ബി.ജെ.പി വളപട്ടണം പൊലിസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി


കണ്ണൂര്‍: സിപിഎം നേതാക്കളുടെ നിര്‍ദ്ദേശത്തിനനുസരിച്ചാണ് പോലീസ് പ്രവര്‍ത്തിക്കുന്നതെന്നും സഖാവിന്റെ പണിയെടുക്കാനാണെങ്കില്‍ അത്തരം പോലീസുകാര്‍ യൂണിഫോം അഴിച്ച് വെക്കണമെന്നും ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാര്‍. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ അക്രമിച്ച സിപിഎമ്മുകാരെ അറസ്റ്റ് ചെയ്യുക, പോലീസിന്റെ സിപിഎം വിടുപണി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബിജെപി അഴീക്കോട് നിയോജകമണ്ഡലം കമ്മറ്റി വളപട്ടണം പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്രമത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകരുടെ മൊഴിയെടുക്കുന്നത് പോലും പോലീസ് ബോധപൂര്‍വ്വം വൈകിപ്പിച്ചു. പ്രതികളൂടെ കൃത്യമായ പേര് വിവരം നല്‍കിയിട്ടും അക്രമത്തില്‍ പങ്കെടുത്തവരെ ചോദ്യം ചെയ്യാന്‍ പോലും പോലീസ് തയ്യാറായില്ല. കൃത്യമായ വകുപ്പ് ചേര്‍ത്ത് കേസെടുക്കുന്നതിലും പോലീസ് വിമുഖത കാട്ടി. മാരകമായ അക്രമമായിട്ട് പോലും ജാമ്യം ലഭിക്കാന്‍ പോലീസ് സാഹചര്യമുണ്ടാക്കി. കോടതി പറഞ്ഞിട്ടാണ് അറസ്റ്റ് ചെയ്യാത്തെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഏത് കോടതിയാണ് ഇത്തരത്തിലുള്ള നിര്‍ദ്ദേശം നല്‍കിയതെന്ന് പോലീസ് വ്യക്തമാക്കണം. അത്തരത്തിലുള്ള ഉത്തരവുണ്ടായിട്ടുണ്ടങ്കില്‍ അതിന്റെ സാഹചര്യം പരിശോധിക്കണം.

കാക്കിക്കുള്ളില്‍ സഖാക്കളാണെങ്കില്‍ അത്തരത്തില്‍ തന്നെയാണ് ബിജെപിയും പ്രതികരിക്കുക. ഭരണപക്ഷത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് പോലീസിന്റെ വില നഷ്ടപ്പെട്ടത്. കൊള്ളുന്നതിനും കൊടുക്കുന്നതിനും ബിജെപിക്ക് മടിയില്ല. എന്നാല്‍ ബിജെപി നിയമസംവിധാനത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണ്. പോലീസിന്റെ തണലിലല്ല ബിജെപി വളര്‍ന്നത്. ഇത് പോലീസ്‌സേന മനസ്സിലാക്കുന്നത് നല്ലതാണ്. പോലീസിന്റെ ഏകപക്ഷീയമായ നിലപാടാണ് നിയമസംവിധാനത്തെ തകര്‍ക്കുന്നത്. ഭരിക്കുന്ന പാര്‍ട്ടിയുടെ റക്കമന്റേഷനിലാണ് പോലീസിലെത്തിയതെങ്കില്‍ അത് പുറത്ത് വെക്കണം. കാക്കിയുടെ മഹത്വം മനസ്സിലാക്കിക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ പോലീസ് തയ്യാറാകണം. സിപിഎമ്മിന്റെ അടിമപ്പണി ചെയ്യുന്ന പോലീസ് അതില്‍ നിന്നും താഴോട്ടുപോയി. നീതി നിഷേധിക്കപ്പെട്ടാല്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ബിജെപിക്ക് അറിയാമെന്നും കെ.കെ. വിനോദ്കുമാര്‍ പറഞ്ഞു.

ചിറക്കല്‍ മണ്ഡലം പ്രസിഡന്റ് രാഹുല്‍ രാജീവ് അധ്യക്ഷത വഹിച്ചു. അഴീക്കോട് മണ്ഡലം പ്രസിഡന്റ് എസ്. വിജയ് സ്വാഗതം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.സി. മനോജ്, ജില്ലാസെക്രട്ടറി അര്‍ജ്ജുന്‍ മാവിലക്കണ്ടി എന്നിവർ സംസാരിച്ചു.

എ സുരേഷ് ബാബു, കെ. മഹേഷ്, വി.കെ. ഷൈജു, സി. രത്‌നാകരന്‍, കെ.വി. അര്‍ജ്ജുന്‍, പി.വി. അരുണാക്ഷന്‍ , സി വി സുധീർ ബാബു, കെ സുധീഷ് എന്നിവർ നേതൃത്വം നൽകി. പള്ളിക്കുളം മണ്ഡപത്തിന് സമീപത്തുനിന്നും ആരംഭിച്ച പ്രതിഷേധ മാർച്ചിൽ നിരവധി പ്രവർത്തകർ അണിനിരന്നു. വളപട്ടണം പോലീസ് സ്റ്റേഷന് സമീപം പോലീസ് ബാരിക്കെടുകൾ ഉയർത്തി മാർച്ച്  തടഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം