പ്രണയം നടിച്ച് വ്യാജ ചികിത്‌സകന്‍ തട്ടിക്കൊണ്ടു പോയ യുവതിയെ കാസര്‍കോട് മഹിളാമന്ദിരത്തിലേക്ക് മാറ്റി
ഇരിട്ടി: വ്യാജചികിത്‌സകനായ യുവാവ് പ്രണയം നടിച്ചു തട്ടിക്കൊണ്ടു പോയ പത്തൊമ്പതു വയസുകാരിയെ പൊലിസ് കാസര്‍കോട് മഹിളാമന്ദിരത്തിലേക്ക് മാറ്റി.യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് സര്‍ക്കാര്‍ സംരക്ഷണയിലേക്ക് കോടതി ഉത്തരവ് പ്രകാരം വിദ്യാനഗര്‍ പൊലിസ് മാറ്റിയത്
വ്യാജചികിത്‌സകനായ വിദ്യാനഗറില്‍ താമസിച്ചുവരുന്ന കാനായിയിലെ അബ്ദുള്‍ റഷീദിനൊപ്പം താന്‍ പോയത് സ്വമേധയാണെന്നാണ് യുവതി പൊലിസിന് മൊഴി നല്‍കിയത്. അതു കൊണ്ടു തന്നെ തനിക്ക് അബ്ദുള്‍ റഷീദിനെ വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും യുവതി അറിയിച്ചു. ഇയാള്‍ നേരത്തെ വിവാഹിതനാണെന്ന് പൊലിസ് അറിയിച്ചപ്പോള്‍ രണ്ടാം ഭാര്യയായി കഴിഞ്ഞോളാമെന്നായിരുന്നു മറുപടി. യുവതിയെയും വ്യാജ ചികിത്‌സകനെയും വീരാജ് പേട്ടയില്‍ നിന്നാണ് ഹൊസ്ദുര്‍ഗ് പൊലിസ് കസ്റ്റഡിയിലെടുത്തത്്. ഇരുവരുടെയും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ നിരീക്ഷിച്ചതിനു ശേഷമാണ് പൊലിസ് വീരാജ് പേട്ടയിലുണ്ടെന്ന് മനസിലാക്കിയത്. മകളെ കാണാതായെന്ന യുവതിയുടെ മാതാവിന്റെ പരാതിയിലാണ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. യുവതിയുടെ മാതാവിന്റെ അസുഖം ഭേദപ്പെടുത്താനെന്ന വ്യാജേനെയാണ് വ്യാജചികിത്‌സകന്‍ വീട്ടിലെത്തിയത്. കഴിഞ്ഞ സെപ്തംബര്‍ 22 നാണ് ഇയാള്‍ യുവതിയുമായി മുങ്ങിയത്. കോളേജിലേക്ക് പോയ യുവതിയെ വൈകുന്നേരമായിട്ടും കാണാതായതിനെ തുടര്‍ന്ന് മാതാവ് ഹൊസ്ദുര്‍ഗ് പൊലിസില്‍ പരാതി നല്‍കിയത്. ഇതിനു ശേഷം കേസെടുത്ത പൊലിസ് അന്വേഷണമാരംഭിക്കുകയായിരുന്നു. യുവതിയെയും കൊണ്ടു താന്‍ കര്‍ണാടകയിലെ ചിന്താമണിയിലേക്കാണ് ആദ്യം പോയതെന്ന് റഷീദ് മൊഴി നല്‍കിയിട്ടുണ്ട്. ഇതിനു ശേഷം എര്‍വാടി, പാലക്കാട്, കോയമ്പത്തൂര്‍, ഊട്ടി എന്നിവടങ്ങളില്‍ കറങ്ങിയതിനു ശേഷം ഇവര്‍ വീരാജ് പേട്ടയില്‍ എത്തുകയായിരുന്നു. ഇവിടെ നിന്നാണ് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓണാക്കിയതിനാല്‍ പൊലിസിന് കണ്ടു പിടിക്കാനായത്. നേരത്തെ വിവാഹിതനും കുട്ടികളുടെ പിതാവുമാണ് റഷീദെന്നാണ് വിവരം.

Comments
Post a Comment