മലയാളികളെ ഇത്രത്തോളം സ്വാധീനിച്ച ഒരു വ്യക്തിയില്ല; മലയാളികളുടെ അപര വ്യക്തിത്വമാണ് മോഹൻലാൽ’: മുഖ്യമന്ത്രി
തിരുവനന്തപുരം:മലയാളികളെ ഇത്രത്തോളം സ്വാധീനിച്ച ഒരു വ്യക്തിത്വമില്ല എന്നും മലയാളികളുടെ അപര വ്യക്തിത്വമാണ് മോഹൻലാൽ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ സർക്കാർ ആദരിക്കുന്ന ‘മലയാളം വാനോളം ലാല്‍സലാം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
20 വർഷത്തിനു ശേഷമാണ് ഈ അംഗീകാരം മലയാളത്തെ തേടിയെത്തിയത്. ഇന്ത്യൻ സിനിമയിലെ അമൂല്യമായ സിംഹാസനം സ്വന്തമാക്കിയിരിക്കുകയാണ് മോഹൻലാൽ. മോഹൻലാലിനുള്ള അംഗീകാരം മലയാള സിനിമയ്ക്കുള്ള അംഗീകാരം കൂടിയാണ്’ എന്നും മുഖ്യമന്ത്രി പറഞ്ഞു. ‘മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വഴക്കമേറിയ നടനശരീരമാണ് മോഹന്‍ലാലിന്‍റേത്. എത്രയോ തവണ ആയാസരഹിതമായ ആ അഭിനയശൈലി മലയാളികള്‍ കണ്ടു. ‘ചിത്ര’വും ‘കിലുക്ക’വും ‘വന്ദന’വും ‘തേന്മാവിന്‍ കൊമ്പത്തു’മെല്ലാം അസാമാന്യമായ ആ മെയ് വഴക്കത്തിനുള്ള ഉദാഹരണങ്ങളാണ്. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങള്‍ ഒമ്പതു തവണയാണ് മോഹന്‍ലാലിനെ തേടിയത്തെിയത്. പത്മശ്രീ, പത്മഭൂഷണ്‍, രണ്ട് സര്‍വകലാശാലകളുടെ ഡിലിറ്റ് ബിരുദങ്ങള്‍, ലെഫ്റ്റനന്‍റ് കേണല്‍ പദവി തുടങ്ങി മറ്റ് നിരവധി അംഗീകാരങ്ങള്‍. അക്കൂട്ടത്തിലാണ് ഈ പരമോന്നത ബഹുമതിയുടെ പതക്കവും ചേര്‍ത്തുവെയ്ക്കപ്പെടുന്നത്. കഴിഞ്ഞ അരനൂറ്റാണ്ടോളമായി മലയാളിക്ക് എന്നും അഭിമാനിക്കാനുള്ള നേട്ടങ്ങള്‍ ഉണ്ടാക്കിത്തരുന്ന മലയാളത്തിന്‍റെ ഇതിഹാസ താരം മോഹന്‍ലാലിനെ സംസ്ഥാന സര്‍ക്കാരിന്‍റെ അനുമോദനമറിയിക്കുന്നുവെന്നും’ മുഖ്യമന്ത്രി പറഞ്ഞു.ചടങ്ങിൽ കവി പ്രഭ വർമ്മ എഴുതിയ പ്രശസ്തിപത്രം മുഖ്യമന്ത്രി പിണറായി വിജയൻ മോഹൻലാലിന് സമർപ്പിച്ചു . ഗായിക ലക്ഷ്മി ദാസ് പ്രശസ്തിപത്രം കവിത ചൊല്ലി. ചടങ്ങിൽ വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രി സജി ചെറിയാൻ, ജി ആർ അനിൽ, തുടങ്ങിയ മന്ത്രിമാരും അടൂർ ഗോപാലകൃഷ്ണൻ, ജഗതി ശ്രീകുമാർ, നടി അംബിക തുടങ്ങി സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിച്ചു. സംഗീതോത്സവം ഉൾപ്പെടെയുള്ള വിവിധ പരിപാടികളും അരങ്ങേറി.


Comments
Post a Comment