താഴെ ചൊവ്വയിൽ ചരക്കു ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു ബസ് കാത്തിരുപ്പ് കേന്ദ്രവും തുന്നൽ കടയും തകർത്തു
കണ്ണൂർ: താഴെ ചൊവ്വ തൊഴുക്കിലെ പീടികയിൽ ചരക്കുലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. തിങ്കളാഴ്ച്ച പുലർച്ചെ അഞ്ചു മണിയോടെയാണ് അപകടം. ലോറിയിലെ സഹഡ്രൈവർ അഖിലിന് പരുക്കേറ്റു. റോഡരികിലെ ബസ് കാത്തിരുപ്പ് കേന്ദ്രവും തുന്നൽ കടയും തകർത്താണ് ലോറി നിന്നത്. സമീപത്തെ സ്വകാര്യ ലാബിനും കേടുപാടുകൾ പറ്റി. ഗുജറാത്തിൽ നിന്നും എർണാകുളത്തേക്ക് തുണി,പപ്പടം, പെയിൻ്റ് നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ ബാരലുകൾ തുടങ്ങിയ ചരക്കുകളുമായി പോവുകയായിരുന്ന ലോറിയാണ് ചെരിഞ്ഞു നിയന്ത്രണം വിട്ടു എതിർ ഭാഗത്തേക്ക് മറിഞ്ഞത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. വാഹനങ്ങൾ താഴെ ചൊവ്വ ഗേറ്റ് വഴി കണ്ണൂർ സിറ്റി റോഡിലൂടെ കണ്ണൂർ നഗരത്തിലേക്ക് തിരിച്ചു വിട്ടു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. കണ്ണൂർ സിറ്റി, ടൗൺ പൊലിസ് ഫയർ ഫോഴ്സ് എന്നിവയും നാട്ടുകാരും സംയുക്തമായി രക്ഷാപ്രവർത്തനം നടത്തി.

Comments
Post a Comment