ജീവിത വിജയത്തിന് കുട്ടികളില്‍ ആത്മീയ അനുഷ്ഠാന സംസ്‌ക്കാരം വളര്‍ത്തണം: സ്വാമി ഉദിത് ചൈതന്യ





ഇരിക്കൂര്‍: ജീവിത വിജയത്തിന്  കുട്ടികളില്‍ ആത്മീയ അനുഷ്ഠാന സംസ്‌ക്കാരം വളര്‍ത്തണമെന്ന് സ്വാമി ഉദിത് ചൈതന്യ പറഞ്ഞു. ഇരിക്കൂര്‍ മാമാനിക്കുന്ന് മഹാദേവീ ക്ഷേത്രത്തില്‍ ആദ്ധ്യാത്മിക പ്രഭാഷണം നടത്തുകയായിരുന്നു സ്വാമിജി. അങ്ങനെയാണെങ്കില്‍ ഒരു കുട്ടി പോലും വഴിതെറ്റില്ല. സംസ്‌ക്കാരം ഉണ്ടണ്ടാകണമെങ്കില്‍ ആത്മീയ ചുറ്റുപാട് വേണം. അറിവും അഭ്യാസവും, ബ്രഹ്‌മ വിദ്യയും യോഗശാസ്ത്രവും പഠിക്കാന്‍ മനസ്സിന് വികാസം വേണം. ജന്മവാസനകളില്‍ ചിലതിനെ നിയന്ത്രിക്കണം, ചിലതിനെ വളര്‍ത്തിയെടുക്കണം. എല്ലാവരിലും ജന്മവാസനകളും  കഴിവുകളുമുണ്ട്. ആരോ എഴുതിവെച്ചത് പഠിപ്പിക്കുന്ന വിദ്യാഭ്യാസം കൊണ്ട് മാത്രം കാര്യമില്ല.  ഇതെല്ല കുട്ടികളെ പഠിപ്പിക്കേണ്ടത്. അറിവ് മാത്രമേ വിദ്യാഭ്യാസത്തിലൂടെ ലഭിക്കൂ. കഴിവുകള്‍ വിദ്യാഭ്യാസത്തിലൂടെ കിട്ടില്ല. സാധ്യതകള്‍ക്കനുസരിച്ചുളള കഴിവുകള്‍ കണ്ടെത്തി വികസിപ്പിക്കുന്ന തരത്തിലുളള വിദ്യാഭ്യാസ രീതി വേണം. കുട്ടികളുടെ മനോവികാസത്തിന് ആവശ്യമുളള കാര്യങ്ങള്‍ ചെയ്യിച്ചില്ലെങ്കില്‍ ലക്ഷ്യ പ്രാപ്തി നേടാന്‍ സാധിക്കില്ല. ആസക്തികളില്‍ അഭിരമിച്ച് അടിമകളായി അതില്‍ നിന്നും പുറത്ത് കടക്കാനാകാത്ത സാഹചര്യം സംജാതമാകും. അതില്‍ നിന്നും മോചനം നേടാന്‍, അത്തരത്തില്‍ വഴിപിഴക്കാതിരിക്കാന്‍ മനസ്സിന്റെ വികാസത്തിന് ആധ്യാത്മികത അത്യന്താപേക്ഷിതമാണ്.

