കണ്ണൂർ സഹകരണ സ്പിന്നിങ് മിൽ:രണ്ടാം ഘട്ട നവീകരണം പൂർത്തിയാക്കിയത് ഒക്ടോബർ ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കണ്ണൂർ :കൂടുതൽ ആധുനിക ഉപകരണങ്ങൾ സ്ഥാപിച്ച് രണ്ടാംഘട്ടമായി നവീകരിച്ച ചൊവ്വയിലെ കണ്ണൂർ സഹകരണ സ്പിന്നിങ് മിൽ പ്രവർത്തനം ഒക്ടോബർ ഒന്നിന് തുടങ്ങും. വൈകിട്ട് 3.30ന് മിൽ അങ്കണത്തിൽ നടക്കുന്ന പരിപാടികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുമെന്ന് ചെയർമാൻ എം പ്രകാശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നാൽപത് വർഷത്തിലേറെ പഴക്കമുള്ള ഉപകരണങ്ങളെല്ലാം മാറ്റി. 2019 മുതൽ രണ്ടാംഘട്ട മിൽ നവീകരണം നടക്കുന്നുണ്ട്. 20.68 കോടി രൂപ ചെലവിട്ട നവീകരണം ആഗസ്‌തിൽ പൂർത്തിയായി. ജപ്പാൻ, ഇറ്റലി എന്നിവടങ്ങളിൽ നിന്നും ഇറക്കുമതി ചെയ്‌ത ഉപകരണങ്ങൾ പൂർണമായും ഓട്ടോമാറ്റിക്കാണ്. ദിവസം മൂന്നുടൺ നൂൽ ഉൽപാദിപ്പിക്കുന്ന സ്ഥാനത്ത് ഇനി നാലുടൺ ഉണ്ടാക്കാനാകും. നിലവിൽ പ്രവർത്തന ലാഭത്തിലാണ് മിൽ. മികച്ച ഗുണനിലവാരമുള്ള ഉൽപന്നമായതിനാൽ ഉൽപന്നം കെട്ടിക്കിടക്കുന്ന അവസ്ഥയില്ല. സ്‌കൂൾ യൂണിഫോമിനുള്ള നൂൽ ഇവിടെ നിന്നാണ് കൊടുക്കുന്നത്. ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിലേക്ക് കയറ്റുമതിയുമുണ്ട്. മുംബൈയാണ് മില്ലിന്റെ പ്രധാന വിപണി.
നുറോളം സ്‌ത്രീകളടക്കം 225 സ്ഥിരം ജീവനക്കാരാണുള്ളത്. ഉയർന്ന വൈദ്യുതി ബില്ലാണ് പ്രധാന ബാധ്യത. ഇതുമറികടക്കാൻ സോളാർ പദ്ധതിക്കുള്ള വിശദ പ്രൊപ്പസൽ സമർപ്പിച്ചിട്ടുണ്ട്.
1956ൽ മദ്രാസ് സഹകരണ സൊസൈറ്റി നിയമപ്രകാരം സ്ഥാപിച്ച മിൽ കേരളത്തിലെ ഏറ്റവും പഴക്കമുള്ള മില്ലുകളിൽ ഒന്നാണ്. 1964 ലാണ് പ്രവർത്തനം തുടങ്ങിയത്. സൊസൈറ്റിയാണെങ്കിലും നിലവിൽ 97 ശതമാനം ഓഹരിയും സംസ്ഥാന സർക്കാരിനാണ്.
മുൻ ചെയർമാൻ, എംഡി എന്നിവരെ ആദരിക്കൽ, മുൻ തൊഴിലാളികൾ അടക്കമുള്ളവരുടെ കുടുംബസംഗമം, സാംസ്കാരിക സമ്മേളനം, പരീക്ഷയിൽ വിജയിച്ച തൊഴിലാളികളുടെ മക്കളെ അനുമോദിക്കൽ, കലാപരിപാടി എന്നിവയും ഉദ്‌ഘാടന ചടങ്ങിന് ശേഷമുണ്ടാകുമെന്ന് ചെയർമാൻ അറിയിച്ചു. എംഡി സി ആർ രമേഷ്, അസി. എച്ച്‌ആർ മാനേജർ വി സുരേശൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Comments
Post a Comment