ബാർ കൗണ്ടറിൽ ഓടക്കുഴല്‍ വെച്ച് ഫോട്ടോയെടുത്ത് വ്യാജ പ്രചാരണം: പ്രതിക്കായി പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി
കണ്ണൂർ : കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ ഇരിട്ടി കാക്കയങ്ങാട്ടെ കെ കെ ബാറില്‍ മദ്യക്കുപ്പിക്കടിയില്‍ ഓടക്കുഴല്‍ വെച്ച് ഫോട്ടോയെടുത്ത കേസിലെ പ്രതി ഒളിവിൽ.
ഫെയ്സ്ബുക്കിലൂടെ വ്യാജ പ്രചരണം നടത്തിയ സിപിഎം ബ്രാഞ്ച് സെകട്ടറിക്കെതിരെ മുഴക്കുന്ന് പോലീസ് കേസെടുത്തതിനെ തുടർന്നാണ് പ്രതി ഒളിവിൽ പോയത്. ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി മുഴക്കുന്ന് പൊലിസ് അറിയിച്ചു. സംഭവത്തെ തുടർന്ന് നേരത്തെ രാഷ്ട്രീയ സംഘർഷം നിലനിൽക്കുന്ന പ്രദേശത്ത് പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
സിപിഎം വട്ടപ്പൊയില്‍ ബ്രാഞ്ച് സെക്രട്ടറി ശരത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായസംഹിത 192, കേരള പോലീസ് ആക്ട് 120 (ഛ) വകുപ്പുകള്‍ പ്രകാരം സമൂഹത്തില്‍ സ്പര്‍ദ്ധവളര്‍ത്തുക, കലാപം സൃഷ്ടിക്കുക തുടങ്ങിയവ ലക്ഷ്യമിട്ട് ബോധപൂര്‍വ്വം സമൂഹമാധ്യമത്തിലൂടെ പ്രചാരണം നടത്തിയതിനാണ് കേസ്. നിരവധി രാഷ്ട്രീയ അക്രമ കേസുകളില്‍ പ്രതിയാണ് ശരത്തെന്നാണ് പൊലിസ് നൽകുന്ന വിവരം.
ശ്രീകൃഷ്ണജയന്തി ദിവസം വൈകുന്നേരമാണ് സംഭവം. കാക്കയങ്ങാട്ടെ ബാറിലെത്തിയ ശരത്ത് മദ്യക്കുപ്പിക്കടിയില്‍ ഓടക്കുഴല്‍ വെച്ച് ഫോട്ടോ എടുത്ത ശേഷം സമൂഹമാധ്യമങ്ങളിലൂടെ ചിത്രം പ്രചരിപ്പിക്കുകയായിരുന്നു. ഇത് ആ സമയത്ത് ബാറിലുണ്ടായിരുന്ന ചിലരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ ആഘോഷ പ്രമുഖ് പൊലീസില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ച ശേഷമാണ് പോലീസ് കേസെടുത്തത്.
ശ്രീകൃഷ്ണ ജയന്തി ആഘോഷത്തില്‍ പങ്കെടുത്തവര്‍ ആഘോഷത്തിനുശേഷം ബാറിലെത്തി മദ്യപിച്ചുവെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു പ്രതിയുടെ ഉദ്ദേശം. അതോടൊപ്പം തന്നെ ഹൈന്ദവ സമൂഹത്തിന്റെ വിശ്വാസത്തിന്റെ ഭാഗമായ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തെ സമൂഹത്തിന് മുന്നില്‍ താറടിച്ച് കാണിക്കുക കൂടി പ്രതി ലക്ഷ്യമിട്ടതായി ബി.ജെ.പി നേതാക്കൾ ആരോപിച്ചു. കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശ്രീകൃഷ്ണജയന്തി ആഘോഷം അലങ്കോലപ്പെടുത്താന്‍ സിപിഎം വ്യാപകമായി അക്രമം അഴിച്ച് വിട്ടിരുന്നുവെന്ന് നേതാക്കൾ പറഞ്ഞു.. ഇതിനെതിരെ ബി.ജെ.പി നേതൃത്വം ശക്തമായ പ്രതിഷേധമുയർത്തുന്നതിനിടെയാണ് സമൂഹമാധ്യമത്തിലൂടെയുള്ള പ്രചാരണത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസെടുത്തത്.
ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ കഴിഞ്ഞദിവസം രാത്രി കാക്കയങ്ങാട് ബ്രോഡ് ബീൻ ഹോട്ടലിൽ വെച്ച് പ്രതി, ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷവും കലാപവും ഉണ്ടാക്കണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി ബാറിൽ മദ്യക്കുപ്പികൾ അടുക്കി വച്ച അലമാരയുടെ മുൻ ഭാഗത്തെ ടേബിളിൽ ഓടക്കുഴൽ വച്ച് ഫോണിൽ ഫോട്ടോയെടുത്ത് 'ഒരു ഓടക്കുഴൽ മറന്ന് വച്ചിട്ടുണ്ട് കണ്ണന് ബോധം തെളിയുമ്പോൾ അത് എടുക്കാൻ അറിയിക്കുക' എന്നും മറ്റും അടിക്കുറിപ്പോടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു എന്നുമാണ് കേസ്.ശരത്ത് ഓടക്കുഴലുമായാണ് ബാറിനുള്ളിൽ വന്നതെന്ന് സി. സി.ക്യാമറ പരിശോധനയിൽ പോലീസ് കണ്ടെത്തി. പാലപ്പുഴ സ്വദേശി ടി. അനിൽ നല്കിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ശരത്ത് ഒളിവിലാണ്.
കഴിഞ്ഞ ദിവസം നടന്ന ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് കണ്ണവത്ത് സി.പി.എം ബി ജെ.പി സംഘർഷമുണ്ടായിരുന്നു. ഇരുവിഭാഗത്തെയും പ്രവർത്തകർക്ക് മർദ്ദനമേറ്റിരുന്നു. ഇതിനെ തുടർന്ന് പൊലിസ് കേസെടുത്തിട്ടുണ്ട്.

Comments
Post a Comment