മനോവികാസത്തിനായി ആധ്യാത്മിയ വികാസം വേണം അതോടൊപ്പം സാങ്കേതി പരിജ്ഞാനവും വേണം. പരിജ്ഞാനം ഇല്ലെങ്കില്‍ പുതിയ കാലഘട്ടത്തില്‍ പറ്റിക്കപ്പെടും. ലോകത്തിനനുസരിച്ച് നമ്മളും ശരിയായ വളര്‍ച്ച നേടണം. അനുഷ്ഠാനം കൊണ്ട് മനസ്സിനെ വികസിപ്പിക്കുന്നതാണ് ആത്മീയത. മനസ്സിനെ വികസിപ്പിച്ചില്ലെങ്കില്‍ ചുരുങ്ങും. ദുസ്വഭാവ ശീലങ്ങളില്‍ കുരുങ്ങും. മനസ്സ് തളരേണ്ടതല്ല. യോഗ ശാസ്ത്രത്തിലൂടെ നിരന്തര സാധനയിലൂടെ വലിയ മാറ്റം ഉണ്ടാക്കാവുന്നതാണ്. നമ്മളില്‍തന്നെ ഈശ്വരീയത കണ്ടെത്താന്‍ സാധിക്കും. കണ്ടെത്തണം. ഈശ്വരനിലെ എല്ലാ ശക്തിയും നമ്മിലും ഉണ്ട്. ആധ്യാത്മിക സാധനയിലൂടെ തന്റെ ഉളളിലേക്കിറങ്ങി ചെല്ലുന്നവര്‍ക്കെ ഈശ്വര ദര്‍ശനം സാധ്യമാകൂ. ധീരതയുളള മനസ്സുളളവര്‍ക്ക് അമൃതത്വം കൈവരിക്കാം.ജീവിതം തന്നിട്ടുളളത് വികസിപ്പിക്കാനാണ്. അതിന് കൃത്യമായ അനുഷ്ഠാനം പിന്തുടരണം. കുട്ടികളെ അനുഷ്ഠാനം പരിശീലിപ്പിക്കണം. വൈകുന്നേരങ്ങളില്‍ ലളിതാ സഹസ്രനാമവും കുട്ടികളടക്കം എല്ലാവരും നിര്‍ബന്ധമായും ചൊല്ലണം. വലിയ കമ്മ്യൂണിസ്റ്റുകളും യുക്തിവാദികള്‍ പോലും ആത്മീയ ആചാര്യന്മാരായി മാറുന്നു.

മനുഷ്യ മനസ്സിന്റെ ആത്മബലം വളര്‍ത്താനാണ് നാമജപവും സഹസ്രനാമങ്ങളും. ക്ഷേത്രങ്ങളില്‍ നടക്കേണ്ടത്, ചെയ്യേണ്ടത് സംബന്ധിച്ച് വ്യക്തമായ മാര്‍ഗ്ഗ രേഖ നമ്മുടെ മുന്നിലുണ്ട്. എന്നാല്‍ ഇത് കൈമോശം വന്ന സ്ഥിതിയാണ്. ആചാര്യ തപസ്- അതായത് ചെയ്യുന്ന കാര്യങ്ങളില്‍ നിഷ്ഠ, ആത്മാര്‍ത്ഥത, രണ്ടാമതായി ആമ്‌നയ-ശാസ്ത്ര പഠനം (ഗീത-ഭാഗവത പഠനം), നിയമേന ജപം-നിയമ പ്രകാരമുളള ജപം, അന്നദാനേന, ഉത്സവേന എന്നിവയാണ് ക്ഷേത്രങ്ങളില്‍ നടക്കേണ്ട അഞ്ച് കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ക്ഷേത്രം മേല്‍ശാന്തി ചന്ദ്രന്‍ മൂസത്  ഭദ്രദീപം കൊളുത്തി. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹാരാര്‍പ്പണം നടത്തി ആദരിച്ചു. ക്ഷേത്ര ട്രസ്റ്റിക്ക് വേണ്ടി മകന്‍ പി.കെ. ദിനേശ് നമ്പ്യാര്‍ ഉപഹാര സമര്‍പ്പണം നടത്തി. ക്ഷേത്രം ഹെഡ് ക്ലാര്‍ക്ക് എ.കെ. രാജീവ്, അക്കൗണ്ടന്റെ ദീപക് കമ്മാരന്‍, പി.കെ. സോമന്‍ നമ്പ്യാര്‍, വേണുമാരാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം