അപകടം ഉണ്ടായത് വീട്ടിൽ സർട്ടിഫിക്കറ്റെടുക്കാൻ തിരികെ വന്നപ്പോൾ; അടിമാലിക്ക് നോവായി ബിജു
ഇടുക്കി :അടിമാലിയിൽ ദേശീയപാതയ്ക്ക് സമീപം വീടിന് മുകളിൽ മണ്ണിടിഞ്ഞ് അപകടം ഉണ്ടായത് ദമ്പതികൾ വീട്ടിൽ സർട്ടിഫിക്കറ്റ് എടുക്കാൻ തിരികെയെത്തിയപ്പോൾ. ബന്ധുവീട്ടിൽ പോയ ബിജുവും കുടുംബവും ഇന്നലെ വീട്ടിൽ തിരികെയെത്തിയപ്പോഴാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം സംഭവിച്ചത്. ഇരുനില വീടിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.
നീണ്ട ആറ് മണിക്കൂർ രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് ദമ്പതികളെ മണ്ണിനടിയിൽ നിന്ന് പുറത്തെത്തിക്കാൻ കഴിഞ്ഞത്. രക്ഷാപ്രവർത്തനം വേഗത്തിൽ നടത്തിയെങ്കിലും ബിജുവിന്റെ ജീവൻ രക്ഷിക്കാൻ ആയില്ല. കാലിന് ഗുരുതരമായി പരിക്കേറ്റ സന്ധ്യയെ വിദഗ്ധ ചികിത്സയ്ക്കായി ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയായിരുന്നു. അപകടം നടക്കുന്ന സമയത്ത് ബിജുവും സന്ധ്യയും മാത്രമാണ് വീടിനകത്ത് ഉണ്ടായിരുന്നത്.സ്ഥലത്ത് മണ്ണിടിച്ചില്‍ ഭീഷണി ഉണ്ടായിരുന്നതിനാൽ ഇതിന്റെ അടിസ്ഥാനത്തില്‍ 22 ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇത്തരത്തില്‍ ബിജുവിനെയും സന്ധ്യയെയും മാറ്റിപ്പാര്‍പ്പിച്ചിരുന്നു. അപകടം അറിഞ്ഞ് നാട്ടുകാർ സ്ഥലത്തെത്തുകയും ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.

Comments
Post a Comment