വയസുകാലത്ത് താങ്ങും തണലുമായി നിൽക്കേണ്ട ഭർത്താവിനെ സ്വത്തിന് വേണ്ടി അതിക്രൂരമായി കൊലപ്പെടുത്തി, പ്രതി റോസമ്മ ദയ അർഹിക്കുന്നില്ലെന്ന് കോടതി




കണ്ണൂർ : ഭര്‍ത്താവിനെ ഇരുമ്പ് പൈപ്പു കൊണ്ട് തലയ്ക്കടിച്ചുകൊന്ന് മൃതദേഹം വലിച്ചിഴച്ച് റോഡില്‍  തള്ളിയ ഭാര്യയുടെ ക്രൂരതയ്ക്ക് നീതി പീഠത്തിൻ്റെ കടുത്ത ശിക്ഷ.ജീവപര്യന്തം തടവും പിഴയും ശിക്ഷ ലഭിച്ച റോസമ്മയ്ക്ക് ഇനി കാരാഗൃഹം. ഇവരെ പൊലിസ് സുരക്ഷയോടെ കണ്ണൂർ പള്ളിക്കുന്നിലുള്ള വനിതാ ജയിലിലേക്ക് മാറ്റി.വയക്കര മൂളിപ്രയിലെ ചാക്കോച്ചന്‍ എന്ന കുഞ്ഞുമോനെ തലക്കടിച്ച് കൊന്ന കേസിലാണ് ഭാര്യ റോസമ്മയെ (62) തളിപ്പറമ്പ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ.എന്‍.പ്രശാന്ത് ജീവപര്യന്തം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്.പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം.ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ കാലയളവ് തടവ് ശിക്ഷയില്‍ നിന്ന് ഇളവ് ചെയ്യും.പയ്യന്നൂരിലെ മെഡിക്കല്‍ സ്റ്റോറില്‍ സെയില്‍സ്മാനായ ചാക്കോച്ചന്‍ 2013 ജൂലായ് അഞ്ചിന് രാത്രിയാണ് കൊല്ലപ്പെട്ടത്.ആറിന് പുലര്‍ച്ചെയോടെ റോഡില്‍ മൃതദേഹം കാണപ്പെടുകയായിരുന്നു. പെരിങ്ങോം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണിത്. തൻ്റെ വൃദ്ധയായമാതാവിനെ പരിചരിച്ചിരുന്നത് ചാക്കോച്ചനായിരുന്നു.അതിനാല്‍ മൂന്ന് ഏക്കറിലധികം വരുന്ന റബര്‍ത്തോട്ടം ചാക്കോച്ചന്റെ പേരില്‍ മാതാവ് എഴുതി നല്‍കിയിരുന്നു.ഈ സ്വത്ത് തന്റെ പേരിലാക്കണമെന്ന് പറഞ്ഞ് റോസമ്മ ചാക്കോച്ചനുമായി വഴക്കുണ്ടാക്കാറുണ്ട്..ഇങ്ങനെയുള്ള വഴക്കിനിടെ  കവുങ്ങിന് മരുന്ന് അടിക്കാനുള്ള യന്ത്രത്തിൻ്റെ ഭാഗമായഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ചാക്കോച്ചനെ റോസമ്മ അടിച്ചുകൊലപ്പെടുത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.കൊലയ്ക്ക് ശേഷം മൃതദേഹം വീട്ടിൽ നിന്നും30 മീറ്ററോളം വലിച്ചിഴച്ചും തള്ളിയും റോഡില്‍  ഉപേക്ഷിക്കുകയും ചെയ്തിരുന്നു.പിന്നീട് വീട്ടിലെ തറയിലും ചുമരിലുമുണ്ടായ രക്തക്കറ കഴുകിക്കളഞ്ഞ റോസമ്മ ആയുധം ഒളിപ്പിച്ചുവെക്കുകയും ചെയ്തു.24 സാക്ഷികളില്‍ 16 പേരെയാണ് കോടതി വിസ്തരിച്ചത്.കഴിഞ്ഞ ദിവസം തളിപ്പറമ്പ അഡീ. സെഷന്‍സ് കോടതി കേസ് പരിഗണിച്ചപ്പോള്‍ റോസമ്മയെ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു.തുടര്‍ന്ന് വിധിപറയല്‍ ശനിയാഴ്ച്ചത്തേക്ക് മാറ്റുകയായിരുന്നു.പ്രതിക്ക് വേണ്ടി ഹാജരായ അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് പ്രതി സ്ത്രീയാണെന്നും രോഗിയാണെന്നും കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്നും വാദിച്ചിരുന്നു.അതേസമയം പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഡ്വ. യു.രമേശന്‍  കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കി പ്രതിയായ റോസമ്മക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന്  വാദിച്ചു.എന്നാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെങ്കിലും ക്രൂരമായ കൊലയാണ് നടന്നതെന്ന് ജഡ്ജ് കെ.എന്‍.പ്രശാന്ത് ചൂണ്ടിക്കാട്ടി. പ്രതിയായ റോസമ്മ ദയ അർഹിക്കുന്നില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.മാരകായുധം ഉപയോഗിച്ച് ഏഴ് തവണയാണ് റോസമ്മ ഭര്‍ത്താവിനെ അക്രമിച്ചത്.തല ചിതറിക്കിടന്ന ഭര്‍ത്താവിനെ അവര്‍ 30 മീറ്ററോളം വലിച്ചിഴച്ച് റോഡില്‍തള്ളി,  ശേഷം തെളിവ് നശിപ്പിക്കാന്‍ അടിച്ചുവാരി ശുചീകരിക്കുകയും സുഗന്ധ വസ്തുക്കള്‍ വീട്ടില്‍ ഉപയോഗിക്കുകയും ചെയ്ത് റോസമ്മ ഒന്നും സംഭവിക്കാത്ത പോലെ നില്‍ക്കുകയായിരുന്നു.വയസുകാലത്ത് പരസ്പരം താങ്ങും തണലുമായി നില്‍ക്കേണ്ടതായിരുന്നു ഇരുവരും.അങ്ങനെയുള്ള 60കാരനായ ഭര്‍ത്താവിനെയാണ് പ്രതി ക്രൂരമായി കൊലപ്പെടുത്തിയത്.റോസമ്മയുടെ ശാരീരിക-മാനസിക അവശതകളോ മക്കള്‍ക്ക് മറ്റാരുമില്ലെന്ന വാദമോ നിലനില്‍ക്കില്ലെന്നും ജഡ്ജ് കെ.എന്‍.പ്രശാന്ത് പറഞ്ഞു.തളിപ്പറമ്പില്‍ അഡീഷണല്‍ സെഷന്‍സ് കോടതി പ്രവര്‍ത്തനമാരംഭിച്ചതിന് ശേഷമുള്ള ആദ്യ കൊലക്കേസ് വിധിയാണിത്.പ്രോസിക്യൂഷന് വേണ്ടി വിവിധ സമയങ്ങളില്‍ അഡ്വ. ഷെറിമോള്‍ ജോസ്, അഡ്വ. മധു എന്നിവരും ഹാജരായിരുന്നു.

നേരത്തെ താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും രോഗിയായതിനാൽ കുറ്റവിമുക്തയാക്കണമെന്നും റോസമ്മ കോടതി മുൻപാകെ ബോധിപ്പിച്ചിരുന്നുവെങ്കിലും പരിഗണിച്ചിരുന്നില്ല.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം