടര്‍മാരെ വാര്‍ത്താ സമ്മേളനത്തിലെത്തിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. തന്റെ പേരില്‍ 12 പേരുടെ വോട്ടുകള്‍ വെട്ടിയെന്നും തന്റെ നമ്പര്‍ ദുരുപയോഗം ചെയ്തു എന്നും വോട്ടര്‍ വെളിപ്പെടുത്തി.
ഗോദാഭായി എന്ന വയോധികയുടെ പേരിൽ ആരോ വ്യാജ ലോഗ് ഇന്നുകൾ തയ്യാറാക്കിയെന്നും 12 വോട്ടുകൾ ഡിലീറ്റ് ചെയ്യുന്നതിനായി അപേക്ഷ നൽകിയെന്നും രാഹുൽ ഗാന്ധി തെളിവുകൾ ചൂണ്ടിക്കാണിച്ച് ആരോപണം ഉന്നയിച്ചു. ആലന്ദ് നിയമസഭാ മണ്ഡലത്തിലെ 37-ാം ബൂത്തിലെ വോട്ടറായ ഗോദാഭായിയെ ഉപയോഗിച്ച് അതേ ബൂത്തിലെ 12 പേരുടെ വോട്ടുകൾ വെട്ടാൻ ശ്രമിച്ചതിൻ്റെ തെളിവുകളാണ് രാഹുൽ ഗാന്ധി പുറത്ത് വിട്ടത്. തനിക്ക് ഇതിനെക്കുറിച്ച് യാതൊരു അറിവും ഇല്ലെന്ന് ഗോദാഭായി പ്രതികരിക്കുന്ന വീഡിയോയും വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി പ്രദർശിപ്പിച്ചു. പേര് വെട്ടുന്നതിനായി അപേക്ഷ നൽകാൻ ഉപയോഗിച്ച മൊബൈൽ ഫോൺ നമ്പറുകളും രാഹുൽ ഗാന്ധി പുറത്ത് വിട്ടു. ഈ മൊബൈൽ നമ്പറുകളെല്ലാം രാജ്യത്തെ വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നുള്ളതായിരുന്നുവെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ചു. ആരുടേതാണ് ഈ മൊബൈൽ നമ്പറുകൾ, എങ്ങനെയാണ് അവർ ഇത് ഓപ്പറേറ്റ് ചെയ്തത്, എവിടെ നിന്നാണ് ഇത് ഓപ്പറേറ്റ് ചെയ്തത്, ഈ പ്രക്രിയ തടസ്സപ്പെടുത്തുന്നതിനായി എവിടെ നിന്നാണ് ഇവർക്ക് ഒടിപി ലഭിച്ചത് എന്നും രാഹുൽ ഗാന്ധി ചോദിച്ചു.

Comments
Post a Comment