മട്ടന്നൂരിൽ വൻ ജ്വല്ലറി തട്ടിപ്പ്: മൈ ഗോൾഡ് ജ്വല്ലറിഉടമകൾ ഉൾപ്പെടെ ആറു പേർക്കെതിരെ കേസ്

 



മട്ടന്നൂര്‍: പഴയ സ്വര്‍ണാഭരണം നിക്ഷേപിച്ചാല്‍ പണം ഈടാക്കാതെ  അതേ തൂക്കത്തിന് പുതിയ സ്വര്‍ണാഭരണം നല്‍കുമെന്നും ആഴ്ചയിലും മാസത്തിലും നിശ്ചിത തുക നിക്ഷേപിച്ചാല്‍ മുന്‍കൂറായി സ്വര്‍ണാഭരണം നല്‍കുമെന്നും വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത് ജ്വല്ലറി ഉടമകള്‍ മുങ്ങി. മട്ടന്നൂരിലെ മൈ ഗോള്‍ഡ് ജ്വല്ലറി പാര്‍ട്ണര്‍മാരായ മുഴക്കുന്നിലെ തഫ്‌സീര്‍, ഫാസില്‍ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി. കൂത്തുപറമ്പ് എ.സി.പി: കെ.വി പ്രമോദന്റെ നിര്‍ദേശപ്രകാരം മട്ടന്നൂര്‍ സി.ഐ: എ. അനില്‍കുമാര്‍, എസ്.ഐ: വിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. തട്ടിപ്പിനിരയായ എളമ്പാറയിലെ ഷഫീലിന്റെ പരാതിയിലാണ് കേസെടുത്തത്. ഷഫില്‍ പരാതി നല്‍കിയതിന് പിറകെ നിരവധി പേര്‍ സമാന പരാതിയുമായി മട്ടന്നൂര്‍ പോലീസ് സ്റ്റേഷനിലെത്തി. 

പഴയ സ്വര്‍ണാഭരണത്തിന് അതേ തൂക്കത്തില്‍ പുതിയ സ്വര്‍ണാഭരണം നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് ഷഫീലില്‍ നിന്ന് പണം തട്ടിയെടുത്തത്. 19,47,533 രൂപ വിലമതിക്കുന്ന പഴയ സ്വര്‍ണാഭരണമാണ് ഷഫീലില്‍ നിന്ന് കൈക്കലാക്കിയത്. എന്നാല്‍ പുതിയ സ്വര്‍ണാഭരണം നല്‍കാന്‍ തയ്യാറായില്ല.  പണം തിരിച്ചുനല്‍കിയതുമില്ല. ഇതേത്തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. 

ആഴ്ചയിലും മാസത്തിലും നിശ്ചിത തുക നിക്ഷേപിച്ചാല്‍ ഒരു ഘട്ടമെത്തുമ്പോള്‍ നിക്ഷേപിച്ച തുകയെക്കാള്‍ കൂടുതല്‍ രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണം നല്‍കുമെന്നായിരുന്നു ജ്വല്ലറിയുടെ മറ്റൊരു വാഗ്ദാനം. ഉദാഹരണത്തിന് ആഴ്ചയിലും മാസത്തിലും പണം നിക്ഷേപിച്ച് 50,000രൂപയില്‍ എത്തിയാല്‍ ഒന്നോ ഒന്നര പവനോ സ്വര്‍ണാഭരണങ്ങള്‍ നല്‍കും. ബാക്കി തുക ഗഡുക്കളായി തിരിച്ചടച്ചാല്‍ മതിയെന്നായിരുന്നു വാഗ്ദാനം. ഈ വാഗ്ദാനത്തില്‍ വിശ്വസിച്ച് നൂറുകണക്കിന് ആളുകളാണ് സ്‌കീമില്‍ ചേര്‍ന്നത്. പണം നിക്ഷേപിച്ച അവര്‍ക്കും ആഭരണം ലഭിച്ചില്ല. പണം തിരിച്ചുലഭിച്ചതുമില്ല. ജ്വല്ലറി ഇപ്പോള്‍ അടച്ചനിലയിലാണ്. ഇതോടെയാണ് വഞ്ചിക്കപ്പെട്ടൂവെന്നകാര്യം ഉപഭോക്താക്കള്‍ക്ക് മനസിലായത്. ജ്വല്ലറി പാര്‍ട്ണര്‍മാര്‍ എവിടെയാണെന്ന് വ്യക്തമല്ല. ഒളിവിലാണെന്നാണ് സൂചന.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം