മാനിഷാദ': ഗാന്ധി ജയന്തി ദിനത്തിൽ പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസുകള്‍ സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്
തിരുവനന്തപുരം: പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസുകള്‍ സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഗാന്ധി ജയന്തി ദിനത്തില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസുകള്‍ സംഘടിപ്പിക്കാനാണ് കെപിസിസി തീരുമാനം. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളാണ് പരിപാടികള്‍ സംഘടിപ്പിക്കുക. 'മാനിഷാദ' എന്ന പേരിലാണ് പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസുകള്‍ നടക്കുക. പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യ മൗനം പാലിക്കുന്നതിനെതിരെ കോണ്‍ഗ്രസ് പാര്‍ലമെന്റ് പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധി അടുത്തിടെ രംഗത്തെത്തിയിരുന്നു. പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യ മൗനം പാലിക്കുന്നത് മനുഷ്യത്വത്തിന്റെയും ധാര്‍മികതയുടെയും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിന് തുല്യമാണ് എന്നാണ് സോണിയാ ഗാന്ധി പറഞ്ഞത്.
പലസ്തീന്‍ ആക്രമണത്തില്‍ ഇസ്രയേലിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തിയിരുന്നു. അറുപതിനായിരത്തിലധികംപേര്‍ കൊല്ലപ്പെട്ടു, അതില്‍ 18,430 പേര്‍ കുട്ടികളും സ്ത്രീകളുമടങ്ങുന്നവരാണ്. കുട്ടികളെ പട്ടിണിക്കിട്ട് കൊല്ലുകയാണ്. നിശബ്ദതയിലൂടെയും നിഷ്‌ക്രിയത്വത്തിലൂടെയും ഈ കുറ്റകൃത്യങ്ങള്‍ക്ക് വഴിയൊരുക്കുന്നത് തന്നെ ഒരു കുറ്റകൃത്യമാണ് എന്നായിരുന്നു പ്രിയങ്കാ ഗാന്ധി പറഞ്ഞത്. പലസ്തീന്‍ ജനതയ്ക്കുമേല്‍ ഇസ്രയേല്‍ വിനാശം അഴിച്ചുവിടുമ്പോള്‍ ഇന്ത്യ മൗനം പാലിക്കുന്നത് ലജ്ജാകരമാണെന്നും പ്രിയങ്ക പ്രതികരിച്ചിരുന്നു.

Comments
Post a Comment