കേരളത്തിന്റെ വികസനത്തിന് വേണ്ടി മുന്നോട്ട് വരുന്നത് ബിജെപി മാത്രം : എസ് സുരേഷ്
കണ്ണൂര്‍: കേരളത്തിന്റെ വികസനത്തിന് വേണ്ടി നിരന്തരം മുന്നോട്ട് വരുന്നത് ബിജെപി മാത്രമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ് പറഞ്ഞു. കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ നോര്‍ത്ത് ജില്ലാ നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇടത് വലത് മുന്നണികളുടെ ഭരണത്തില്‍ കേരളം പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞു. മൂന്നേകാല്‍ കോടി ജനങ്ങളുള്ള ഈ കേരളം ഇന്ന് അഞ്ച് ലക്ഷം കോടിയുടെ കടക്കെണിയിലാണ്. ഈ കടക്കെണിയിലേക്ക് കേരളത്തെ നയിച്ചതില്‍ മാറിമറി ഭരിച്ച ഇരു മുന്നണികള്‍ക്കും തുല്ല്യപങ്കാണുള്ളത്. ഇടതു വലതു മുന്നണികള്‍ മതിയായെന്ന് കേരളത്തിലെ ഓരോ മേഖലയിലുമുള്ള ജനങ്ങള്‍ തലയില്‍ കൈവെച്ച് പറയുകയാണ്. സ്വന്തം കാലില്‍ നില്‍ക്കാനാവാതെ പരാശ്രയത്തിന്റെ ഒരു സംസ്ഥാനമായി കേരളം അധ:പതിച്ചു. ഇവിടെ അഴിമതിയും സ്വജനപക്ഷപാതവും നടമാടുന്നു. ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതാക്കള്‍ ആഭാസന്‍മാരായി മാറി. കേരളത്തിന് ഇതില്‍ നിന്ന് ഒരു മോചനമാവശ്യമാണ്. സിപിഎമ്മിലും കോണ്‍ഗ്രസ്സിലുമുള്ളവര്‍ തന്നെ ഇടതു വലതു മുന്നണി ഭരണത്തില്‍ നിന്ന് ഒരു മോചനം ആഗ്രഹിക്കുന്നു. എല്ലാവരുടെയും പ്രതീക്ഷയും നരേന്ദ്രമോദിയും ബിജെപിയും മാത്രമായി. അതുകൊണ്ട് തന്നെയാണ് വിവിധ മേഖലകളില്‍ നിന്ന് ജനങ്ങള്‍ ബിജെപിയിലേക്ക് വരുന്നത്.ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത് കേരളത്തില്‍ ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാരാണ്. കഴിഞ്ഞ 11 വര്‍ഷങ്ങളായി മോദി സര്‍ക്കാര്‍ രാജ്യത്തെ വികസനത്തിന്റെ പാതയിലേക്ക് നയിക്കുന്ന വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയാണ്. സാധാരണക്കാര്‍ മെച്ചപ്പെട്ട ജീവിതം ഉറപ്പ് വരുത്തുന്നതോടൊപ്പം ലോകത്തെ ഏത് രാജ്യത്തോടും കിടപിടിക്കുന്ന രാജ്യമായി ഭാരതം മാറി. ഇന്ത്യയുടെ ഡിജിറ്റല്‍ ഇക്കോണമി ലോകത്ത് തന്നെ അല്‍ഭുതമാണ്. എല്ലാ വിഭാഗം ജനങ്ങളും ഡിജിറ്റല്‍ ഇക്കോണമിയിലേക്ക് വന്നു. സര്‍വ്വ മേഖലയിലും വികസന മുന്നേറ്റം നമുക്ക് കാണാന്‍ സാധിക്കും. വികസിത കേരളമെന്ന മുദ്രാവാക്യമാണ് ഏറ്റവും വലിയതെന്ന് നമുക്ക് എല്ലാവിഭാഗം ജനങ്ങളെയും ബോധ്യപ്പെടുത്താന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഠിന പ്രയത്‌നം ചെയ്താല്‍ കഴിഞ്ഞ അറുപതാംണ്ട് നാം കണ്ട സ്വപ്നം അടുത്ത അറുപത് ദിവസത്തിനുള്ളില്‍ നമുക്ക് നേടിയെടുക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.കേരളത്തില്‍ മാറ്റം സാധ്യമാണ്. രാഷ്ട്രീയപരമായി നമുക്ക് സര്‍വ്വതും സാധ്യമാണെങ്കില്‍ അത് കേരളത്തിലും സാധിക്കണം. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് വീണാല്‍ പകരം ബിജെപി അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി ജി. കാശിനാഥ് സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ.പി. ഗംഗാധരന്‍ സംസ്ഥാന കമ്മിറ്റിയുടെ പ്രമേയം അവതരിപ്പിച്ചു. സി.നാരായണന്‍ (സംസ്ഥാന കമ്മിറ്റി അംഗം), ടി.സി. മനോജ് (ജില്ലാ ജനറല്‍ സെക്രട്ടറി) എന്നിവര്‍ ജില്ലാ കമ്മിറ്റിയുടെ പ്രമേയം അവതരിപ്പിച്ചു. സമാപന സമ്മേളനത്തില്‍ മേഖലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് സംസാരിച്ചു.

Comments
Post a Comment