മട്ടന്നൂർ മൈ ഗോൾഡ് തട്ടിപ്പ്: ആറ് പ്രതികൾ വിദേശത്തേക്ക് മുങ്ങിയെന്ന് സൂചന. പൊലിസ് ലുക്ക് ഔട്ട് നോട്ടിസിറക്കും
കണ്ണൂർ :മട്ടന്നൂർ നഗരത്തിലെ മൈഗോൾഡ് ജൂവലറി കേന്ദ്രീകരിച്ച് നടന്ന നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതികളായ ആറു പേർ വിദേശത്തേക്ക് കടന്നതായി പൊലിസിന് സൂചന ലഭിച്ചു. ഉടമകളായ ആറു പേരാണ് ജ്വല്ലറി പൂട്ടി നിക്ഷേപകരുടെ പണവുമായി മുങ്ങിയത്. പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. അതുകൊണ്ടുതന്നെ ഇവർക്കായി ലുക്ക് ഔട്ട് നോട്ടീസിറക്കാനുള്ള തീരുമാനത്തിലാണ് മട്ടന്നൂർ പൊലിസ് 'ഇതിനിടെ പ്രതികളിലൊരാളുടെ സഹോദരനെ കഴിഞ്ഞ ദിവസം
മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിക്ഷേപ തട്ടിപ്പ് കേസിലെ ഏഴാം പ്രതിയായ മുഴക്കുന്ന് സ്വദേശി ഹാഷിറി(22)നെയാണ് മട്ടന്നൂർ ഇൻസ്പെക്ടർ എം.അനിലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പഴയ സ്വർണം നിക്ഷേപിച്ചാൽ പണം ഈടാക്കാതെ അതേ തൂക്കത്തിന് പുതിയ സ്വർണം നൽകാമെന്നും നിശ്ചിത തുക വിവിധ കാലയളവിൽ നിക്ഷേപിച്ചാൽ മൂൻകൂറായി സ്വർണം നൽകുമെന്നും മറ്റും വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. പ്രതികളെ രക്ഷപ്പെടാൻ ശ്രമിച്ചതിനാണ് ഹാഷിറിനെ പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയത്.
മൈഗോൾഡ് ജൂവലറി ഉടമകളായ മുഴക്കുന്ന് സ്വദേശി തഫ്‌സീർ ഉൾപ്പടെ ആറു പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. തഫ്സീറിന്റെ സഹോദരനാണ് അറസ്റ്റിലായ ഹാഷിർ. പ്രധാന പ്രതികളെല്ലാം വിദേശത്തേക്ക്കടന്നതായാണ് വിവരം. സെപ്റ്റംബർ ആദ്യവാരം മുതൽ ജൂവലറി അടച്ചിട്ടതോടെയാണ് പണവും സ്വർണവും നഷ്‌ടപ്പെട്ടെന്ന് കാണിച്ച് പരാതിക്കാർ എത്താൻ തുടങ്ങിയത്. ഇതുവരെ 12 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. ഇതിൽ തന്നെ ഒരു കോടിയിലധികം രൂപ നഷ്‌ടപ്പെട്ടിട്ടുണ്ട്. 50ഓളം പരാതികളാണ് ആകെ ലഭിച്ചത്. 20 കോടി രൂപയുടെയെങ്കിലും തട്ടിപ്പ് നടന്നതായാണ് പോലീസ് കണക്കാക്കുന്നത്.
പ്രധാന പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഹാഷിറിൻ്റെ പേരിൽ കേസെടുത്തത്. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കാനും പ്രതികളെ നാട്ടിലെത്തിക്കാനുമുള്ള ശ്രമത്തിലാണ് പൊലിസ് ' സ്വർണ നിക്ഷേപ തട്ടിപ്പിൽ കണ്ണൂർ, ചക്കരക്കൽ, പാനൂർ എന്നിവടങ്ങളിലെ ജ്വല്ലറി ഉടമകളും ഇരയായിട്ടുണ്ട്. പഴയ സ്വർണം കൂടിയ വിലയ്ക്ക് നൽകി നടപ്പു വിലയ്ക്ക് പുതിയ സ്വർണം തിരിച്ചു നൽകാമെന്ന് വാഗ്ദ്ധാനം ചെയ്താണ് ജ്വല്ലറി ഉടമകളെ പ്രതികൾ വഞ്ചിച്ചത്.

Comments
Post a Comment