കണ്ണൂരിലെ ഹൃദയഭൂമികള്‍ ഭരണ സ്വാധീനമുപയോഗിച്ച് തട്ടിയെടുക്കുന്നു: കെ.കെ. വിനോദ് കുമാര്‍



കണ്ണൂര്‍: കണ്ണൂരിലെ ഹൃദയഭൂമികള്‍ ഭരണ സ്വാധീനമുപയോഗിച്ച് വിവിധ സംഘടനകള്‍ സ്വകാര്യ ആവശ്യത്തിനായി തട്ടിയെടുക്കുന്നുവെന്ന് ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാര്‍ ആരോപിച്ചു. കണ്ണൂര്‍ ഹെഡ്‌ പോസ്റ്റോഫീസിനും ബിഎസ്എന്‍എല്‍ കെട്ടിടത്തിനുമിടയിലുള്ള ഫയര്‍ ആന്റ് റസ്‌ക്യു വിഭാഗത്തിന്റെ മൂന്ന് സെന്റ് ഭൂമി ഭരണ സ്വാധീനമുപയോഗിച്ച് സിഐടിയുവിന്റെ നിയന്ത്രണത്തിലുള്ള കണ്ണൂര്‍ ബീഡിത്തൊഴിലാളി യൂനിയന് നാമമാത്രമായ തുകയ്ക്ക് പാട്ടത്തിന് കൊടുത്തിരിക്കുന്നു. പഴയ ബസ്സ്റ്റാന്‍ഡിന് സമീപത്തുള്ള ഈ ഭൂമിക്ക് സെന്റിന് 50 ലക്ഷത്തിന് മുകളിലാണ് വില. എന്നാല്‍ ഈ സ്ഥലം 10 വര്‍ഷത്തേക്ക് കൊടുത്തിരിക്കുന്നത് 1,53,331 രൂപയ്ക്കാണ്. അതിനടുത്ത സ്ഥലത്തിന്റെ ന്യായവിലയെന്ന് സര്‍ക്കാര്‍തന്നെ  നിശ്ചയിച്ചിട്ടുള്ളത് 31,68000 രൂപയാണ്. സി. കണ്ണന്റെ സ്മരണാര്‍ത്ഥം പ്രതിമ നിര്‍മ്മിക്കുന്നതിനാണ് ഭൂമി പാട്ടത്തിന് നല്‍കിയത്. ഇതു സംബന്ധിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് എന്ന നിലയില്‍ കലക്റ്റര്‍ക്ക് പരാതി നല്‍കിയിരുന്നു.

വികസനത്തിന് വീര്‍പ്പുമുട്ടുന്ന കണ്ണൂര്‍ നഗരത്തില്‍ സര്‍ക്കാര്‍ സ്ഥലം ഇത്തരത്തില്‍ സ്വകാര്യ സംവിധാനങ്ങള്‍ക്ക് വീതിച്ച് നല്‍കുകയാണ്. തൊട്ടടുത്തുള്ള സ്ഥലം എന്‍ജിഒ യൂണിയന് പാട്ടത്തിന് നല്‍കിയിരിക്കുകയാണ്. ലക്ഷക്കണക്കിന് രൂപ വാടകയിനത്തില്‍ ലഭിക്കുമ്പോഴും ഇതില്‍ സര്‍ക്കാരിന് വരുമാനമൊന്നും ലഭിക്കുന്നില്ല. സിപഎമ്മിന് മാത്രമല്ല മുസ്ലീം ലീഗിനും കേരള കോണ്‍ഗ്രസ്സിനുമെല്ലാം ഇത്തരത്തില്‍ ഭൂമി പതിച്ച് നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ കണ്ണൂര്‍ നഗരത്തിലെ പ്രധാനപ്പെട്ട ഭൂമിയെല്ലാം പാട്ടത്തിനും പതിച്ചും നല്‍കിയിരിക്കുകയാണ്. കാല്‍ടെക്‌സ് ജംഗ്ഷനില്‍ പ്രധാന റോഡിനോട് ചേര്‍ന്ന് എകെജി പ്രതിമ സ്ഥപിച്ചതിനാല്‍ റോഡ് വികസനം സാധ്യമല്ല. റോഡ് വികസിപ്പിക്കാന്‍ സിപിഎമ്മിനോട് ചോദിക്കേണ്ട സാഹചര്യമാണ്. ഇത്തരത്തില്‍ ഭൂമി കൈമാറുന്നത് വികസനം മുരടിപ്പിക്കാനാണ്. ഭരണ സ്വാധീനമുപയോഗിച്ച് ഇത്തരത്തില്‍ നല്‍കിയ ഭൂമി തിരിച്ചു പിടിക്കണമെന്നും വികസനത്തിനായി ഉപയോഗിക്കണമെന്നും അല്ലാത്തപക്ഷം ഇതിനെതിരെ ബിജെപി ശക്തമായി രംഗത്തു വരുമെന്നും വിനോദ് കുമാര്‍ പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം