അഞ്ചാം വയസിൽ മികവിന് അന്താരാഷ്ട്ര അംഗീകാരങ്ങൾ: സേറ യുടെ നേട്ടം പയ്യാവൂരിന് അഭിമാനമായി
പയ്യാവൂര്‍: അസാധാരണമായ ഓര്‍മശക്തിയും ബുദ്ധിവൈഭവും പ്രകടമാക്കുന്ന അഞ്ചാം ക്ലാസുകാരിക്ക് ലഭിച്ച ആഗോളതല അംഗീകാരം പയ്യാവൂർ ഗ്രാമത്തിന് അഭിമാനമായി. 2025 ലെ ഗ്ലോബല്‍ ചൈല്‍ഡ് പ്രൊഡിജി അവാര്‍ഡ്സിന്റെ സര്‍ട്ടിഫിക്കറ്റ് ഓഫ് അപ്രിസിയേഷന്‍ ലഭിച്ച സേറ മരിയ ചാരിറ്റ് അഞ്ചാം വയസില്‍ ആദ്യമായി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സും ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്‌സും സ്വന്തമാക്കിയിരുന്നു. പതിനഞ്ച് വയസില്‍ താഴെയുള്ള അതുല്യപ്രതിഭകളായ കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയ ലോകത്തിലെ ആദ്യത്തെ ബാലപ്രതിഭാ പുരസ്‌കാരമാണ് ഇപ്പേള്‍ സേറക്ക് ലഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാര്‍, സിംഗപ്പൂര്‍ പ്രസിഡന്റ്, ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് എ.ആര്‍.റഹ് മാന്‍, നോബേല്‍ സമ്മാന വിജയി കൈലാസ് സത്യാര്‍ത്ഥി, കിരണ്‍ ബേദി തുടങ്ങിയ പ്രമുഖരുടെ പിന്തുണയും ഇതിനുണ്ട്.ചരിത്രത്തില്‍ ആദ്യമായി ബ്രിട്ടീഷ് പാര്‍ലമെന്റ് ഗ്ലോബല്‍ ചൈല്‍ഡ് പ്രൊഡിജി അവാര്‍ഡ്സിന് വേദിയുമായി. നൂറ്റിമുപ്പതിലേറെരാജ്യങ്ങളില്‍ നിന്നുള്ള നിരവധി നാമനിര്‍ദ്ദേശങ്ങള്‍ വിലയിയിരുത്തി ഏറ്റവും മികച്ചതായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് ഈ അംഗീകാരം നല്‍കുന്നത്.ഇന്റലിജന്റ്‌സ് മെമ്മറി ആന്‍ഡ് ഐക്യു വിഭാഗത്തിലാണ് സേറ ഈ അപ്രിസിയേഷന് അര്‍ഹയായത്.ഈ വര്‍ഷം തന്നെ ഇന്റലിജന്റ്‌സ് മെമ്മറി ആന്‍ഡ് ഐക്യു വിഭാഗത്തില്‍ ഇന്റര്‍നാഷണല്‍ സ്റ്റാര്‍ കിഡ്‌സ് അവാര്‍ഡ്‌സിന്റെ സ്റ്റാര്‍ അച്ചീവര്‍ അവാര്‍ഡുംഇഐ അസറ്റ് ടാലന്റ് സെര്‍ച്ച് യുഎഇയില്‍ നടത്തിയ പരീക്ഷയില്‍ ഗോള്‍ഡ് സ്‌കോളര്‍ അവാര്‍ഡും ഗോള്‍ഡ് മെഡലും ഈ പത്തു വയസുകാരിക്ക് നേടാന്‍ കഴിഞ്ഞു. അജ്മാനിലെ ഹാബിറ്റാറ്റ് സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സേറ വയനാട് പുല്‍പ്പള്ളി സ്വദേശി ജോജോ ചാരിറ്റിന്റെയും കണ്ണൂര്‍ ചന്ദനക്കാംപാറ സ്വദേശിനി ഡോ.ആല്‍ഫി മൈക്കിളിന്റെയും മകളാണ്.
