വീട്ടിൽ കുട്ടികൾക്കായി ലൈബ്രറി : പദ്ധതി തുടങ്ങി
ചാല : വെള്ളൂരില്ലം എൽ പി സ്കൂൾ വിദ്യാർത്ഥികൾ വീടുകളിൽ ലൈബ്രറി ഒരുക്കിത്തുടങ്ങി. സ്വന്തമായി വില കൊടുത്തു വാങ്ങിയും സംഭാവനകൾ സ്വീകരിച്ചുമാണ് പുസ്തകങ്ങൾ സ്വരൂപിക്കുന്നത്. വീട്ടിലുള്ളവർക്കും സമീപവാസികൾക്കുംസഹപാഠികൾക്കും പ്രയോജനപ്പെടുത്താവുന്ന രീതിയിൽ കാറ്റ് ലോഗും വിതരണ റജിസ്റ്ററും തയ്യാറാക്കിയിട്ടുണ്ട്. നിരവധി മാതൃകാ പ്രവർത്തനങ്ങൾ നടത്തുന്ന ഈ വിദ്യാലയത്തിന്റെ മറ്റൊരു തനത് പരിപാടിയാണിത്. അക്ഷരായനം എന്ന് നാമകരണം ചെയ്ത ഹോം ലൈബ്രറിയുടെ ഈ വർഷത്തെ ഉദ്ഘാടനം നാലാം തരം വിദ്യാർത്ഥിനി അയാനാ ഷാജിദിൻ്റെ വീടായ ഹിൽ വ്യൂവിൽ നടന്നു.സംസ്ഥാന മലയാള പുരസ്കാര ജേതാവ് ജനു ആയിച്ചാൻകണ്ടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സജിത നിട്ടൂർ അധ്യക്ഷയായി. കെ.വി. പ്രജ്ഞാത് , സി.വി.അഫീന എന്നിവർ സംസാരിച്ചു. ഇതളുകൾ എന്ന പേരിലുള്ള ഹോം ലൈബ്രറിയിലേക്ക് സ്കൂളിൻ്റെ വകയായി പുസ്തകം സമ്മാനിച്ചു. കുട്ടികളും രക്ഷിതാക്കളുമായി ധാരാളം പേർ സന്നിഹിതരായിരുന്നു.

Comments
Post a Comment