അര ലക്ഷത്തോളം പേരെ ഊട്ടിയ 11നാൾ : കാഞ്ചി കാമാക്ഷിയമ്മൻ കോവിലിൽ നവരാത്രി മഹോത്സവത്തിന് രഥ ഘോഷയാത്രയോടെ കൊടിയിറങ്ങി
കണ്ണൂർ : അര ലക്ഷത്തോളം ഭക്തജനങ്ങളെ സ്വീകരിച്ചു ഊട്ടി കണ്ണൂർ തെക്കി ബസാർ കാഞ്ചി കാമാക്ഷിയമ്മൻ കോവിലിലെ നവരാത്രി മഹോത്സവം സമാപിച്ചു. വിജയദശമി നാളിൽ 20ലേറെ വിഭവങ്ങളുമായി ഒരുക്കിയ മഹാ ദസറ സദ്യയിൽ ആയിരങ്ങൾ പങ്കെടുത്തു. ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് നാലു മണി വരെ മഹാ ദസറ സദ്യയ്ക്കുള്ള ജനങ്ങളുടെ ക്യൂ നീണ്ടു. കൈയ് മെയ് മറന്ന് അധ്വാനിച്ച സ്ത്രീകളും പുരുഷൻമാരടങ്ങുന്ന ഉത്സവ ആഘോഷ കമ്മിറ്റി ഒരാളെപ്പോലും ഭക്ഷണം കൊടുക്കാതെ മടക്കി അയച്ചില്ല . ഇവിടെഎല്ലാം വിഭവസമൃദ്ധമായിരുന്നു. വർഷങ്ങളായി കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്രത്തിൽ നടക്കുന്ന നവരാത്രി മഹോത്സവത്തിൽ പങ്കെടുക്കാൻ ദൂരദേശങ്ങളിൽ നിന്നു പോലും ആളുകളെത്താറുണ്ട്. പതിനൊന്ന് ദിവസങ്ങളിലും വ്യത്യസ്തമായ കലാപരിപാടികളും കുട്ടികളുടെ അരങ്ങേറ്റവും നടക്കാറുണ്ട്. വിജയദശമി ദിനത്തിൽ അലങ്കരിച്ച രഥ ഘോഷയാത്ര നഗരം പ്രദിക്ഷണം ചെയ്തു കൊണ്ടാണ് പരിപാടികൾ അവസാനിച്ചത്. കരകാട്ടം, കാവടിയാട്ടം, ശിങ്കാരിമേളം തുടങ്ങി പ്രശസ്ത തമിഴ് കലാകാരൻമാരുടെ അകമ്പടിയോടെ യാദവ തെരുവിലെ ജനങ്ങൾ നൃത്തചുവടുകൾ വെച്ചു കൊണ്ടാണ് രഥ ഘോഷയാത്ര നടത്തിയത്.

Comments
Post a Comment