പഴശ്ശി സ്മൃതി മന്ദിരം ചരിത്ര ഗവേഷണ കേന്ദ്രമാവുന്നു: നിർമ്മാണ പ്രവൃത്തി അന്തിമ ഘട്ടത്തിൽ
മട്ടന്നൂർ : ബ്രിട്ടീഷ്കാർക്കെതിരെ പടപൊരുതിയ വീരകേരളവർമ്മ പഴശ്ശി രാജാവിൻ്റെ ഓർമ്മകൾ നിലനിർത്തുന്നതിൻ്റെ ഭാഗമായി പഴശ്ശി സ്മൃതി മന്ദിരം ചരിത്ര ഗവേഷണ കേന്ദ്രമാക്കി മാറ്റുന്നതിന്നുള്ള പ്രവർത്തി പുരോഗമിക്കുന്നു. ചരിത്ര മ്യൂസിയം, ആംഫി തിയേറ്റർ, വിശ്രമ കേന്ദ്രം, കുട്ടികൾക്ക് കളിസ്ഥലം, ഭക്ഷണശാല എന്നിവയാണ് നിർമ്മിക്കുന്നത്. നിലവിലുള്ള പഴശ്ശി സ്മൃതി മന്ദിരത്തിൻ്റ പിൻവശത്തായാണ് സ്റ്റേജും പാർക്ക് ഉൾപ്പെടെയുള്ളവയും നിർമ്മിക്കുന്നത്. രണ്ടു വർഷം മുമ്പാണ് പഴശ്ശി സ്മൃതി മന്ദിരം നവീകരണപ്രവർത്തി ടൂറിസം മന്ത്രി പി.എ. മുഹമ്മദ് നിയാസ് ഉദ്ഘാടനം ചെയ്തത്.കിഫ്ബിയിൽ നിന്ന് 2.64 കോടി രൂപ ചെലവിട്ടാണ് ടൂറിസം വകുപ്പിൻ്റെ നേതൃത്വത്തിൽ പഴശ്ശി സ്മൃതി മന്ദിരം നവീകരിക്കുന്നത്. തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്മാരക കേന്ദ്രം ഒരുക്കുന്നത്. പഴശ്ശി രാജാവിൻ്റെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തെക്കുറിച്ച് പുതിയ തലമുറയ്ക്ക് മനസ്സിലാക്കാൻ കഴിയുന്ന വിധത്തിലാണ് മ്യൂസിയം ഉൾപ്പെടെ ഒരുക്കുക. കെ ഐ ഐ ഡി സി യാണ് നവീരണ പ്രവർത്തിയുടെ പദ്ധതിരേഖ തയ്യാറാക്കിയത്.നഗരസഭ ഏറ്റെടുത്ത് ടൂറിസം വകുപ്പിന് കൈമാറിയ സ്ഥലമാണിത്. പഴശ്ശിയിൽ 2014 ലാണ് പഴശ്ശിരാജയുടെ കോവിലകം സ്ഥിതി ചെയ്തിരുന്ന സ്ഥലത്തെ കുളത്തിന് മുകളിൽ തൂണുകൾ സ്ഥാപിച്ച് കൂത്തമ്പലത്തിൻ്റെ മാതൃകയിൽ സ്മൃതി മന്ദിരം പണിതത്. പിന്നീട് 2016 ൽ സ്മൃതി മന്ദിരത്തിൽ പഴശ്ശിരാജയുടെ ഈട്ടിത്തടികൊണ്ടുള്ള പ്രതിമയും സ്ഥാപിച്ചു.
പഴശ്ശിരാജയുടെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം ഉൾപ്പെടെയുള്ളവ ഇവിടെ ചുമർ ചിത്രങ്ങളായി അവതരിപ്പിച്ചിട്ടുണ്ട്. തലശ്ശേരി പൈതൃകം ടൂറിസം പദ്ധതിയിൽ വിവിധ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ടൂറിസം സർക്യൂട്ട് സ്ഥാപിക്കാനും മുമ്പ് പദ്ധതി തയ്യാറാക്കിയിരുന്നു. ഉരുവച്ചാലിൽ നിർമ്മിക്കുന്ന കലാ സാംസ്കാരിക കേന്ദ്രത്തിലും പഴശ്ശി മൗണ്ടെയ്ൻ എന്ന പേരിൽ അഡ്വഞ്ചർ പാർക്കും മറ്റു സംവിധാനങ്ങളും ഒരുക്കുന്നുണ്ട്.

Comments
Post a Comment