വാഹനാപകടത്തിൽ പൊലിഞ്ഞത് നാട്ടിലെത്താൻ കൊതിച്ച പ്രവാസിയുടെ ജീവൻ , ആലക്കോടിന് നടുക്കമായി ഷാജി ജോസഫിൻ്റെ ദുരന്തം
കണ്ണൂർ: ഗൾഫി ൽ നിന്നും നാട്ടിലേക്ക് എത്താൻ കൊതിച്ച പ്രവാസിക്ക് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ദാരുണാന്ത്യം. തലശേരി - മാഹി ദേശീയപാതയിലെ പുന്നോൽ ഉസൈൻമൊട്ട ബസ് സ്റ്റോപ്പിനടുത്തു വെച്ചാണ് കാർബസിലിടിച്ചു പ്രവാസിയായ മധ്യവയസ്ക്കൻദാരുണമായി മരിച്ചത്. കരിപ്പൂർ എയർപോർട്ടിൽ നിന്നും കണ്ണൂർ ആലക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാർ തലശേരിയിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന തക്വവ ലിമിറ്റഡ് സ്റ്റോപ്പ് ബസിലിടിക്കുകയായിരുന്നു. കാർ യാത്രികനായ ആലക്കോട് മണ്ണൂർ വായാട്ടു പറമ്പിലെ ഷാജി ജോസഫാണ് (64) അതിദാരുണമായി മരിച്ചത്. അപകട വിവരമറിഞ്ഞ് തലശേരിയിൽ നിന്നുമെത്തിയ ഫയർ ഫോഴ്സ് അംഗങ്ങൾ കാർ വെട്ടി പൊളിച്ചാണ് മുൻ സീറ്റിൽ ഇടതു വശക്ക് കുടുങ്ങിപ്പോയ ഷാജിയെ പുറത്തെടുത്തത്. തലശേരി സഹകരണാശുപത്രിയിലെത്തിച്ചുവെങ്കിലും ഇദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച്ച പുലർച്ചെ ഒമാനിൽ നിന്നെത്തിയ വിമാനത്തിൽ കരിപ്പൂരിൽ ഇറങ്ങിയ ഷാജിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനെത്തിയ ഭാര്യ സജിത ഉൾപ്പെടെയുള്ള ബന്ധുക്കൾ പരുക്കുകളോടെ രക്ഷപ്പെട്ടു. ഇവർ തലശേരി സഹകരണാശുപത്രിയിൽ ചികിത്സയിലാണുള്ളത്. സജിതയ്ക്ക് തലയ്ക്ക് സാരമായി മുറിവേറ്റിട്ടുണ്ട്. ശനിയാഴ്ച്ച രാവിലെ 7.45 ന് ഉസൈൻമൊട്ടയിൽ പ്ളെ ഫോം ഷോപ്പിന് സമീപത്താണ് അപകടമുണ്ടായത്. മഴയിൽ നിയന്ത്രണം വിട്ട കാറിനെ വെട്ടിച്ചൊഴിയാൻ സ്വകാര്യ ബസ് പരമാവധി ശ്രമിച്ചിരുന്നുവെന്നാണ് ദൃക് സാക്ഷികൾ നൽകുന്ന വിവരും ബസിലിടിച്ച് ഇന്നോവ തലകീഴായി മറിഞ്ഞ് എതിർ വശത്തേക്ക് മുൻഭാഗം തിരിഞ്ഞു നിന്ന നിലയിലായിരുന്നു. ബഹളവും നിലവിളിയും കേട്ടെത്തിയ പരിസരവാസികളാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. വൈകാതെ തലശേരിയിൽ നിന്നും ഫയർ ഫോഴ്സ് സീനിയർ റസ്ക്യു ഓഫീസർ കെ. എം ഷിജുവിൻ്റെ നേതൃത്വത്തിൽ അപകടമുണ്ടായ സ്ഥലത്ത് എത്തുകയായിരുന്നു. ഫയർ ഓഫീസർമാരായ സുബീഷ്, റിബിൻ, സ്വാലിഹ്, ഹോം ഗാർഡ് ഷാജി ഡ്രൈവർ പ്രജിത്ത് നാരായണൻ എന്നിവരടങ്ങുന്ന സംഘമാണ് പരുക്കേറ്റവരെ ഇന്നോവയിൽ നിന്നും പുറത്തെടുത്തത്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിൽ ഇന്നോവ പൂർണമായും തകർന്നിട്ടുണ്ട്. സ്വകാര്യ ബസിൻ്റെ ഒരു ഭാഗത്തിനും കേടുപാടുകൾ പറ്റിയിട്ടുണ്ട്.

Comments
Post a Comment