നഴ്സിംഗ് വിദ്യാർത്ഥിനി വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ.. ആശുപത്രിയിലേക്ക് കൊണ്ടുപോകവേ കാർ മറിഞ്ഞ് മരിച്ചു
കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിലെ ബേത്തൂർപാറയിൽ കിടപ്പുമുറിയിൽ ആത്മഹത്യ ശ്രമിച്ച നഴ്സിംഗ് വിദ്യാർത്ഥിനിയുമായി ആശുപത്രിയിൽ പോവുകയായിരുന്ന കാർ മറിഞ്ഞ് യുവതി മരിച്ചു. ബേത്തൂർപാറ തച്ചാർകുണ്ട് വീട്ടിൽ പരേതനായ ബാബുവിന്റെ മകൾ മഹിമയാണ് (20) മരിച്ചത്. ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് വീട്ടിലെകിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ മഹിമയെ കണ്ടത്. അമ്മ വനജയും സഹോദരൻ മഹേഷും ചേർന്ന് മഹിമയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പടിമരുതിൽ വെച്ചാണ് അപകടം സംഭവിച്ചത്.
പെൺകുട്ടിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന കാർ പടിമരുതിൽ വെച്ച് നിയന്ത്രണംവിട്ടു മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
അപകടത്തിൽപ്പെട്ടവരെ നാട്ടുകാർ ഉടൻ തന്നെ ചെർക്കള ആശുപത്രിയിൽ എത്തിച്ചെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. തൂങ്ങിയതിനാലാണോ കാർ അപകടമാണോ മഹിമയുടെ മരണകാരണമെന്ന് വ്യക്തമല്ല. മഹിമയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ജീവനുണ്ടായിരുന്നുവെന്നാണ്ലഭിക്കുന്ന പ്രാഥമിക വിവരം.
പോസ്റ്റുമോട്ടത്തിന് ശേഷം മാത്രമെ മഹിമയുടെ മരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്ന് പൊലീസ് പറഞ്ഞു. കാസർകോട്ടെ നുള്ളിപ്പാടിയിൽ നഴ്‌സിങ് വിദ്യാർഥിനിയായിരുന്നു മഹിമ. അപകടത്തിൽ മഹിമയുടെ അമ്മക്കും സഹോദരനും പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാർത്ഥിനി എന്താനാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നത് വ്യക്തമല്ല. ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത്അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments
Post a Comment