ഇനിയും മരിക്കാത്ത കക്കാട് പുഴയിൽ ആമ്പൽ വസന്തം
കണ്ണൂർ : ദുർഗന്ധം വമിക്കുന്ന കണ്ണൂരിൻ്റെ കാളിന്തിയായി അറിയപ്പെടുന്ന കക്കാട് പുഴയിൽ ആമ്പൽ വസന്തം കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയ്ക്കു ശേഷമാണ് പുഴയിൽ നിറയെ ആമ്പൽപ്പൂകൾ വിരിഞ്ഞത്. റോഡരികിലേക്ക് വാഹനങ്ങളുമായെത്തുന്നവരും കക്കാട്ടെ ചില കടയുടമകളും - അറവ് - പ്ളാസ്റ്റിക്ക് മാലിന്യങ്ങൾ തള്ളുന്നതുകാരണം ദുർഗന്ധപൂരിതമായിരിക്കുകയാണ് കക്കാട് പുഴ. നേരത്തെ രാവിലെയും വൈകിട്ടും പ്രഭാത സവാരിക്കാരും ചെറു സംഘങ്ങളും ഇവിടെ എത്താറുണ്ടെങ്കിലും പുഴയിലെ ദുർഗന്ധം കാരണം വിട്ടു നിൽക്കുകയാണ്. നേരത്തെ കണ്ണൂർ കോർപറേഷൻ കക്കാട് പുഴ നവീകരണത്തിൻ്റെ ഭാഗമായി പദ്ധതികൾ നടപ്പിലാക്കിയെങ്കിലും വെള്ളത്തിൽ വരച്ച വര പോലെയായി അതു മാറിയിരുന്നു. വളപട്ടണം പുഴയുടെ കൈവഴികളിലൊന്നായ കക്കാട് പുഴ കൈയ്യെറുന്നതും വ്യാപകമാണ്. മണ്ണിട്ട് റോഡും സമ്മേളന മൈതാനങ്ങളും കടകളും നിർമ്മിച്ചു ഒരു കാലത്ത് തോണി വരെ വന്നിരുന്ന കക്കാട് പുഴയെ പൂർണമായും കൊല്ലുകയാണ് കൈയേറ്റമാഫിയ സംഘങ്ങൾ'

Comments
Post a Comment