തലശേരി അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് കാമ്പസിലെ ന്യൂജനറേഷൻ പ്രേക്ഷകരെ നേരിട്ട് ക്ഷണിച്ച് ചലച്ചിത്രതാരങ്ങൾ


തലശേരി :ലോക സിനിമയിലെ അതുല്യ സൃഷ്ടികൾ വടക്കിന്റെ മണ്ണിൽ വിരുന്നിനെത്തുന്ന തലശ്ശേരി അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് കാമ്പസിലെ ന്യൂ ജനറേഷൻ പ്രേക്ഷകരെ നേരിട്ട്  ക്ഷണിച്ച് ചലച്ചിത്രതാരങ്ങൾ. ഒക്ടോബർ 16, 17, 18, 19 തീയതികളിൽ പൈതൃക നഗരിയിൽ നടക്കുന്ന തലശ്ശേരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ (ടിഫ് 2025) പ്രചരണാർഥം ചലച്ചിത്ര താരങ്ങളായ ആശ അരവിന്ദ്, ഗീതി സംഗീതിക എന്നിവർ തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർഥികളുമായി സംവദിച്ചു. തുടർന്ന് ഫെസ്റ്റിവൽ രജിസ്‌ട്രേഷൻ ഡിസ്‌പ്ലേ ബോർഡിന്റെ പ്രകാശനവും നിർവഹിച്ചു.

തലശ്ശേരി ലിബർട്ടി തിയേറ്റർ സമുച്ചയത്തിലാണ് മേള നടക്കുക. 31 അന്താരാഷ്ട്ര സിനിമകളും 10 ഇന്ത്യൻ സിനിമകളും 14 മലയാള സിനിമകളുമടക്കം 55 സിനിമകൾ നാല് ദിവസങ്ങളിലായി പ്രദർശിപ്പിക്കും. മേളയിലേക്കുള്ള രജിസ്‌ട്രേഷൻ ഓൺലൈനിലും നേരിട്ടുമായി പുരോഗമിക്കുകയാണ്.


ഒക്ടോബർ എട്ടിന് സിനിമാതാരം കുക്കു പരമേശ്വരൻ കൂത്തുപറമ്പ് നിർമലഗിരി കോളേജിലും മട്ടന്നൂർ പഴശ്ശി രാജാ എൻ എസ് എസ് കോളേജിലും സന്ദർശനം നടത്തും. ഒൻപതിന് നടൻ സന്തോഷ് കീഴാറ്റൂർ പാലയാട് യൂണിവേഴ്‌സിറ്റി കോളേജ് ക്യാമ്പസിലും ഗവ. ബ്രണ്ണൻ കോളേജിലുമെത്തും. 10 ന് സിബി തോമസ് തോട്ടട എസ് എൻ കോളേജും ചൊക്ലി കോടിയേരി ബാലകൃഷ്ണൻ സ്മാരക കോളേജും സന്ദർശിക്കും.

കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. മുബാറക് അധ്യക്ഷനായി. ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം സംവിധായകൻ പ്രദീപ് ചൊക്ലി ഫെസ്റ്റിവലിനെക്കുറിച്ച് വിശദീകരിച്ചു. പി ടി എ ഭാരവാഹി രഞ്ജിത്ത് പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം