കെ.പി കുഞ്ഞിക്കണ്ണൻ സ്നേഹബന്ധങ്ങൾ കാത്ത് സൂക്ഷിച്ച നേതാവ്:ആർട്ടിസ്റ്റ് ശശികല*
കണ്ണൂർ :ആരോടും വിനയാന്വിതമായി പെരുമാറുന്ന, ആരെയും ബഹുമാനിക്കുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നുഒരു വർഷം മുൻപെ അന്തരിച്ച മുൻ എം.എൽ.എ യും കെ.പി.സി.സി സെക്രട്ടറിയും കൂടിയായിരുന്ന കെ.പി കുഞ്ഞിക്കണ്ണനെന്ന് ആർട്ടിസ്റ്റ് ശശികല അനുസ്മരിച്ചു.അദ്ദേഹത്തിന്റെ വിയോഗവാർത്ത ഒരു ഞെട്ടലോട് കൂടിയായിരുന്നു അന്ന് രാഷ്ട്രീയ കേരളം ശ്രവിച്ചത്.ഏതൊരു കാര്യം പറഞ്ഞാലും ആത്മാർഥമായി ചെയ്തു കൊടുക്കുക അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. ഇത് മറ്റുള്ളവരിൽ നിന്നും കുഞ്ഞിക്കണ്ണേട്ടനെ ഏറെ വ്യത്യസ്തനാക്കിയിരുന്നു. ഒരിക്കൽ കെ.എസ്.ഇ.ബി ബോർഡ് മെമ്പറായിരിക്കെ കണ്ണൂർ പള്ളിക്കുന്ന് ഇലക്ട്രിക് ഓഫീസിലെ ഒരു വിഷയം തിരുവനന്തപുരത്ത് നിന്നും ഒരു ഫോൺ കോളിലൂടെ പരിഹരിച്ചു തന്നത് ഓർക്കുന്നുണ്ട്.കെ.പി.സി.സി പ്രസിഡന്റായിരിക്കെ കെ.മുരളീധരൻ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഒന്നര മാസക്കാലം നടത്തിയ "നവചേതന യാത്ര" യുടെ പ്രചരണ രഥം മുരളീധരന്റെ നിർദ്ദേശ പ്രകാരം രൂപകൽപ്പന ചെയ്യാനും അത് തയ്യാറാക്കാനും എന്നെ ഏൽപ്പിക്കാനും കെ.മുരളീധരൻ ചുമതലപ്പെടുത്തിയത് അന്നത്തെ കെ.പി.സി.സി സെക്രട്ടറി കൂടിയായ കെ.പി കുഞ്ഞിക്കണ്ണനെയായിരുന്നു. പണി ആരംഭിച്ചപ്പോൾ ഇതിന്റെ പുരോഗതി വിലയിരുത്താൻ ദിവസങ്ങളിടവിട്ട് കണ്ണേട്ടൻ എന്റെ പണിപ്പുരയിൽ എത്തുകയും ഇതിന്റെ അഭിപ്രായങ്ങൾ പറയാനും പുരോഗതി വിലയിരുത്താനും മുരളീധരനുമായി എനിക്ക് സംസാരിക്കാൻ ഇദ്ദേഹത്തിന്റെ ഫോണിലൂടെ മിക്ക ദിവസവും അവസരം ഒരുക്കിയിരുന്നു.ഞാനുമായുള്ള ഇതിന്റെ ആദ്യ ആലോചന നടത്തിയത് പയ്യന്നൂരിലെ ഇദ്ദേഹത്തിന്റെ വീട്ടിൽ വെച്ചായിരുന്നു.ഏറ്റവുമൊടുവിൽ കണ്ണൂർ ഡി.സി.സി പ്രസിഡന്റായിരുന്ന സതീശൻ പാച്ചേനിയുടെ ഭൗതിക ശരീരം കണ്ണൂർ ഡി.സി.സി ഓഫീസിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ഞാനും കണ്ണേട്ടനും അവിടെ വെച്ചു കണ്ടുമുട്ടിയപ്പോൾ പഴയകാലങ്ങൾ ഓർത്തെടുത്ത് ഒരു പാട് കാര്യങ്ങൾ സംസാരിച്ചിരുന്നു.മറ്റു രാഷ്ട്രീയക്കാരിൽ നിന്നും വ്യത്യസ്തമായിസ്നേഹമസൃണമായ പെരുമാറ്റത്തിലൂടെയും കാര്യഗൗരവത്തോടെ യുള്ള ഇടപെടലിലൂടെയും ബഹുമാനപുരസ്സര ത്തോടുകൂടി സഹപ്രവർത്തകരെ തന്നോടൊപ്പം ചേർത്ത് നിർത്താനും ഇത് മൂലം ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു.ഇദ്ദേഹത്തിന്റെ വേർപാട് രാഷ്ട്രീയ കേരളത്തിന് ഒരു തീരാനഷ്ടം തന്നെയാണെന്ന് അദ്ദേഹത്തിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ ആർട്ടിസ്റ്റ് ശശികല തന്റെ അനുസ്മരണ കുറിപ്പിലൂടെ ഓർത്തെടുത്തു.

Comments
Post a Comment