വി.എസില്ലാതെ മറ്റൊരു പിറന്നാൾ ദിനം കൂടി, കനലണഞ്ഞെങ്കിലും ജ്വലിക്കുന്നു ഓർമ്മകൾ



കണ്ണൂർ : രാഷ്ട്രീയകേരളത്തിന്‍റെ സമര നായകൻവി എസ് അച്യുതാനന്ദന്‍റെ ജന്മദിനമാണ് ഇന്ന്. ഈ ലോകം വിട്ട് പിരിഞ്ഞെങ്കിലും വി എസ് എന്ന രണ്ടക്ഷരം രാഷ്ട്രീയ കേരളത്തിൻ്റ ആവേശമായി ഇന്നും ജ്വലിച്ചു നിൽക്കുന്നു. വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി എസ് അച്യുതാന്ദൻ തന്‍റെ ത്യാഗപൂർണമായ ജീവിതത്തിലൂടെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ വളർച്ചയില്‍ മുന്നിൽ നിന്ന് നയിച്ച നേതാവാണ്.മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സിപിഎം സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം, എൽഡിഎഫ് കണ്‍വീനർ തുടങ്ങി ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെ വിവിധ മേഖലകളിൽ വി എസ് തിളങ്ങി നിന്നു.വി എസ് അച്യുതാനന്ദന്‍ 102 -ാം വയസിലാണ്  വീരോതി ഹാസമായ സമര ജീവിതത്തിന് വിട പറഞ്ഞത്.ദേശീയസ്വാതന്ത്ര്യസമര കാലഘട്ടത്തിലും കേരള സംസ്ഥാന രൂപീകരണത്തിന് ശേഷമുള്ള തൊഴിലാളി സമരങ്ങളുടെ മുൻനിര പോരാളിയായിരുന്നു വി. എസ്.വി എസ് തികഞ്ഞ രാഷ്ട്രീയ ധാരണയുള്ള ഒരു ജനനേതാവായി വളര്‍ന്ന് വികസിച്ച് ജനങ്ങളെ തന്നോടൊപ്പവും അതുവഴി പാര്‍ട്ടിയോടൊപ്പവും ചേര്‍ത്തുപിടിച്ചു.

1923 ഒക്ടോബര്‍ 20-ാം തീയതി ശങ്കരന്റെയും അക്കമ്മയുടെയും മകനായാണ് ജനിച്ചത്. നാലാം വയസ്സില്‍ അമ്മയും 11-ാം വയസ്സില്‍ അച്ഛനും നഷ്ടപ്പെട്ടു. അതുകൊണ്ടുതന്നെ ഏഴാം ക്ലാസ്സില്‍ പഠനം നിറുത്തേണ്ടിവന്നു. തുടര്‍ന്ന് മൂത്ത സഹോദരനെ സഹായിക്കാന്‍ ഗ്രാമത്തിലെ തുന്നല്‍ക്കടയില്‍ ജോലിക്കുനിന്നു. അതിനുശേഷം കയര്‍ ഫാക്ടറിയിലും തൊഴിലാളിയായി പ്രവര്‍ത്തിച്ചു.

കുട്ടനാട്ടില്‍ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് വി എസ് അച്യുതാനന്ദന്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം പിന്നിട്ടത്. പി കൃഷ്ണപിള്ളയുടെ ഉപദേശമനുസരിച്ചായിരുന്നു വി എസ് കുട്ടനാടന്‍ മേഖലയില്‍ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിക്കുന്നത്. തുടര്‍ന്ന് സ്വാതന്ത്ര്യപ്രസ്ഥാനത്തിലേക്കും അവിടെനിന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കും എത്തിച്ചേരുകയായിരുന്നു.അമേരിക്കന്‍ മോഡലിനുവേണ്ടിയുള്ള സര്‍ സി പി രാമസ്വാമി അയ്യരുടെ കാഴ്ചപ്പാടിനെതിരായി ആലപ്പുഴയില്‍ നടന്ന പുന്നപ്ര- വയലാര്‍ പ്രക്ഷോഭത്തിന്റെ സംഘാടനത്തിന്റെ മുന്‍നിരയില്‍ വി എസ് ഉണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് 1946 ഒക്ടോബര്‍ 28-ാം തീയതി പൊലീസ് പിടിയിലായി. പൂഞ്ഞാര്‍ ലോക്കപ്പില്‍ വെച്ച് ഭീകരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നു. മര്‍ദ്ദനത്തിനിടെ തോക്കിന്റെ ബയണറ്റ് കാല്‍വെള്ളയില്‍ ആഴ്ന്നിറങ്ങി. ഇത്തരം അനേകം കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്. അഞ്ചുവര്‍ഷവും ആറുമാസവും ജയില്‍ ജീവിതവും നാലര വര്‍ഷം ഒളിവുജീവിതവും നയിച്ചിട്ടുണ്ട്.

