രാഘവൻ മാസ്റ്റർ നാടൻ പാട്ടിന്റെ മടിശ്ശീല തീർത്ത കലാകാരൻ :ആർട്ടിസ്റ്റ് ശശികല
കണ്ണൂർ :ഓർമ്മകൾ ബാക്കിയാക്കി മലയാളികൾക്ക് എക്കാലവും മറക്കാനാവാത്ത ഗാനങ്ങൾ സമ്മാനിച്ചു കൊണ്ട് വിടപറഞ്ഞ പ്രശസ്ത സംഗീത സംവിധായകനും പദ്മശ്രീ അവാർഡ് ജേതാവുമായ കെ. രാഘവൻ മാസ്റ്റർ ഇന്ന് നമ്മോടൊപ്പമില്ല. അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞിട്ട് 12വർഷം കടന്നു പോയിരിക്കുന്നു.താൻ ഈണം പകർന്ന "കായലരികത്ത് വലയെറിഞ്ഞപ്പോൾ വളകിലുക്കിയ സുന്ദരി " എന്ന് തുടങ്ങുന്ന നിരവധി ഗ്രാമീണതയെ തൊട്ടുണർത്തുന്ന ഗാനങ്ങൾ അദ്ദേഹം ചിട്ടപ്പെടുത്തി മലയാളികൾക്ക് സമ്മാനിച്ചു. എത്രയോ വർഷത്തെ ബന്ധങ്ങൾ ഉണ്ടായിരുന്നു ഞങ്ങൾ തമ്മിലുണ്ടായിരുന്നത്.. ഞങ്ങൾ നയിക്കുന്ന ഏതൊരു സാഹിതീ സംഗമ യാത്രയും അദ്ദേഹത്തിന്റെ വസതിയിൽ എത്തി ആശീർവദിച്ചനുഗ്രഹിച്ചിട്ടായിരുന്നു കടന്നു പോകാറുള്ളത്. ഏറ്റവും ഒടുവിൽ കോഴിക്കോട് 'ചാക്യാർ വിനോദമാസിക" എനിക്ക് ഏർപ്പെടുത്തിയ "രാജാരവിവർമ്മ പുരസ്കാരം" ഏറ്റുവാങ്ങാൻ ഉള്ള വേദി ഒരുക്കിയത് രാഘവൻമാസ്റ്ററുടെ വീട്ടിലായിരുന്നു. ലോകം അറിയുന്ന സംഗീത കുലപതിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങാൻ എനിക്കുണ്ടായ ഭാഗ്യം ഞാനിന്നും ഒരു മധുര സ്മരണയായി മനസ്സിൽ സൂക്ഷിക്കുന്നു.പ്രായാധിക്യം കടന്നു പോകുമ്പോഴും പഴയ ബന്ധങ്ങൾ ഓർക്കാനും അതേക്കുറിച്ചു സംസാരിക്കുവാനും അദ്ദേഹമെന്നും വാചാലനായിരുന്നു. അതിനൊക്കെ പ്രത്യേകം താല്പര്യവും കാണിച്ചിരുന്നു. ഈ സംഗീത ചക്രവർത്തിയുടെ വേർപാട് കലാ ലോകത്തിനുണ്ടാക്കിയ വിടവ് പറഞ്ഞറിയിക്കാൻ പറ്റാത്തതാണെന്ന് നമുക്കേവർക്കും അറിയാം. അദ്ദേഹത്തിന്റെ വിയോഗം കേട്ടറിയുന്നത് തികച്ചും ഒരു ഞെട്ടലോടു കൂടിയായിരുന്നു. അനേക വർഷത്തെ ബന്ധം കാത്തുസൂക്ഷിച്ച ഈ സംഗീതാചാര്യനെ അവസാനമായി ഒരു നോക്കു കാണാൻ നേരം പുലരും മുൻപ് ഞാനുമെത്തി അദ്ദേഹത്തിന്റെ തലശ്ശേരിയിലെ വീട്ടിൽ.ചേതനയറ്റ ഭൗതികശരീരം അവസാനമായി ഒരു നോക്കുകാണാൻ... യാത്രയാക്കാൻ.. ആദരാഞ്ജലികൾ അർപ്പിക്കാൻ...എപ്പോൾ പോയാലും കുടുംബാങ്ങൾ പോലും നമ്മോട് കാണിക്കുന്ന ബഹുമാനവും സ്നേഹവും ഏറെ വലുതായിരുന്നു. ചായ സൽക്കാരം നടത്തിയേ അവർ ഏതൊരാളെയും മടക്കി അയക്കുകയുള്ളൂ.അദ്ദേഹത്തിന്റെ വേർപാട് മലയാള ഗാന ശാഖക്ക് ഒരു തീരാ നഷ്ടം തന്നെയാണ്.. ഗ്രാമീണ തയെ തൊട്ടുണർത്തുന്ന അദ്ദേഹത്തിന്റെ ഗാനങ്ങൾ മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്തതാണ്. അത് കൊണ്ട് തന്നെയാണ് ഈ ഗാനങ്ങളൊക്കെ ഇന്നും അനശ്വരമായി നിലനിൽക്കുന്നതും.

Comments
Post a Comment