വളപട്ടണം പൊലിസ് സ്റ്റേഷനിൽ നിന്നും മർദ്ദനമേറ്റ് കേൾവിശക്തി ഭാഗികമായി നഷ്ടപ്പെട്ടതായി നാറാത്ത് സ്വദേശിയായ വർക്ക്ഷോപ്പ് മാനേജരുടെ പരാതി

 



കണ്ണൂർ: വളപട്ടണം പൊലിസ് സ്റ്റേഷനിൽ നിന്നും അതിക്രൂരമായ മർദ്ദനമേറ്റതായി വർക്ക്ഷോപ്പ് മാനേജരായ മധ്യവയസ്കൻ്റെ പരാതി. ഇപ്പോഴത്തെകണ്ണൂർടൗൺ പൊലിസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിക്കെതിരെയാണ് മർദന പരാതിയുമായി നാറാത്ത് സ്വദേശിയായ വർക്ക് ഷോപ്പ് മാനേജർ മാധ്യമങ്ങൾക്ക് മുൻപിലെത്തിയത്. അന്ന് വളപട്ടണത്ത് എസ്.ഐ ഡ്യൂട്ടിയിലുണ്ടായിരുന്ന സമയത്ത് ഉദ്യോഗസ്ഥൻ കർണപുടം അടിച്ചു തകർത്തെന്ന് നാറാത്ത് സ്വദേശിയായ കെ.ടി അഷ്‌റഫ്‌  പറഞ്ഞു. കനത്ത അടിയില്‍ 35 ശതമാനം കേൾവി ശക്തി നഷ്ടപ്പെട്ടതായാണ് പരാതി.

കാട്ടാമ്പള്ളിയിലെ വർക്ക് ഷോപ്പിന്റെ വാടക തർക്കം സംസാരിക്കാൻ വളപട്ടണം സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി മർദിച്ചെന്നാണ് ആരോപണം. മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും നൽകിയ പരാതികൾ സ്വീകരിച്ചിരുന്നില്ലെന്നും കോടതി നിർദേശാനുസരണമാണ് പിന്നീട് കേസെടുത്തതെന്ന് അഷ്‌റഫ്‌  പറഞ്ഞു.

"ലോക്കപ്പിന്റെ അടുത്ത റൂമില്‍ കസേരയില്‍ ഇരിക്കാന്‍ അന്ന് വളപട്ടണം എസ്‌ഐയായിരുന്നശ്രീജിത്ത് പറഞ്ഞു. കസേരയില്‍ ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ രണ്ട് കയ്യും ഉപയോഗിച്ച് ചെവി അടച്ച് അടിച്ചു...ഇന്നും എനിക്ക് അതിന്റെ പ്രശ്നങ്ങളുണ്ട്," അഷ്റഫ് പറഞ്ഞു. കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ തന്നെ അസഭ്യം പറഞ്ഞു. താന്‍ നോമ്പ് നോല്‍ക്കുകയാണെന്നും മർദിക്കരുതെന്നും പറഞ്ഞിട്ടും മർദിക്കുകയായിരുന്നുവെന്ന്അഷ്റഫ് കൂട്ടിച്ചേർത്തു.

പൊലീസ് മർദനങ്ങളിൽ പരാതി നൽകിയാലും നടപടിയില്ലെന്ന് ആരോപിച്ച് ഇരിട്ടി സ്വദേശി എം.എസ് വിനീതും രംഗത്തെത്തിയിട്ടുണ്ട്. പരാതിയുമായി വിനീത് കോടതി കയറിയിറങ്ങിയത് 10 വർഷമാണ്. 2015 സെപ്റ്റംബർ 12ന് പൊലീസ് മർദനമേറ്റെന്നായിരുന്നു പരാതി.


പൊലീസുകാരനെതിരെ പരാതി നൽകിയതിന്റെ പ്രതികാരമായി കള്ളക്കേസിൽപ്പെടുത്തി മർദിച്ചെന്നായിരുന്നു വിനീതിന്റെ പരാതി. പൊലീസിനെ ആക്രമിച്ചെന്ന കേസിലാണ് വിനീതിനെ കസ്റ്റഡിയിലെടുത്തത്. മർദനത്തിൽ കേൾവി ശക്തി നഷ്ടമായെന്നാണ് വിനീത് ആരോപിക്കുന്നത്. 10 വർഷം എടുത്താണ് കേസില്‍ വിനീത് തന്റെ നിരപരാധിത്വം തെളിയിച്ചത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം