മുഖ്യമന്ത്രി അയ്യപ്പ വിശ്വാസികളുടെ ക്ഷമ പരീക്ഷിക്കരുത്: കെ.സുധാകരൻ എംപി
കണ്ണൂർ: ശബരിമലയിൽ ഭക്തർ കാണിക്കയായി സമർപ്പിക്കുന്ന അമൂല്യ വസ്തുക്കൾ കടത്തിക്കൊണ്ടു പോകുന്ന ഗൂഢ സംഘം പ്രവർത്തിക്കുകയാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം കെ. സുധാകരൻ എം പി പറഞ്ഞു. സ്വർണ്ണപാളി കാണാതായ സംഭവം ലാഘവത്തോടെയാണ് സർക്കാർ കൈകാര്യം ചെയ്യുന്നത്. ദേവസ്വം ബോർഡ് പ്രസിഡൻ്റി എം വകുപ്പ് മന്ത്രിക്കും ഇതിൽ ഉത്തരവാദിത്വമുണ്ട്. ശബരിമലയിൽ നിന്നും പുറത്തു വരുന്ന വാർത്തകൾ അയ്യപ്പ ഭക്തരെ വേദനിപ്പിക്കുന്നതാണ്. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ മൗനം പ്രതിഷേധാർഹമാണ്. ശബരിമലയിൽ ആചാരലംഘനത്തിനായി യുവതികളെ കയറ്റാൻ സർക്കാർ സംവിധാനങ്ങളുടെ സംരക്ഷണവലയം തീർത്ത പിണറായി സർക്കാർ ഇപ്പോൾ മറ്റൊരു തരത്തിൽ ശബരിമലയിലെ വിശ്വാസധ്വംസനങ്ങൾക്ക് കൂട്ടു നിൽക്കുകയാണ്. അയ്യപ്പഭക്തരോടുള്ള അവഹേളനമാണിത്. വിഷയത്തിൽ കൃത്യമായ അന്വേഷണം പോലും നടത്താൻ സർക്കാർ തയ്യാറാകുന്നില്ല.ശബരിമലയിലെ സ്വർണ്ണപാളി നഷ്ടപ്പെട്ടതിനെ ഒരിക്കലും ലാഘവത്തോടെ കാണാനാകില്ല. ശബരിമലയെ കൊള്ളയടിക്കാൻ സർക്കാർ ഒത്താശയോടെ വലിയൊരു റാക്കറ്റ് പ്രവർത്തിക്കുന്നുണ്ട്. ശബരിമല ശ്രീകോവിലിലെ അയ്യപ്പ വിഗ്രഹം മോഷ്ടിച്ചു കൊണ്ടുപോയാൽ പോലും ഇതേ മൗനമായിരിക്കും പിണറായി വിജയൻ പുലർത്തുക. അയ്യപ്പ വിശ്വാസികളുടെ ക്ഷമ പരീക്ഷിക്കുന്ന നിലപാടിൽ നിന്നും സർക്കാർ പിന്മാറണം. അല്ലാത്ത പക്ഷം വിശ്വാസ സംരക്ഷണത്തിനായി ഒരിക്കൽ കൂടി ഭക്തജനസമൂഹത്തിന് പോരാട്ടത്തിനിറങ്ങേണ്ടി വരുമെന്നും കെ.സുധാകരൻ എം പി പറഞ്ഞു.

Comments
Post a Comment