കണ്ണപുരത്തെ ബോംബേറ് സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെയെന്ന് കെ.കെ. വിനോദ്കുമാര്‍
കണ്ണൂര്‍: കണ്ണപുരത്ത് ബിജെപി കല്ല്യാശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി വിജു കെ. നാരായണന്റെ വീട്ടിന് നേരെയുണ്ടായ ബോംബാക്രമണം സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണെന്നും പോലീസ് സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളെ പോലെ പെരുമാറുകയാണെന്നും ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ അധ്യക്ഷന്‍ കെ.കെ. വിനോദ് കുമാര്‍. കണ്ണപുരത്ത് വിജുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവേ സമാധാനം നിലനില്‍ക്കുന്ന കണ്ണപുരത്ത് അക്രമം നടത്താന്‍ നേരത്തെ തന്നെ സിപിഎം നേതൃത്വം ഗൂഡാലോചന നടത്തിയിരുന്നു. ഇതിന് പോലീസ് കൂട്ടുനില്‍ക്കുകയാണ്. അക്രമവുമായി ബന്ധപ്പെട്ട് ബിജെപിയുടെ പരാതികള്‍ പരിഗണിക്കാന്‍ പോലും കണ്ണപുരം പോലീസ് തയ്യാറാകുന്നില്ല. സിപിഎമ്മിന് വേണ്ടിയാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്.വിജുവിന്റെ വീടിന് നേരെയുള്ള ആക്രമണം ഒറ്റപ്പെട്ട സംഭവമായി കാണാന്‍ സാധിക്കില്ല. കഴിഞ്ഞ ദിവസമാണ് ആര്‍എസ്എസ് കണ്ണപുരം ഖണ്ഡ് ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് നന്ദകുമാറിന്റെ വീട്ടിലേക്ക് ഒരു സംഘം സിപിഎമ്മുകാര്‍ അതിക്രമിച്ച് കയറി അക്രമം നടത്തുകയും പോസ്റ്ററൊട്ടിക്കുകയും ചെയ്തത്. ഒരു ദിവസം മുമ്പാണ് ചെറുകുന്നില്‍ ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഉയര്‍ത്തിയ ബോര്‍ഡുകള്‍ നശിപ്പിച്ചത്. ഗണേശോത്സവത്തിന്റെ സമയത്ത് കണ്ണപുരം ഭാഗത്ത് പതിനഞ്ചോളം ബോര്‍ഡുകളാണ് നശിപ്പിക്കപ്പെട്ടത്. അക്രമത്തില്‍ കൂടി അണികളെ കൂടെ നിര്‍ത്താമെന്നാണ് സിപിഎം നേതൃത്വം കണക്ക് കൂട്ടുന്നത്.ഒരു മാസം മുമ്പാണ് കീഴറയില്‍ വീട്ടില്‍ സൂക്ഷിച്ച സ്‌ഫോടക വസ്തു ശേഖരം പൊട്ടിത്തെറിച്ച് ഒരാള്‍ മരണപ്പെട്ടത്. അന്ന് ഒരു അനു മാലിക്കിനെ കുറിച്ചാണ് എല്ലാവരും പറഞ്ഞത്. എന്നാല്‍ പോലീസെത്തുന്നതിന് മുമ്പെ ഒരു സംഘം സിപിഎമ്മുകാര്‍ അവിടെയെത്തി തെളിവുകളെല്ലാം നശിപ്പിച്ചിരുന്നു. കാരണം അനു മാലിക്ക് നിര്‍മ്മിക്കുന്ന ബോംബുകള്‍ കണ്ണപുരം കല്ല്യാശ്ശേരി ഭാഗത്തെ സിപിഎമ്മുകാര്‍ ഉപയോഗിക്കുന്നുണ്ട്. ഇതേ ബോംബ് തന്നെയാണ് ബിജെപി നേതാവിന്റെ വീടിന് നേരെ എറിഞ്ഞത്. സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അറിവും സമ്മതവുമില്ലാതെ അനു മാലിക്കിന് അവിടെ സ്‌ഫോടക വസ്തുക്കളുണ്ടാക്കാന്‍ സാധിക്കില്ല.കണ്ണപുരം പോലീസ് സ്റ്റേഷനില്‍ നിന്ന് കേവലം 50 മീറ്റര്‍ അകലം മാത്രമേ വിജുവിന്റെ വീട്ടിലേക്കുള്ളു. എന്നിട്ടും ഇതുവരെ പ്രതികളെ കണ്ടെത്താന്‍ പോലസിന് സാധിക്കുന്നില്ല. ആരാണ് അക്രമം നടത്തിയതെന്ന് ബിജെപിക്ക് നല്ല ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോലീസിന്റെയും സിപിഎം നേതൃത്വത്തിന്റെയും ഭാഗത്തു നിന്ന് സമാധാന അന്തരീക്ഷം നിലനിര്‍ത്താനാവശ്യമായ നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ബിജെപി സംസ്ഥാന സമിതി അംഗം സി നാരായണൻ, കണ്ണൂര്‍ നോര്‍ത്ത് ജില്ലാ ജനറല്‍ സെക്രട്ടറി എ.പി. ഗംഗാധരന്‍, ജില്ലാ വൈസ് പ്രസിഡന്റ് ഗംഗാധരന്‍ കാളീശ്വരം, ജില്ലാ സെക്രട്ടറി അര്‍ജ്ജുന്‍ മാവിലക്കണ്ടി, അരുൺ തോമസ്, കോഴിക്കോട് മേഖലാ സെക്രട്ടറി ബാലകൃഷ്ണന്‍ പനക്കീല്‍, കല്ല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് എം പ്രകാശന്‍ , മാടായി മണ്ഡലം പ്രസിഡന്റ് സുജിത്ത് വടക്കന്‍, സെൽ കൺവീനർ രമേശൻ ചെങ്ങുനി, ജിജേഷ് അണ്ണാമല, യുവമോർച്ച ജില്ലാ പ്രസിഡന്റ് ഹേമന്ത് മാവിലക്കണ്ടി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Comments
Post a Comment