മോഷണ കേസിൽ പ്രതിയായ നഗരസഭാ കൗൺസിലറെ നഗരസഭാ യോഗങ്ങളിൽ നിന്നും പങ്കെടുക്കുന്നതിൽ വിലക്കി
കണ്ണൂർ :മോഷണ കേസിൽ പ്രതിയായി പൊലിസ് അറസ്റ്റുചെയ്ത നഗരസഭാ കൗൺസിലറെ കൂത്തുപറമ്പ് നഗരസഭാ കൗൺസിലിൽ നിന്നും മാറ്റി നിർത്തിയതായി നഗരസഭാ ചെയർപേഴ്സൺ വി. സുജാത അറിയിച്ചു. കൗൺസിലിൻ്റെ വിശ്വാസ്യത തകർക്കുന്ന രീതിയിൽ പ്രവർത്തിച്ചതിനാണ് നടപടി. ഇനിയുള്ള കൗൺസിൽ യോഗങ്ങളിലോ നഗരസഭയുടെ മറ്റു പരിപാടികളിലോ നാലാം വാർഡ് കൗൺസി ലറായ മൂര്യാട്ടെ പി.പി രാജേഷിനെ പങ്കെടുപ്പിക്കില്ല. ഇയാളുടെ രാജിയെഴുതി വാങ്ങാനും സി.പി.എം ഭരിക്കുന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. സി.പി.എം കൂത്തുപറമ്പ് ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗമായ പി.പി രാജേഷിനെ പാർട്ടി അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷും അറിയിച്ചിരുന്നു. കൂത്തുപറമ്പ് സഹകരണാശുപത്രിയിൽ സെക്യുരിറ്റി ജീവനക്കാരനായ രാജേഷിനെതിരെ അച്ചടക്കലംഘനത്തിന് സഹകരണ വകുപ്പ് നിയമപ്രകാരമുള്ള നടപടിയും സ്വീകരിക്കും. കഴിഞ്ഞ വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12.30 നാണ് കൂത്തുപറമ്പ് നഗരസഭാ പരിധിയിലുള്ള കണിയാർ കുന്നിലെ വീട്ടിലെത്തി കണിയാർ കുന്നേ മ്മൽ പി.ജാനകിയുടെ (77) ഒരു പവൻ വരുന്ന സ്വർണ മാല രാജേഷ് കവർന്നത്. ജൂപ്പിറ്റർ സ്കൂട്ടർ റോഡരികിൽ നിർത്തി വീട്ടുമുറ്റത്ത് എത്തിയ ഇയാൾ പിൻവശത്ത് അടുക്കളയുടെ മുറ്റത്ത് നിന്നും മീൻ മുറിക്കുകയായിരുന്ന ജാനകിയുടെ കഴുത്ത് പിടിച്ചു സ്വർണ മാല കവർന്ന് സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു. നീല ജുപ്പിറ്റർ സ്കൂട്ടറിൽ നമ്പർ പ്ളേറ്റ് മറച്ചുവെച്ചാണ് മഴക്കോട്ടും ഹെൽമെറ്റും കൈയ്യുറയും ധരിച്ചു രാജേഷ് മോഷണത്തിനെത്തിയത്. മറ്റൊരാളിൽ നിന്നും താൽക്കാലികമായി ഓടിക്കാൻ വാങ്ങിയതായിരുന്നു സ്കൂട്ടർ 'സി.സി.ടി.വി കേന്ദ്രീകരിച്ചു പൊലിസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടു ദിവസത്തിനുള്ളിൽ പ്രതി കുടുങ്ങിയത്.

Comments
Post a Comment