1967 ലെ സര്‍ക്കാര്‍ പാസ്സാക്കിയ ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കാന്‍ വമ്പിച്ച പ്രക്ഷോഭം ഉയര്‍ത്തേണ്ടിവന്നു. 1970-ല്‍ സുപ്രസിദ്ധമായ ആലപ്പുഴ പ്രഖ്യാപനത്തിലൂടെ ഈ നിയമം പാസ്സാക്കാനുള്ള പോരാട്ടം പ്രഖ്യാപിക്കപ്പെട്ടു. ആ സമരത്തിന്റെ നേതൃനിരയില്‍ നിന്ന സഖാവായിരുന്നു വി എസ്. എണ്ണമറ്റ സമരങ്ങള്‍ക്ക് ഈ കാലഘട്ടത്തില്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചവയായിരുന്നു.

1938-ല്‍ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ അംഗമായി. 1940-ലാണ് വി എസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാകുന്നത്. 1957-ല്‍ അവിഭക്ത പാര്‍ട്ടിയുടെ സ്റ്റേറ്റ് സെക്രട്ടേറിയറ്റ് മെമ്പറായി. 1964-ല്‍ നാഷണല്‍ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന 32 അംഗങ്ങളില്‍ ഒരാളായിരുന്നു വി എസ്. 1980 മുതല്‍ 1992 വരെ സി പി  എം കേരള സംസ്ഥാന സെക്രട്ടറിയായിരുന്നു. 1985-ല്‍ പൊളിറ്റ് ബ്യൂറോ അംഗമായി.

ദേശാഭിമാനി പത്രത്തിന്റെയും ചിന്ത വാരികയുടെയും ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1967, 1970, 1991, 2001, 2006 വര്‍ഷങ്ങളില്‍ നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചു. 1992 മുതല്‍ 1996 വരെയും 2001 മുതല്‍ 2006 വരെയും കേരള നിയമസഭയുടെ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു. 2006 മെയ് 18-ാം തീയതിയായിരുന്നു വി എസ് കേരളത്തിലെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. വി എസിന്‍റെ വേര്‍പാട് രാഷ്ട്രീയത്തിനും കേരളത്തിന് ഇനിയും നികത്താനാവാത്ത ശൂന്യതയാണ് സൃഷ്ടിച്ചത്. ഏതൊരു കമ്യുണിസ്റ്റുകാരനെയും പോലെ പിറന്നാൾ ആഘോഷത്തിന് വലിയ പ്രാധാന്യം വി. എസ്. നൽകിയിരുന്നില്ല. മുഖ്യമന്ത്രിയായിരുന്നപ്പോഴും കുടുംബാംഗങ്ങൾക്കൊപ്പവും കഴിക്കുന്നപിറന്നാൾ സദ്യയിൽ ഒതുക്കിയിരുന്നു അദ്ദേഹത്തിൻ്റെ വിശേഷദിനം. സമരങ്ങളുടെ തീച്ചുളയിൽ വെന്തുരുകി ജീവിതാനുഭവങ്ങളുടെ ഉലയിൽ രാകി മിനുക്കി കറകളഞ്ഞെടുത്ത വജ്രശോഭയായിരുന്നു അദ്ദേഹത്തിൻ്റെ ഇതിഹാസതുല്യമായ ജീവിതം.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം