പമ്പയിൽ നടന്നത് സർക്കാർ സ്പോൺസേർഡ് കൂട്ടായ്മ : സികെപി
കണ്ണൂര്‍: സംസ്ഥാനസര്‍ക്കാര്‍ അയ്യപ്പസംഗമം നടത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും യാഥാര്‍ത്ഥ ഭക്തന്‍മാരുടെ സംഗമമല്ല നമുക്ക് അവിടെ കാണാന്‍ സാധിച്ചതെന്നും ബിജെപി ദേശീയ സമിതിയംഗം സി.കെ. പത്മനാഭന്‍. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത ഒരു കൂട്ടായ്മ എന്ന് മാത്രമേ അതിനെ കാണാന്‍ കഴിയുകയുള്ളു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായുള്ള കളികളാണ് പിണറായി സര്‍ക്കാര്‍ കളിക്കുന്നത്. അത് കൂടുതല്‍ അപകടത്തിലേക്കാണ് പോവുക. രാഷ്ട്രീയക്കളിയുടെ ഭാഗമായിട്ടാണ് അയ്യപ്പ സംഗമം. അതില്‍ യഥാര്‍ത്ഥ അയ്യപ്പന്‍മാരെ കാണാന്‍ സാധിക്കില്ല.
പിണറായിയുടെ നേതൃത്വത്തില്‍ ഒരു ബസ് യാത്ര നടത്തിയിരുന്നു. അതിലൊക്കെ അവര്‍ക്ക് തിരിച്ചടിയാണുണ്ടായിട്ടുള്ളത്. ഒരു തവണകൂടി അധികാരത്തില്‍ വരാന്‍ സോധിക്കമോ എന്ന അന്വേഷണത്തിന്റെ ഭാഗമാണ് ഇത്തരം പരിപാടികള്‍. എന്നാല്‍ ഇപ്പോള്‍ പിണറായി കളിക്കുന്ന കളികള്‍ തെരഞ്ഞെടുപ്പില്‍ വോട്ടായി മാറാനുള്ള സാധ്യതകള്‍ കാണുന്നില്ല.
എന്‍എസ്എസ് നേതൃത്വം സര്‍ക്കാരിന് അനുകൂലമായ നിലപാട് സ്വീകരിക്കുമ്പോള്‍ അണികള്‍ അതിനെ അനുകൂലിക്കുന്നില്ല. എന്‍എസ്എസും എസ്എന്‍ഡിപിയും ഒരു രാഷ്ട്രീയ തീരുമാനമെടുത്താല്‍ എല്ലാം അതുപോലെ പാലിക്കുന്നവരല്ല കേരളത്തിലെ അണികള്‍. അത് കേരളത്തിലെ സവിശേഷ സാഹചര്യമാണ്. കേരളത്തിലെ ജനങ്ങള്‍ രാഷ്ട്രീയ സാഹചര്യങ്ങളെ ഉള്‍ക്കൊള്ളുന്നവരാണ്. സമുദായ നേതൃത്വത്തിന്റെ താല്‍പര്യം സമുദായത്തിന്റേതായിരിക്കണമെന്നില്ല. അത് തമ്മില്‍ വൈരുദ്ധ്യങ്ങളുണ്ടാവാം. അത് നേതൃത്വത്തിന്റെ തീരുമാനമാവാം. അയ്യപ്പനുമായി തനിക്ക് നേരിട്ട് ബന്ധമാണെന്നും അതിനിടയില്‍ മറ്റാരുമില്ലെന്നും സി.കെ. പത്മനാഭന്‍ പറഞ്ഞു.

Comments
Post a Comment