മാസാണ് കണ്ണൂരിലെ പൊലിസ് ,വഴിയിൽ പഞ്ചറായ വണ്ടി ശരിയാക്കി പുലർച്ചെ യുവാവിന് തുണയായി
കണ്ണൂർ:കണ്ണൂരിലെ പൊലീസ് ഉദ്യോഗസ്ഥനില്‍ നിന്നും ഈ ഓണക്കാലത്ത് ഉണ്ടായ ഒരു അനുഭവം പങ്കുവെച്ച സാധാരണക്കാരന്റെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. തിരുവോണ ദിവസം പുലർച്ചെ മൂന്നുമണിക്ക് വണ്ടി പഞ്ചറായപ്പോള്‍ രക്ഷകരായി എത്തിയ കണ്ണൂരിലെ എസ്‌ഐയെയും സംഘത്തെയും കുറിച്ചാണ് യുവാവ് വിഡിയോയില്‍ പറയുന്നത്.പണ്ട് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ താന്‍ പഠിക്കുന്ന കാലത്ത് ‘പോ പുല്ലേ പൊലീസേ പോടാ പുല്ലേ പൊലീസേ’ എന്ന മുദ്രാവാക്യം വിളിച്ചിരുന്ന ഒരു വ്യക്തിയാണ് താനെന്നും എന്നാല്‍ നേരിട്ടുണ്ടാകുന്ന അനുഭവങ്ങളാണ് നമ്മെ പലകാര്യങ്ങളും പഠിപ്പിക്കുന്നതെന്നും യുവാവ് വിഡിയോയില്‍ പറയുന്നു.
യുവാവിന്റെ വാക്കുകൾ ഇപ്രകാരമാണ്
ഈ ഓണത്തിന് പുലർച്ചെ മൂന്നു മണിയോടെ ചക്കരക്കല്ലില്‍ ഒരാളെ കൊണ്ടുവിടാന്‍ പോയ താനും സഹോദരനും തിരിച്ചു വരുന്ന വഴിക്കാണ് പുതിയ
വണ്ടി പഞ്ചറായത്. വണ്ടി പുതിയതായതുകൊണ്ട് ടൂള്‍സ് എവിടെയാണെന്ന് കണ്ടുപിടിക്കാന്‍ സമയമെടുത്തു, ടയര്‍ മാറ്റാന്‍ ശ്രമിച്ചെങ്കിലും ബോള്‍ട്ട് ടൈറ്റ് ആയതുകൊണ്ട് മാറ്റാന്‍ കഴിഞ്ഞില്ല. പിന്നീട് റോഡ് സൈഡ് അസിസ്റ്റന്‍സിനെയും പഞ്ചര്‍ കടക്കാരെയും വിളിച്ചു നോക്കിയെങ്കിലും ഓണമായതിനാലും പുലര്‍ച്ചയായതിനാലും ശ്രമം ഫലം കണ്ടില്ല.
ഈ സമയത്താണ് ചുവന്ന നിറത്തില്‍ ‘പൊലീസ്’ എന്ന് എഴുതിയ വെള്ളക്കളര്‍ വണ്ടി മുന്നില്‍ വന്ന് നിന്നത്. ഉടനെ പൊലീസ് വണ്ടിയില്‍ നിന്നും നാലഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ പുറത്തിറങ്ങുകയും എന്ത് പറ്റിയെന്ന് തിരക്കുകയും ചെയ്തു.
ടയര്‍ പഞ്ചറാണെന്ന് പറഞ്ഞ ഉടന്‍ തന്നെ എസ്‌ഐ സാര്‍ വണ്ടിയില്‍ നിന്ന് ഇറങ്ങുകയും റോഡ് അസിസ്റ്റന്‍സിനെ വിളിച്ചില്ലേ എന്ന് തിരക്കുകയും ചെയ്തു. വിളിച്ചിട്ട് കിട്ടിയില്ലെന്നും ആരും ഓണമായതുകൊണ്ട് വന്നില്ലെന്നും മറുപടി നല്‍കി. ഉടനെ എസ്‌ഐ സാര്‍, ‘അപ്പോള്‍ പിന്നെ നമ്മള്‍ എന്ത് ചെയ്യും?’ എന്ന് ചോദിച്ച ശേഷം ‘എല്ലാവരും കൂടി അങ്ങ് മാറ്റാം, ഒന്ന് നോക്കട്ടെ’ എന്ന് പറഞ്ഞ് മുന്നോട്ട് വന്നു.
പിന്നീട് മുട്ടുമടക്കി കാറിന്റെ ടയറിന് മുന്നില്‍ കുത്തിയിരുന്ന് ടയര്‍ മാറ്റാനുള്ള സാധനസാമഗ്രികള്‍ ഒരു ഹെല്‍പ്പറെ പോലെ എസ്‌ഐചോദിച്ചു. താന്‍ ടൂള്‍സ് എടുത്തു കൊടുത്തുപ്പോള്‍ എസ്‌ഐ സാറും മറ്റ് പോലീസുകാരും ചേര്‍ന്ന് ടയര്‍ അഴിച്ച് സ്റ്റെപ്പിനി ഇട്ടു. എല്ലാം ടൈറ്റ് ആക്കി ശരിയാക്കിത്തന്ന ശേഷം ഒരു ബോള്‍ട്ടിന് ചെറിയ പ്രശ്‌നമുള്ളതുകൊണ്ട് പിറ്റേന്ന് തന്നെ ഷോറൂമില്‍ പോയി മാറ്റണം എന്ന് ഉപദേശിക്കുകയും ചെയ്‌തെന്നും യുവാവ് വിഡിയോയില്‍ പറയുന്നു.പൊലീസുകാര്‍ വണ്ടിയിലേക്ക് കയറിയപ്പോള്‍ താന്‍ നേരിട്ട് നന്ദി പറഞ്ഞു.എന്നാല്‍ തന്നെ അത്ദുതപ്പെടുത്തി കൊണ്ട് എസ്‌ഐയുടെ നമ്പര്‍ എടുത്തുവെക്കാനും തലശ്ശേരിയില്‍ തിരിച്ചെത്തിയാല്‍ വിളിച്ചു പറയണമെന്നും എസ്‌ഐ സാര്‍ ആവശ്യപ്പെട്ടെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.
അനുഭവങ്ങളാണ് എല്ലാവരെയും എല്ലാം പഠിപ്പിക്കുന്നത്. തനിക്കുണ്ടായ ഈ അനുഭവം എല്ലാ പൊലീസുകാരും മോശക്കാരല്ലെന്നുള്ള തിരിച്ചറിവു കൂടിയാണ് സമ്മാനിച്ചതെന്നും പ്രത്യേകിച്ച് കണ്ണൂരിലെ പൊലീസുകാര്‍ വളരെ നല്ലവരാണെന്നും പറഞ്ഞാണ് യുവാവ് വീഡിയോ അവസാനിപ്പിക്കുന്നത്.

Comments
Post a Comment