ശബരിമലയുടെ സ്വത്തുക്കള്‍* സംരക്ഷിക്കാത്ത* ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആ സ്ഥാനത്തിന് യോഗ്യനല്ലെന്ന് സണ്ണി ജോസഫ്
കണ്ണൂർ :ശബരിമലയുടെ സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ കഴിയാത്ത ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. കണ്ണൂർ ഡി.സി.സിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അത് സാധൂകരിക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചുമതലകളും ഉത്തരവാദിത്തങ്ങളും നിര്‍വഹിക്കുന്നതില്‍ ബോര്‍ഡിനും സര്‍ക്കാരിനും പരാജയവും പാളിച്ചയും സംഭവിച്ചു. ശബരിമലയിലെ സ്വര്‍ണ്ണപ്പാളിയില്‍ സ്വര്‍ണ്ണത്തിന് പകരം ചെമ്പാണുള്ളത്. കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ്ണം ചെമ്പാക്കിമാറ്റിയ കൃത്രിമമാണ് നടന്നത്. ഈ വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നടപടിയും മറുപടിയും തൃപ്തികരമല്ല. പ്രതികളെ സംരക്ഷിക്കുന്ന തെറ്റായ സമീപനമാണ് സര്‍ക്കാരിന്റെത്. ഇതിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രധിഷേധം സംഘടിപ്പിക്കും. ഈ മാസം ഒൻപതിന് പത്തനംതിട്ടയില്‍ ഭക്തരുടെ സംഗമം കോണ്‍ഗ്രസ് നടത്തും. എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആ പ്രതിഷേധ സംഗമത്തിന്റെ ഭാഗമാകുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ നടക്കുന്ന നിലവിലെ അന്വേഷണം പര്യാപ്തമല്ല. ഹൈക്കോടതിയുടെ നിരീക്ഷണത്തിലുള്ള അന്വേഷണമാണ് വേണ്ടത്. കേരളത്തില്‍ മാത്രമിത് ഒതുങ്ങില്ല. സംസ്ഥാനത്തിന് പുറത്ത് വിവിധ ഇടങ്ങളില്‍ ഇതുകൊണ്ടുപോയതായിട്ടാണ് മനസിലാക്കുന്നത്. അതിനാല്‍ വിശദമായ പരിശോധനയും വിപുലമായ അന്വേഷണവും വേണമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

Comments
Post a Comment