ഒരു വയസ് പൂര്‍ത്തിയാകുന്നതിന് മുമ്പേതന്നെ സംസാരിച്ചു തുടങ്ങിയ സേറ തന്റെ മുന്നില്‍ കാണുന്നതിലെല്ലാം സംശയം ചോദിച്ചുകൊണ്ടാണ് അറിവിന്റെ ലോകത്തേക്ക് പിച്ചവച്ചത്. രണ്ടര വയസായപ്പോള്‍ നൂറ്റിപ്പത്ത് രാജ്യങ്ങളുടെ പേരും പതാകകളും, നാലാം വയസില്‍ ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, സ്വതന്ത്ര്യാനന്തരമുള്ള ഇന്ത്യയുടെ എല്ലാ പ്രധാനമന്ത്രിമാരുടെയും രാഷ്ട്രപതിമാരുടെയും പേരുകള്‍, എന്നിവ കൂടാതെ യുഎന്‍ സെക്രട്ടറി ജനറല്‍മാരുടെ പേരുകള്‍, കേരളത്തിലെ പതിനാല് ജില്ലകള്‍ എന്നിവ ഓര്‍മയില്‍ നിന്ന് തെറ്റുവരുത്താതെ പറഞ്ഞിരുന്നു. ഇതുവരെ ചന്ദ്രനില്‍ കാലുകുത്തിയ ആളുകളുടെ പേരുകളും അവര്‍ ചന്ദ്രനിലിറങ്ങിയ വര്‍ഷവും ഉള്‍പ്പെടെ മനപ്പാഠമാണ്. കണ്ണുകള്‍ മൂടിക്കെട്ടി ഇവരുടെയെല്ലാം പേരും വര്‍ഷവും 46 സെക്കന്‍ഡിനുള്ളില്‍ പറഞ്ഞുകൊണ്ടാണ് അഞ്ചാമത്തെ വയസില്‍ ആദ്യമായി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും സേറ ഇടം നേടുന്നത്. പിന്നീട് വിവിധയിനം ദിനോസുകളുടെ പേരുകള്‍ വേഗത്തില്‍ പറഞ്ഞും അവയുടെ ഫോസിലുകള്‍ കണ്ട് തിരിച്ചറിഞ്ഞും സമുദ്രജീ വികളെ വിവരിച്ചുമാണ് തുടര്‍ന്ന് ആറ് തവണ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും അഞ്ച് തവണ ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും സേറ തന്റെ പേര് നിലനിര്‍ത്തിയത്. യുഎഇയിലെ നിരവധി വേദികളില്‍ തന്റെ ഈ കഴിവുകള്‍ അവതരിപ്പിച്ച സേറ ഏവരുടേയും പ്രശംസ നേടുകയുണ്ടായി. പുസ്തകങ്ങളാണ് സേറയുടെ കൂട്ടുകാര്‍. കോവിഡ് നാളുകളില്‍ എല്ലാവരും വീടുകളില്‍ ഒതുങ്ങിക്കഴിയേണ്ട അവസ്ഥ വന്നപ്പോള്‍ സേറ ദിനോസറുകളെ സംബന്ധിച്ച പഠനത്തിലായിരുന്നു.
ആറാം വയസില്‍ ലണ്ടനിലെ വേള്‍ഡ് റെക്കോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് റെക്കോര്‍ഡ് ബ്രേക്കിംഗില്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയും നേടി. ഫോസിലുകളെ സംബന്ധിച്ച പഠനമായ പാലിയന്റോളജിയാണ് സേറയുടെ ഇഷ്ട വിഷയം. ദിനോസറുകളുടെ കഥകളും അവയുടെ വിവരണങ്ങളും ഉള്‍പ്പെടുത്തിയുള്ള ഒരു പുസ്തകത്തിന്റെ രചനയിലാണിപ്പോള്‍ സേറ മരിയ ചാരിറ്റ് എന്ന കൊച്ചു മിടുക്കി.

Comments
Post a Comment