കടലെടുക്കില്ല കാഴ്ചയുടെ സൗന്ദര്യം; നീർക്കടവിൽ കടൽഭിത്തി പുനർനിർമിക്കും




അഴീക്കോട് : നീർക്കടവ് പള്ളിയാമൂല റോഡിലെ തകർന്ന കടൽഭിത്തി പുനർനിർമിക്കാൻ നടപടിയായി. 70 ലക്ഷം രൂപയാണ് കടൽ ഭിത്തി പുനർനിർമാണത്തിനായി അനുവദിച്ചത്. തകർന്ന കടൽഭിത്തി പുനർമിക്കാൻ ആവശ്യമായ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.വി.സുമേഷ് എംഎൽഎ വകുപ്പുമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.  ബാക്കിവരുന്ന ഭാഗം രണ്ടാംഘട്ടമായി നിർമിക്കുമെന്ന്  എംഎൽഎ അറിയിച്ചു. തീരദേശ റോഡ് പദ്ധതിയുടെ കൂടി പശ്ചാത്തലത്തിലാണ് കടൽഭിത്തി സുരക്ഷിതമാക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. 

സൂര്യാസ്തമയത്തിന്റെ സായാഹ്ന ശോഭയിൽ കടലിൻ്റെ വശ്യതയും വന്യതയും ആസ്വദിക്കുവാൻ സഞ്ചാരികൾ ഇരച്ചെത്തുന്ന ഇടമാണ് നീർക്കടവ്. കാഴ്ചയുടെ കടലിരമ്പങ്ങൾക്കൊപ്പം കുറച്ചുനേരമിരിക്കാൻ, തിരക്കുകളിൽ നിന്നൊഴിഞ്ഞു തിരകൾക്കൊപ്പം കളിക്കാനും സ്പെഷ്യൽ കല്ലുമ്മക്കായ പൊരിച്ചത് കഴിക്കാനും ആളുകൾ തിരക്കിയെത്തുന്ന സ്ഥലം. എന്നാൽ തകർന്ന കടൽഭിത്തി സഞ്ചാരികളെയും മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന നാട്ടുകാരെയും ഏറെ ആശങ്കയിലാഴ്ത്തിയിരുന്നു. ആ പ്രശ്നത്തിനാണ് കെ.വി സുമേഷ് എം.എൽ.എയുടെ ഇടപെടലിലൂടെ ഇപ്പോൾ പരിഹാരമാകുന്നത്.


 നിർമാണത്തിനുള്ള കരിങ്കല്ലുകൾ എത്തിച്ചു കഴിഞ്ഞു. വൈകുന്നേരങ്ങളിൽ ഉൾപ്പെടെ സഞ്ചാരികളുടെ എണ്ണം വർദ്ധിച്ചതോടെയാണ് തീരത്ത് സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായത്. ഇതിനെ തുടർന്നാണ് കടൽഭിത്തി പുനർനിർമ്മാണത്തിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്.


ആറാങ്കോട്ടം അതിർത്തി മുതൽ നീർക്കടവ് ശ്മശാനം വരെയുള്ള ഭാഗത്ത് കടൽഭിത്തി വലിയ രീതിയിൽ തകർന്നു വീണിട്ടുണ്ട്. ചിലയിടങ്ങളിൽ കടൽഭിത്തി പൂർണമായും തകർന്ന അവസ്ഥയിലുമാണ്. റോഡിലേക്കും പറമ്പുകളിലേക്കും തിരമാല ഇരച്ചു കയറിയ അനുഭവവും നിരവധി തവണ ഉണ്ടായിട്ടുണ്ട്. കടൽവെള്ളം  ഇറച്ചുകയറിയതിനാൽ റോഡ് തകർന്ന നിലയിലായിരുന്നു. കെ.വി സുമേഷ് എം.എൽ.എയുടെ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ അനുവദിച്ച് പള്ളിയാംമൂല മുതൽ നീർക്കടവ് അരയസമുദായ ശ്മശാനം വരെയുള്ള ഭാഗത്ത് റോഡ് ടാറിങ് നടത്തി സഞ്ചാര യോഗ്യമാക്കിയിരുന്നു.

ഒന്നര പതിറ്റാണ്ട് മുമ്പ് ഇതേ സ്ഥലത്ത് കടൽഭിത്തി പുനർനിർമാണം നടത്തിയിരുന്നെങ്കിലും ഭിത്തി ഏറെക്കുറെ തകർന്ന് ഇല്ലാതായിരുന്നു.

കടൽഭിത്തി പുനർനിർമ്മാണം പൂർത്തിയാവുന്നതോടെ കടൽഭിത്തി  നടപ്പാതയാക്കി ഉപയോഗിച്ചുകൊണ്ട് സഞ്ചാരികൾക്ക് കടലോരത്തെ സായാഹ്ന സവാരിയും കടൽക്കാഴ്ചകളും കൂടുതൽ മനോഹരമായി ആസ്വദിക്കാനാവും എന്നാണ് ഏവരുടെയും പ്രതീക്ഷ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം