മുതിർന്നമാധ്യമ പ്രവര്‍ത്തകന്‍ മാത്യു സി.ആര്‍ അന്തരിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ജയ്ഹിന്ദ് ടി വി സീനിയര്‍ ന്യൂസ് എഡിറ്ററും ന്യൂസ് ഇന്‍ ചാര്‍ജുമായ കുന്നുകുഴി മുളവന ജങ്ഷന്‍ ഷാബു നിവാസില്‍ മാത്യു സി.ആര്‍ (53) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ന് ഉച്ചയ്ക്ക് 2ന് ജയ്ഹിന്ദ് ടിവിയിലും തുടര്‍ന്ന് പ്രസ്‌ക്ലബിലും മൃതദേഹം പൊതുദര്‍ശനത്തിന് വച്ചശേഷം തിരികെ കുന്നുകുഴിയിലെ വസതിയില്‍ എത്തിച്ചു. സംസ്‌കാരം വ്യാഴാഴ്ച്ച രാവിലെ 11ന് പാറ്റൂര്‍ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍. നടത്തും. എസിവിയിലൂടെയാണ് മാധ്യമരംഗത്തേക്ക് മാത്യു സി.ആര്‍ കടന്നുവന്നത്. പിന്നീട് സൂര്യ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ ശ്രദ്ധേയനായി. വീക്ഷണം തിരുവനന്തപുരം ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടറായും ഇടക്കാലത്ത് ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ചു. മികച്ച റിപ്പോര്‍ട്ടിങ്ങുകളാല്‍ മാധ്യമ പ്രവര്‍ത്തന രംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമായിരുന്നു മാത്യൂവിന്റേത്. പത്രപ്രവര്‍ത്തക യൂണിയന്റെയും തിരുവനന്തപുരം പ്രസ്‌ക്ലബിന്റെയും സംഘടനാ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്നു. 1995-97ല്‍ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ കെ.എസ്്.യു യൂണിറ്റ് പ്രസിഡന്റായിരുന്നു. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് പ്ലസ്ടൂ സ്‌കൂള്‍ അനുവദിച്ചതിലെ കോഴാരോപണവുമായി ബന്ധപ്പെട്ട സമരത്തിലും എസ്എസ്എല്‍സി പരീക്ഷാ കാലത്തെ പവര്‍കട്ട് സമരത്തിലും പങ്കെടുത്ത് നിരവധി പൊലീസ് മര്‍ദ്ദനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. കേരള ദേശീയ വേദിയുടെ ജില്ല സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. ക്രിസ്റ്റഫര്‍ റൊസാരിയോയുടെയും മാര്‍ഗരറ്റ് റൊസാരിയോയുടെയും മകനാണ്. ഭാര്യ: ഷൈനി അലക്‌സാണ്ടര്‍ (ആകാശവാണി). മകള്‍: ആന്‍ മേരി. സഹോദരങ്ങള്‍: ജോര്‍ജ് (യുഎസ്ടി ഗ്ലോബല്‍), തോമസ് (യുഎസ്എ). കെപിസിസി പ്രസിഡന്റ് അഡ്വ.സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല, മുന്‍ കെപിസിസി പ്രസിഡന്റുമാരായ കെ.മുരളീധരന്‍, എം.എം.ഹസന്‍, വി.എം.സുധീരന്‍, ഡോ.ശശി തരൂര്‍ എം.പി, കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം വി.എസ്.ശിവകുമാര്‍, എം.വിന്‍സെന്റ് എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍.ശക്തന്‍, വീക്ഷണം മാനേജിങ് എഡിറ്റര്‍ ജെയ്‌സണ്‍ ജോസഫ് തുടങ്ങിയവര്‍ അനുശോചിച്ചു.

Comments
Post a Comment