പൊളിയാണ് കണ്ണൂരുകാർ, മല വെള്ളപ്പാച്ചിലിൽ ടെംപോട്രാവലർ ഒലിച്ചു പോയ സുഹൃത്തിന് അതേ പേരിൽ വാങ്ങി നൽകി




കണ്ണൂർ : സഹജീവിസ്നേഹത്തിൻ്റെയും സാഹോദര്യ മനോഭാവത്തിലും പൊളിയാണ് കണ്ണൂരുകാർ' ഉദാരമായ മനുഷ്യ സ്നേഹത്തിന് അതിർവരമ്പുകളൊന്നുമില്ല. ഇടുക്കിയിൽ വെള്ളപ്പൊക്കത്തിൽ ഉപജീവന മാർഗമായ ടെംപോ ട്രാവലർ നഷ്ടപ്പെട്ട സുഹൃത്തിന് അതേ പേരിലുള്ള വാഹനം വാങ്ങി നൽകി തുണയായിരിക്കുകയാണ് കണ്ണൂരുകാരായ രണ്ട് സുഹൃത്തുക്കൾ.ഇടുക്കിയിൽ ഒക്ടോബര്‍ 18 ലെ കനത്ത മഴയിലുണ്ടായ മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോകുന്ന ട്രാവലറിന്റെ വീഡിയോ വേദനിപ്പിക്കുന്നതായിരുന്നു. കൂട്ടാര്‍ സ്വദേശി കേളന്‍ത്തറയില്‍ ബി റെജിന്റെ ഭാര്യ അഭിജിതയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു വാഹനം. വാഹനം നഷ്ടപ്പെട്ടതോടെ പ്രതിസന്ധിയിലായ റെജിമോന് താങ്ങായിരിക്കുകയാണ് കണ്ണൂരുകാരായ സുഹൃത്തുക്കൾ.വിനായക് എന്ന് പേരുണ്ടായിരുന്ന ട്രാവലറിന് പകരം അതേ പേരിട്ട് മറ്റൊരു ട്രാവലറാണ് സുഹൃത്തുക്കള്‍ സമ്മാനിച്ചത്. വാഹനം ഒലിച്ചുപോയ കൂട്ടാര്‍ പാലത്തിന് സമീപത്തുവെച്ച് തന്നെയാണ് ഇന്നലെ വാഹനത്തിന്റെ താക്കോല്‍ റെജിമോന്‍ ഏറ്റുവാങ്ങിയത്. റെജിമോന്റെ സുഹൃത്തുക്കളും ബെംഗളൂരുവില്‍ ഐടിജീവനക്കാരുമായ കണ്ണൂര്‍ സ്വദേശികളാണ് വാഹനം വാങ്ങി നല്‍കിയത്. ഇവര്‍ക്ക് നാട്ടിലെത്താന്‍ സാധിക്കാത്തതിനാല്‍ സുഹൃത്തുക്കളെ താക്കോല്‍ കൈമാറാന്‍ ഏല്‍പ്പിക്കുകയായിരുന്നു.

19 സീറ്റുള്ള ട്രാവലാണ് വാങ്ങി നല്‍കിയത്. ഒഴുകിപ്പോയ വാഹനം 17 സീറ്റായിരുന്നു. ഡ്രൈവറായെത്തിയുള്ള പരിചയമാണ് ഇവരുമായെന്നും അത് പിന്നീട് വളരുകയായിരുന്നുവെന്നും കടപ്പാട് അറിയിച്ചുകൊണ്ട് റെജിമോന്‍ പറയുന്നു. ഒഴുകിപ്പോയ വാഹനം തിരികെ ലഭിക്കുമ്പോള്‍ പൂര്‍ണ്ണമായും നശിച്ചിരുന്നു. പുഴയിലെ കല്‍ക്കൂട്ടത്തിനിടയില്‍ തങ്ങിനിന്നിരുന്ന വാഹനം ട്രാക്ടറിന്റെ സഹായത്തോടെയാണ് കരയ്ക്കുകയറ്റിയിരുന്നത്. വാഹനത്തിന്റെ ഉടമ റെജിമോനായിരുന്നെങ്കിലും  

ഡ്രൈവര്‍മാരായ സന്തോഷ്, രാജകൃഷ്ണ എന്നിവരുടെ ഉപജീവനമായിരുന്നു ഇത്.

വെള്ളിയാഴ്ച തമിഴ്‌നാട്ടിലെ ക്ഷേത്രത്തിലേക്ക് ഓട്ടം പോയ ശേഷം വൈകിട്ട് ഏഴോടെ തിരികെയെത്തി പാര്‍ക്ക് ചെയ്ത വാഹനമാണ് ശനിയാഴ്ച രാവിലെ ഒഴുക്കില്‍പെട്ടത്. പത്തര ലക്ഷം രൂപയ്ക്ക് വാങ്ങിയ വാഹനത്തില്‍ അഞ്ചര ലക്ഷം രൂപയുടെ അധിക ജോലികളും ചെയ്തിട്ടുണ്ട്. 22,250 രൂപ പ്രതിമാസം അടവുള്ള വാഹന വായ്പ ഇനിയും രണ്ടര വര്‍ഷം ബാക്കിയുണ്ടായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം