കണ്ണൂർ വിമാന താവളത്തിന് അന്താരാഷ്ട്ര അവാർഡ്
കണ്ണൂർ: കണ്ണൂർഅന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ച അന്താാഷ്ട്ര അവാർഡ് കിയാൽ അധികൃതർ ഏറ്റുവാങ്ങി.ഏഷ്യ -പസഫിക് മേഖലയിലെ പ്രതിവർഷം 20 ലക്ഷം യാത്രക്കാരിൽ താഴെ കൈകാര്യം ചെയ്യുന്ന വിമാനത്താവളങ്ങൾക്കുള്ള എയർപോർട്ട് സർവീസ് ക്വാളിറ്റി (എഎസ്ക്യു) സർവേയിലെ ‘ബെസ്റ്റ് എയർപോർട്ട്’ അവാർഡിനാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തെ തെരഞ്ഞെടുത്തത്. സെപ്റ്റംബർ എട്ടു മുതൽ 11 വരെ ചൈനയിലെ ഗ്വാങ്സോയിൽ നടന്ന എയർപോർട്ട് കൗണ്‍സിൽ ഇന്‍റർ നാഷണൽ എക്സ്പീരിയൻസ് സമ്മിറ്റ് 2025ൽ കിയാൽ മാനേജിങ് ഡയറക്ടർ സി ദിനേശ് കുമാറും ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അശ്വനി കുമാറും എസിഐ ഡയറക്ടർ ജനറൽ ജസ്റ്റിൻ എർബാക്കി, അമഡിയസിന്‍റെ ഏഷ്യ-പസഫിക് എയർപോർട്ട്സ് ആൻഡ് ബോർഡർ അതോറിറ്റീസ് സീനിയർ വൈസ് പ്രസിഡന്‍റ് സാറ സാമുവൽ എന്നിവരിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
ഈ ആഗോള വേദിയിൽ ഇത്തരമൊരു അംഗീകാരം നേടുന്നത് കണ്ണൂർ വിമാനത്താവളത്തിനും കേരളത്തിനും അഭിമാനകരമായ നിമിഷമാണെന്നും പ്രവർത്തന മികവും, ടീമിന്‍റെ സമർപ്പണവും, യാത്രക്കാരുടെ സൗകര്യത്തിനായി ചെറിയ കാര്യങ്ങളിലെ ശ്രദ്ധയുമാണ് ഈ അംഗീകാരത്തിന് വഴിയൊരുക്കിയതെന്നും മാനേജിങ് ഡയറക്ടർ ദിനേശ് കുമാർ പറഞ്ഞു.
കേരളത്തിനാകെ അഭിമാനകരമായ ഈ പുരസ്കാരം കണ്ണൂർ എയർപോർട്ടിലെ യാത്രക്കാർക്ക് സമർപ്പിക്കുന്നതായും അദേഹം പറഞ്ഞു. കണ്ണൂർ വിമാനത്താവളത്തിന്റെ പ്രശസ്തി ഉയർത്താനും,കൂടുതൽ സേവനങ്ങൾ നൽകാനുമുള്ള വലിയ പ്രചോദനമാണ് ഈ പുരസ്കാരമെന്ന് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അശ്വനി കുമാർ അഭിപ്രായപ്പെട്ടു.
ആഗോള വ്യോമയാന മേഖലയിലെ ഏറ്റവും പ്രശസ്തമായ എസിഐ.- എഎസ്ക്യു അവാർഡുകൾ വിമാനത്താവളത്തെക്കുറിച്ചുള്ള യാത്രക്കാരുടെ നേരിട്ടുള്ള അഭിപ്രായങ്ങളെ അടിസ്ഥാനമാക്കിയാണ് നൽകുന്നത്. ശുചിത്വം, അനുബന്ധ സൗകര്യങ്ങൾ, സ്റ്റാഫിന്‍റെ പെരുമാറ്റം, കാര്യക്ഷമത, മൊത്തത്തിലുള്ള സംതൃപ്തി എന്നീ മേഖലകളിലാണ് വിലയിരുത്തൽ നടത്തുന്നത്.

Comments
Post a Comment