കണ്ണേ മടങ്ങുക, കത്തിയമർന്നത് 20 ലേറെ കടകൾ, കോടികളുടെ നാശനഷ്ടം
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലുണ്ടായവന്‍ തീപിടുത്തം രാത്രിയിലും അണയാതെ തുടരുന്നു. മണിക്കൂറുകൾ വെള്ളം ചീറ്റി ഫയർഫോഴ്സ് യൂനിറ്റുകൾ തീയണക്കാൻ ശ്രമിച്ചുവെങ്കിലും ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല. രാത്രിയിലും നിന്നു കത്തുകയാണ് തളിപറമ്പ് നഗരത്തിലെ കടകൾ. ഇന്ന് അർദ്ധരാത്രിയോടെ മാത്രമേ തീ നിയന്ത്രണ വിധേയമാകുകയുള്ളുവെന്ന സൂചനയാണ് പുറത്തുവരുന്നത്.
തീപിടിക്കാനും എളുപ്പത്തിൽ പടരാനും സാദ്ധ്യതയുള്ള പെയിൻ്റ്, പ്ളാസ്റ്റിക്ക് ഉപകരണങ്ങൾ കത്തിയതാണ് തീ അതിൻ്റെ ഉഗ്രരൂപത്തിൽ തന്നെ തീക്ഷ്ണതയോടെ നിൽക്കാൻ കാരണമായത്.
സൂപ്പർ മാർക്കറ്റ്, പെയിൻ്റ് കട ഉൾപടെ കത്തിയമർന്നതിനാൽ ഏകദേശം 10 കോടിയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നുണ്ട്.
തളിപ്പറമ്പ് ദേശീയപാതക്ക് സമീപം നഗരസഭ ബസ്റ്റാന്റിന് തൊട്ടടുത്തുള്ള കെ.വി.കോംപ്ലക്സിലെ മിട്രെഡ്സ് എന്ന ഷോപ്പില്‍ നിന്നും ചെറിയ തീപ്പൊരിയായി പടര്‍ന്നുകയറി നിമിഷനേരം കൊണ്ട് പ്രദേശത്തെ അഗ്‌നി ഗോളം വിഴുങ്ങുകയായിരുന്നു. വ്യാഴാഴ്ച്ച
വൈകിട്ട് 4.55 നാണ് തീപിടുത്തം തുടങ്ങിയതെങ്കിലും 5.25 നാണ് കരിമ്പത്തെ തളിപ്പറമ്പ് അഗ്‌നിശമനനിലയത്തില്‍ നിന്നും അഗ്‌നിശമനസേന എത്തിയത്.
ആദ്യം ഒരു യൂണിറ്റ് മാത്രമേ എത്തിയിരുന്നുള്ളൂ അപ്പോഴേക്കും കെ.വി.കോംപ്ലക്സിലെ ഹൈവേറോഡിനോട് അഭിമുഖമായി കിടക്കുന്ന ഭാഗത്തെ കടകളിലേക്കെല്ലാം തന്നെ തീപിടര്‍ന്നിരുന്നു.
രണ്ട് നിലകളിലായി പ്രവര്‍ത്തിക്കുന്ന ഷാലിമാര്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉള്‍പ്പെടെ ഇരുപതിലേറെ കടകള്‍ തീപിടുത്തത്തില്‍ പൂര്‍ണമായി കത്തിയമര്‍ന്നു.
നഗരത്തിലെ പ്രധാന ജ്വല്ലറികളിലൊന്നായ ജയഫാഷന്‍ ജ്വല്ലറിയുടെ മുകള്‍ഭാഗത്തേക്ക് പടര്‍ന്ന തീയണക്കാന്‍ അഗ്‌നിശമനസേനകള്‍ ശ്രമിച്ചുകൊണ്ടിരിക്കയാണ്. രാത്രി ഏഴര പിന്നിടുമ്പോഴും ആളിപ്പടരുന്ന തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല.
കടുത്ത ചൂടില്‍ തീപിടിച്ച കടകള്‍ക്ക് അഭിമുഖമായുള്ള റോഡിന്റെ എതിര്‍ഭാഗത്തെ കടകളുടെ ഗ്ലാസുകള്‍ പൊട്ടിത്തെറിച്ചു.
ദേശീയപാതയില്‍ വാഹനഗതാഗതവും പൂര്‍ണമായി നിലച്ചു. കണ്ണൂരില്‍ നിന്നുള്ള വാഹനങ്ങള്‍ പഴയങ്ങാടി വഴി തിരിച്ചുവിടുകയായിരുന്നു.
കണ്ണൂര്‍, പയ്യന്നൂര്‍, തലശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍, ഇരിട്ടി തുടങ്ങി ജില്ലയിലെയും അയല്‍ ജില്ലകളിലെയും അഗ്‌നിശമന നിലയങ്ങളില്‍ നിന്നും നിരവധി യൂണിറ്റുകള്‍ തീയണക്കാനായി തളിപ്പറമ്പില്‍ എത്തിയിട്ടുണ്ട്.
പ്രാഥമിക കണക്ക്പ്രകാരം പത്തുകോടിയിലേറെ രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് ഫയർ ഫോഴ്സിൻ്റെ നിഗമനം.
തീ നിയന്ത്രണവിധേയമായാല്‍ മാത്രമേ നഷ്ടം പൂര്‍ണമായി കണക്കാക്കാന്‍ കഴിയുകയുള്ളൂ.
തളിപ്പറമ്പ് നഗരത്തിലെ പ്രധാനവ്യാപാര സമുച്ചയമായ കെ.വി.കോംപ്ലക്സില്‍ ചെറുതും വലുതുമായ അന്‍പതിലേറെ കടകളും ഓഫീസുകളും ജ്വല്ലറികളും മറ്റ് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.
ഇതിന് തൊട്ടുള്ള മെയിന്‍ റോഡിലെ സ്ഥാപനങ്ങലെ തീ ബാധിക്കാതിരിക്കാന്‍ അഗ്‌നിശമനസേന കനത്ത ജാഗ്രത പാലിക്കുന്നുണ്ട്.
തളിപറമ്പ്നഗരസഭ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, അള്ളാംകുളം മഹമ്മൂദ്, വ്യാപാരി നേതാക്കളായ കെ.എസ്.റിയാസ്, വി.താജുദ്ദീന്‍, സി.പി.എം ഏരിയാ സെക്രട്ടറി കെ.സന്തോഷ്, എ.പി.ഗംഗാധന്‍ തുടങ്ങി വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍, ഇന്‍സ്പെക്ടര്‍ പി.ബാബുമോന്‍, എസ്.ഐ ദിനേശന്‍ കൊതേരി എന്നിവരുള്‍പ്പെടെ സ്ഥലത്തെത്തിയിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ്പ്രാഥമികനിഗമനം. എന്നാൽ ഈ കാര്യം സ്ഥിരീകരിച്ചിട്ടില്ല.
പട്ടാപ്പകലുണ്ടായ തീപിടിത്തം തളിപ്പറമ്പ് നഗരത്തെ ഞെട്ടിച്ചിരിക്കുകയാണ്. ആളപായം സംഭവിക്കാത്തത് ഭാഗ്യം കൊണ്ടാണ്. വൈകുന്നേരങ്ങളിൽ തളിപറമ്പ് നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിലൊന്നാണ് നഗരസഭാ ബസ് സ്റ്റാൻഡും പരിസര പ്രദേശങ്ങളും. സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിന് യാത്രക്കാരാണ് ഇവിടെ വൈകുന്നേരങ്ങളിൽ വന്നു പോകുന്നത്.

Comments
Post a Comment